തിരുവനന്തപുരം - നേരെ വാ നേരെ പോ മട്ടുകാരനാണ് എല്ലാ കാലത്തും ബി.ജെ.പി നേതാവ് ഒ. രാജഗോപാൽ. അതുകൊണ്ട് തന്നെ ബി.ജെ.പി ഇതാ കേരളം ഭരിക്കാൻ പോകുന്നു എന്നൊക്കെ പറഞ്ഞ് ആളുകളെ പേടിപ്പിക്കാനൊന്നും അദ്ദേഹത്തെ കിട്ടില്ല. തന്റെ പാർട്ടി അടുത്ത കാലത്തൊന്നും കേരളം ഭരിക്കാൻ പോകുന്നില്ലെന്നദ്ദേഹം സന്ദർഭവശാൽ പറഞ്ഞത് ധന വിനിയോഗ ബിൽ ചർച്ചക്കിടയിലാണ്. 'ബിജെപി കേരളം ഭരിച്ചിട്ടില്ല, അടുത്തെങ്ങും ഭരിക്കാനും പോകുന്നില്ല എന്നിട്ടും കേരളത്തിൽ ഇത്രയും തൊഴിലില്ലായ്മ രൂക്ഷമായത് എങ്ങനെ'യെന്നായിരുന്നു ഒ. രാജഗോപാലിന്റെ ചോദ്യം. ഒ. രാജഗോപാലിന്റെ ഇത്തരം തുറന്നു പറച്ചിലുകൾ അദ്ദേഹത്തിന്റെ പാർട്ടിയെ അനുദിനം വെട്ടിലാക്കുന്നതൊന്നും പ്രായത്തിന്റെ പടവ് കയറിയ രാജഗോപാലിന് പ്രശ്‌നമേ അല്ല. ബിൽ ചർച്ചയുടെ തുടക്കക്കാരനായ സി.പി.എമ്മിലെ കെ.സി. രാജഗോപാലിന്റെ പ്രസംഗം പതിവ് പോലെ ലോക നിലവാരത്തിലുള്ള സാമൂഹ്യ ചിന്തകരുടെ ഉദ്ധരണികളാൽ നിറഞ്ഞു. ഉദ്ധരണികൾ സമർഥമായി മുഖ്യമന്ത്രി പിണറായി വിജയനിലും ഇടതു സർക്കാരിലും ചേർത്ത് വെച്ച രാജഗോപാൽ ഇങ്ങിനെ ഉപസംഹരിച്ചു; അലറി ആർത്തു ചിരിക്കുന്നവരുടെ ഉള്ള് പൊള്ളയായിരിക്കും. പൊരുതാൻ ഉറച്ചവരോടാണ് പൊരുതുന്നതെന്നോർമ്മവേണം.
ബി.ജെ.പി ഭരിച്ചാലെന്താ, കോൺഗ്രസ് തോറ്റു കിട്ടുമല്ലോ എന്നതല്ലെ സി.പി.എം നയമെന്ന് ബജറ്റ് പൊതു ചർച്ചയിൽ കോൺഗ്രസ് അംഗം വി.എസ് ശിവകുമാറിന്റെ ചോദ്യം. കോൺഗ്രസ് അംഗത്തിന്റെ നിലപാടിനോട് വൈകാരികമായാണ് സംഘടനാ കോൺഗ്രസ് വഴി ജനതാദളിലെത്തിയ സി.കെ. നാണു പ്രതികരിച്ചത്. കോൺഗ്രസിനെ ഇന്നത്തെ അവസ്ഥയിലെത്തിച്ചത് ആരാണെന്ന് ചിന്തിക്കാൻ മുൻ കോൺഗ്രസ്‌കാരന്റെ അഭ്യർഥന. ജയപ്രകാശ് നാരായണന്റെ ഇടപെടൽ കാരണം ജനസംഘത്തെ പോലും ഒരു ഘട്ടത്തിൽ ഗാന്ധിയൻ ആദർശം അംഗീകരിപ്പിച്ചിരുന്നു. എന്നാൽ എല്ലാം നിങ്ങൾ തകർത്തില്ലേ...? സി.കെ. നാണു ശോകം കലർന്ന സ്വരത്തിൽ ചോദിച്ചു. കോൺഗ്രസിലെ മക്കൾ രാഷ്ട്രീയത്തിലെത്തിയപ്പോൾ കോൺഗ്രസ് ബെഞ്ചിന്റെ കോറസ്; കുമാര സ്വാമി, കുമാര സ്വാമി... ഉന്നം നാണുവിന്റെ ഇപ്പോഴത്തെ നേതാവ് ദേവഗൗഡ.
ചർച്ചയിൽ സംസാരിച്ച ലീഗ് അംഗം പി.കെ. അബ്ദുറബ്ബ് പിതാവ് അവുക്കാദർകുട്ടി നഹയുമായി ബന്ധപ്പെടുത്തി കഴിഞ്ഞ ദിവസം നിയമസഭയിൽ മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ നടത്തിയ പരാമർശത്തിന് മറുപടി പറയാനാണ് തന്റെ പ്രസംഗ സമയം വിനിയോഗിച്ചത്. പരപ്പനങ്ങാടി ഹാർബറിന് 50 കൊല്ലം മുമ്പ് അവുക്കാദർ കുട്ടി നഹ തറക്കല്ലിട്ടു. ഇതുവരെ പദ്ധതി യാഥാർഥ്യമായില്ല എന്നായിരുന്നു മന്ത്രിയുടെ നിലപാട്. അങ്ങനെയൊരു തറക്കല്ലിടൽ നടന്നിട്ടില്ല. 2004ലാണ് തറക്കല്ലിടൽ നടന്നത്. രണ്ടു വിഭാഗങ്ങൾ തമ്മിലുള്ള തർക്കം കാരണം ഹാർബർ നിർമ്മാണം വൈകി. വസ്തുത ഇതായിരിക്കെയാണ് മന്ത്രിയുടെ വിലകുറഞ്ഞ പ്രസ്താവനയെന്നാണ് അബ്ദുറബ്ബിന്റെ പരാതി. ഇനി തറക്കല്ലിടൽ വേണ്ട. ഉദ്ഘാടനം നടത്തിയാൽ മതി.
സി.പി.എമ്മിലെ യു. പ്രതിഭ പിണറായി സർക്കാരിന്റെ വികസന രംഗത്തെ മുന്നേറ്റം വിവരിക്കവേ, കേരളമാകെ ഉയർന്ന ബൈപാസുകളുടെയും, മനോഹര റോഡുകളുടെയും പട്ടിക നിരത്തി. വിവാദത്തിൽപ്പെട്ട ശേഷം പി.കെ.ശശി നിയമസഭയിൽ സജീവമായത് ഇന്നലെയാണ്. ബജറ്റ് പൊതു ചർച്ചയിലും ചോദ്യോത്തര വേളയിലുമെല്ലാം ശശി നിറഞ്ഞുനിന്നു. അടിസ്ഥാനപരമായി താനൊരു റബ്ബർ കർഷകനാണെന്ന് ശശി സ്വയം പരിചയപ്പെടുത്തി. ഏതായാലും മുസ്‌ലിം ലീഗിലെ കെ.എൻ.എ ഖാദറിന്റെ പ്രസംഗം കേട്ടപ്പോൾ ശശിക്ക് ശരിക്കുമൊരു സംശയം. ഖാദർ പാർട്ടിമാറി കോൺഗ്രസായോ എന്ന്. കോൺഗ്രസ് ഒരിക്കലും നന്നാവില്ലെന്ന് ശശി ഉറപ്പിച്ചത് കഴിഞ്ഞ ദിവസം പി.ടി. തോമസ് നടത്തിയ പ്രസംഗം കേട്ടപ്പോഴാണത്രെ. കോൺഗ്രസിന്റെ പാർലമെന്റിലെ അംഗസംഖ്യ 40 ആയി ചുരുങ്ങിയതിനെ ശശി പരാമർശിച്ചപ്പോൾ ലീഗ് -കോൺഗ്രസ് അംഗങ്ങൾ പരിഹസിച്ചു- നിങ്ങൾക്കോ? ശശിയുടെ പ്രതികരണം ഇങ്ങനെ ''ഞങ്ങളുടെത് ചെറിയ പാർട്ടിയാണെന്ന് സമ്മതിക്കുന്നു. പക്ഷെ മോഡിക്ക് പേടിയുള്ള പാർട്ടിയാണെന്നോർമ്മ വേണം. ഇന്ത്യൻ യൂനിയൻ മുസ്‌ലിം ലീഗ് എന്നൊക്കെ പറഞ്ഞാൽ മോഡിക്ക് അതിന്റെ പേരു പോലും അറിയില്ല''.
പേരാമ്പ്രയിലെ പള്ളിക്ക് കല്ലെറിഞ്ഞുവെന്ന പരാതിയെപ്പറ്റി പറയവെ ജീവിതത്തിൽ ഒരേയൊരു പള്ളി മാത്രമേ സി.പി.എം പൊളിച്ചിട്ടുള്ളൂ. അത് എൺപതുകളിൽ ആര്യാടൻ മുഹമ്മദിനെതിരെ മത്സരിച്ച മുല്ലപ്പള്ളിയെ തോൽപ്പിച്ചു കൊണ്ടായിരുന്നു. 'ദുനിയാവിൽ മറ്റൊരു പള്ളിയും ഞങ്ങൾ പൊളിച്ചിട്ടില്ല.' കോൺഗ്രസിലെ വി.ടി. ബൽറാമിന്റെ പ്രസംഗം ബജറ്റിന്റെ പരിധിയിൽ ഒതുങ്ങി.
സ്വകാര്യ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രത്യേക മതവിഭാഗങ്ങൾക്ക് ആരാധനാ സൗകര്യമൊരുക്കി കൊടുക്കുന്നത് കാരണം മതനിരപേക്ഷത തകരുന്നുവെന്നാണ് സി.പി.എമ്മിലെ പി.കെ. ശശിയുടെ നിരീക്ഷണം. ഇതൊന്നവസാനിപ്പിക്കാനെന്താണ് വഴിയെന്ന് ചോദ്യോത്തര വേളയിൽ അംഗം ചോദിച്ചപ്പോൾ മന്ത്രി ഡോ.കെ.ടി. ജലീലിന്റെ മറുപടി സി.പി.എം അംഗത്തിന്റെ നിരീക്ഷണവുമായി തരിമ്പും ഒത്തുപോകുന്നതായില്ല. വിവിധ മതങ്ങളും ആരാധനാ രീതിയും നിലനിർത്തിയുള്ള മതനിരപേക്ഷതയാണ് നമുക്ക് ചേരുകയെന്ന് സ്വന്തം പാർട്ടി അംഗത്തിന് മതപക്ഷം ചേർന്ന് ജലീലിന്റെ തിരുത്ത്. ജി. സുധാകരനെപോലൊരു പൊതു മരാമത്ത് വകുപ്പ് മന്ത്രിയും, അതിനൊത്ത സംവിധാനവുമുണ്ടായിരുന്നുവെങ്കിൽ എന്നാരും ആഗ്രഹിച്ചു പോകുന്ന ജനപക്ഷ നിലപാടുമായാണ് മന്ത്രിയുടെ നിൽപ്പ്. എറണാകുളം ജില്ലയിൽ കിഫ്ബി വഴി നിർമ്മിക്കുന്ന പാലങ്ങളുടെ നിർമ്മാണം വൈകാൻ കാരണക്കാരൻ കരാറുകാരൻ ഒറ്റയാളാണ്. ഇതുപോലുള്ള കരാറുകാരെയൊക്കെ ഒഴിവാക്കിയാലേ കേരളം രക്ഷപ്പെടുകയുള്ളൂ. കരാറുകാരെ സഹായിക്കുന്ന തരത്തിൽ കോടതിയിൽ പെരുമാറുന്ന വക്കീലന്മാരും ജനദ്രോഹ പക്ഷമാണെന്ന് മന്ത്രി തുറന്നടിച്ചു.