Sorry, you need to enable JavaScript to visit this website.

റോഡിലെ ക്യാമറ മുന്‍കൂട്ടി കാണാന്‍ ഉപകരണം; 3000 റിയാല്‍ പിഴ ചുമത്തി

റിയാദ് - ഗതാഗത നിയമ ലംഘനങ്ങൾ കണ്ടെത്തി രജിസ്റ്റർ ചെയ്ത് പിഴ ചുമത്തുന്ന ഓട്ടോമാറ്റിക് സംവിധാനമായ സാഹിറിന്റെ ഭാഗമായ ക്യാമറകൾ കണ്ടെത്തുന്നതിനുള്ള ഉപകരണങ്ങൾ ഉപയോഗിക്കുന്നവർക്കെതിരെ പിഴ ചുമത്തുന്നു.

സാഹിർ ക്യാമറകൾ സ്ഥാപിച്ച സ്ഥലങ്ങൾ അറിയുന്നതിന് നിയമ വിരുദ്ധ ഉപകരണം ഘടിപ്പിച്ചതിന് ജിദ്ദയിൽ ഒരു സൗദി പൗരന് ട്രാഫിക് ഡയറക്ടറേറ്റ് 3000 റിയാൽ പിഴ ചുമത്തി. ഇത്തരത്തിൽ പെട്ട ചില ഉപകരണങ്ങൾ റഡാറുകൾ പോലെയാണ് പ്രവർത്തിക്കുന്നതെന്ന് കിഴക്കൻ പ്രവിശ്യയിലെ ട്രാഫിക് സുരക്ഷാ കമ്മിറ്റി പ്രസിഡന്റ് ഡോ. അബ്ദുൽഹമീദ് അൽമുഅജ്ജൽ പറഞ്ഞു. സാഹിർ ക്യാമറകൾ മുൻകൂട്ടി കണ്ടെത്തുന്നതു വഴി കാറുകളുടെ അമിത വേഗം കുറച്ച് നിയമ ലംഘനം രജിസ്റ്റർ ചെയ്യപ്പെടുന്നത് ഒഴിവാക്കാൻ സാധിക്കും. 
ഇത്തരം ഉപകരണങ്ങൾ ഉപയോഗിക്കുന്നത് വിലക്കുന്ന വ്യക്തമായ വാചകം ട്രാഫിക് നിയമത്തിലില്ലെങ്കിലും നിയമം മറികടക്കുന്നവർക്കെതിരെ പിഴ ഈടാക്കി വരുന്നുണ്ടെന്ന് ഡോ. അൽമുഅജ്ജൽ പറഞ്ഞു. 
സുരക്ഷാ വാഹനങ്ങളിൽ ഉപയോഗിക്കുന്നതു പോലുള്ള ഉപകരണങ്ങൾ ഘടിപ്പിക്കുന്നവർക്കെതിരെയും ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും സൗദി ട്രാഫിക് ഡയറക്ടറേറ്റ് മേധാവി മേജർ ജനറൽ മുഹമ്മദ് അൽബസ്സാമി പറഞ്ഞു. ചെക്ക് പോയന്റുകളിൽ വാഹനം നിർത്താതിരിക്കൽ, വിദ്യാർഥികളെ ഇറക്കുന്നതിനും കയറ്റുന്നതിനുമിടെ സ്‌കൂൾ ബസുകളെ മറികടക്കൽ, റെഡ് സിഗ്നൽ കട്ട് ചെയ്യൽ എന്നീ നിയമ ലംഘനങ്ങൾക്കും 3000 റിയാൽ തോതിലാണ് പിഴ ചുമത്തുന്നത്. 
രണ്ട് മാസം മുമ്പ് പ്രാബല്യത്തിലായ പരിഷ്‌കരിച്ച ഗതാഗത നിയമം അനുസരിച്ച് നിയമ ലംഘനങ്ങൾക്കുള്ള പിഴ വലിയ തോതിൽ ഉയർത്തിയിട്ടുണ്ട്. ഒരു മാസത്തിനകം അടച്ചിട്ടില്ലെങ്കിൽ പിഴ സംഖ്യ പരമാവധി തുകയായി ഉയരുന്ന പഴയ രീതി അവസാനിപ്പിച്ചു. പഴയ നിയമം അനുസരിച്ച് ഗതാഗത നിയമ ലംഘനങ്ങൾക്ക് കൂടിയ പിഴയും കുറഞ്ഞ പിഴയുമുണ്ടായിരുന്നു. 30 ദിവസത്തിനകം അടയ്ക്കുകയാണെങ്കിൽ കുറഞ്ഞ തുക പിഴയായി അടച്ചാൽ മതിയായിരുന്നു. ഒരു മാസത്തിനു ശേഷമാണ് അടയ്ക്കുന്നതെങ്കിൽ കൂടിയ തുക ഒടുക്കേണ്ടിവരുമായിരുന്നു. പുതിയ ഭേദഗതി പ്രകാരം മിനിമം തുകയാണ് നിയമ ലംഘകരുടെ പേരിൽ പിഴയായി ചുമത്തുന്നത്. നിയമ ലംഘനങ്ങൾ ഒരു വർഷത്തിനിടെ വീണ്ടും ആവർത്തിക്കുന്ന പക്ഷം നിയമ ലംഘകർക്ക് രണ്ടാം തവണ കൂടിയ തുക പിഴ ചുമത്തും. ഒരു വർഷത്തിനുള്ളിൽ മൂന്നാമതും അതേ നിയമ ലംഘനം നടത്തുന്ന ഡ്രൈവർമാർക്ക് തടവ് ശിക്ഷ വിധിക്കുന്നതിന് കേസ് പ്രത്യേക കോടതിക്ക് കൈമാറും. 
ഗതാഗത നിയമ ലംഘനത്തിന് പിഴ ചുമത്തിയതായി അറിയിച്ച് ആറു മാസം പിന്നിട്ടിട്ടും പിഴ അടയ്ക്കാത്ത പക്ഷം നിയമ ലംഘകർക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതിന് പരിഷ്‌കരിച്ച ട്രാഫിക് നിയമം അനുശാസിക്കുന്നു. ഗതാഗത നിയമ ലംഘനങ്ങൾക്ക് ചുമത്തപ്പെടുന്ന പിഴ 20,000 റിയാലിലെത്തുന്ന പക്ഷവും നിയമ ലംഘകർക്കെതിരായ കേസുകൾ പ്രത്യേക കോടതിക്ക് കൈമാറും. ഇത്തരം സാഹചര്യങ്ങളിൽ പിഴ ഒരു മാസത്തിനകം അടയ്ക്കൽ നിർബന്ധമാണെന്ന് നിയമ ലംഘകരെ അറിയിക്കും. ഇതിനകം പിഴ അടയ്ക്കാത്ത പക്ഷം ഈ കേസുകളും കോടതിക്ക് കൈമാറുകയാണ് ചെയ്യുക. പിഴ ഒടുക്കുന്നതു വരെ സർക്കാർ വകുപ്പുകളിൽ നിന്നുള്ള സേവനങ്ങൾ നിയമ ലംഘകർക്ക് വിലക്കുന്നതിനാണ് കോടതി വിധിക്കുക. 
ഗുരുതരമായ അപകടങ്ങൾക്ക് കാരണക്കാരാകുന്നവർക്ക് കടുത്ത ശിക്ഷകളാണ് പരിഷ്‌കരിച്ച ട്രാഫിക് നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നത്. ആളപായത്തിനും അംഗഭംഗത്തിനും ഇടയാക്കുന്ന വാഹനാപകടങ്ങൾക്ക് കാരണക്കാരാകുന്ന ഡ്രൈവർമാർക്ക് നാലു വർഷം വരെ തടവും രണ്ടു ലക്ഷം റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കും. ഭേദമാകുന്നതിന് 15 ദിവസം വരെ വേണ്ടിവരുന്ന പരിക്കുകൾക്ക് ഇടയാക്കുന്ന വാഹനാപകടങ്ങൾക്ക് കാരണക്കാരാകുന്ന ഡ്രൈവർമാർക്ക് രണ്ടു വർഷം വരെ തടവും ഒരു ലക്ഷം റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കും. നിയമ ലംഘനങ്ങൾക്ക് കസ്റ്റഡിയിലെടുക്കുന്ന വാഹനങ്ങൾ വിട്ടെടുക്കുന്നതിന് 90 ദിവസത്തിനകം സമീപിക്കാത്തവരുടെ വാഹനങ്ങൾ ലേലത്തിൽ വിൽപന നടത്തും. 

Latest News