എഴുപത്തിമൂന്നാമത് സന്തോഷ് ട്രോഫി ഫുട്‌ബോളിന്റെ ദക്ഷിണ മേഖലാ യോഗ്യതാ റൗണ്ടില്‍ നിന്ന് മുന്നേറാന്‍ കേരളത്തിന് ഇനി രണ്ട് നിര്‍ണായക മത്സരങ്ങള്‍. നാളെ രാവിലെ പുതുച്ചേരിയെയും അവസാന മത്സരത്തില്‍ മുന്‍ ചാമ്പ്യന്മാരായ സര്‍വീസസിനെയും കേരളം നേരിടും. കേരളം ആദ്യ കളിയില്‍ തെലങ്കാനയുമായി സമനില വഴങ്ങിയിരുന്നു. കേരളത്തിനും തെലങ്കാനക്കും ഒരു പോയന്റ് വീതവും സര്‍വീസസിന് മൂന്നു പോയന്റുമാണ്. നാളെ സര്‍വീസസ് തെലങ്കാനയെ തോല്‍പിച്ചാല്‍ കേരളത്തിന് അവസാന മത്സരത്തില്‍ സര്‍വീസസിനെ കീഴടക്കേണ്ടി വരും.
കര്‍ണാടക മറുപടിയില്ലാത്ത അഞ്ചു ഗോളിന് ആന്ധ്രാപ്രദേശിനെ തകര്‍ത്തു. കഴിഞ്ഞ വര്‍ഷത്തെ സെമി ഫൈനലിസ്റ്റുകളാണ് കര്‍ണാടക. കഴിഞ്ഞ ദിവസം ആതിഥേയരായ തമിഴ്‌നാടിനെ ആന്ധ്ര വിറപ്പിച്ചിരുന്നു. ആദ്യമായി ഇവിടെ കളിക്കുന്ന കര്‍ണാടകക്കെതിരെയും മികച്ച പ്രകടനമാണ് ആന്ധ്രയില്‍ നിന്ന് പ്രതീക്ഷിച്ചിരുന്നത്.
ആന്ധ്ര നന്നായി ചെറുത്തുനിന്നെങ്കിലും കര്‍ണാടകയുടെ സമ്മര്‍ദ്ദം താങ്ങാവുന്നതിലേറെയായിരുന്നു. മുപ്പത്തിരണ്ടാം മിനിറ്റില്‍ ചെറിയ പ്രതിരോധപ്പിഴവ് മുതലാക്കി ഡിഫന്റര്‍ ലിയോണ്‍ അഗസ്റ്റിന്‍ കര്‍ണാടകയെ മുന്നിലെത്തിച്ചു. കൂടുതല്‍ ക്ഷതമേല്‍ക്കാതെ ആന്ധ്ര ആദ്യ പകുതി അവസാനിപ്പിച്ചു. എന്നാല്‍ രണ്ടാം പകുതിയില്‍ പത്തു മിനിറ്റിനിടെ രണ്ട് പെനാല്‍ട്ടി വഴങ്ങിയതോടെ ആന്ധ്ര തകര്‍ന്നു. പിന്നില്‍ നിന്നുള്ള ടാക്ലിംഗിനായിരുന്നു പെനാല്‍ട്ടികള്‍. സുനില്‍കുമാറും മന്‍വീര്‍ സിംഗും അവ ഗോളാക്കി. ഇഞ്ചുറി ടൈമില്‍ ശഫീലും നിഖില്‍രാജും രണ്ടു ഗോളുകള്‍ കൂടി നേടി.