മലപ്പുറം - വടക്കൻ കേരളത്തിൽ ഇത്തവണ ഒരു സീറ്റ് സ്ത്രീകൾക്ക് വേണമെന്ന ആവശ്യവുമായി മഹിളാ കോൺഗ്രസും രംഗത്ത്. യു.ഡി.എഫ് സീറ്റു വിഭജന ചർച്ചകൾ അടുത്ത ദിവസം നടക്കാനിരിക്കെ മഹിളകളെ പരിഗണിക്കണമെന്ന ആവശ്യമാണ് കോൺഗ്രസ് നേതൃത്വത്തിന് മുന്നിൽ മഹിളാ കോൺഗ്രസ് ശക്തമായി ഉയർത്തിക്കൊണ്ടിരിക്കുന്നത്. യൂത്ത് കോൺഗ്രസ് സീറ്റിനായി വിലപേശൽ ശക്തമാക്കിയതിന് പിന്നാലെയാണ് മഹിളാ കോൺഗ്രസും പാർട്ടി നേതൃത്വത്തെ സമ്മർദ്ദത്തിലാക്കുന്നത്.
കാസർകോട്, വയനാട് മണ്ഡലങ്ങളിലേതെങ്കിലുമൊന്നിൽ യു.ഡി.എഫിന് വനിതാ സ്ഥാനാർഥി വേണമെന്നാണ് മഹിളാ കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുള്ളത്. തെക്കൻ കേരളത്തിൽ ഒരു സീറ്റും നൽകണമെന്ന് ആവശ്യമുണ്ട്. അതേസമയം, മഹിളാ കോൺഗ്രസ് സംഘടനാ തീരുമാനപ്രകാരമല്ല ഈ ആവശ്യമെന്നും ചില വനിതാ നേതാക്കൾ സീറ്റിനായി നടത്തുന്ന ചരടുവലികളുടെ ഭാഗമാണിതെന്നും സംഘടനയിലെ ഒരുവിഭാഗം ചൂണ്ടിക്കാണിക്കുന്നു. മുസ്‌ലിം ലീഗും കേരള കോൺഗ്രസും സീറ്റുകൾ കൂട്ടി ചോദിച്ചതോടെ സമ്മർദ്ദത്തിലായ കോൺഗ്രസ് നേതൃത്വത്തെ കൂടുതൽ ആശയക്കുഴപ്പത്തിലാക്കാൻ മഹിളാകോൺഗ്രസ് ശ്രമിക്കരുതെന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം.
ന്യൂനപക്ഷ വോട്ടുകൾ കൂടുതലുള്ള വടക്കൻ കേരളത്തിൽ സ്ഥാനാർഥികളാകാൻ രണ്ടു പേരുകളാണ് പ്രധാനമായും മഹിളാകോൺഗ്രസിൽനിന്ന് ഉയരുന്നത്. എ.ഐ.സി.സി സെക്രട്ടറിയായ അഡ്വ. ഷാനിമോൾ ഉസ്മാന്റെ പേരാണ് സജീവമായി പരിഗണനയിലുള്ളത്. കേരളത്തിൽനിന്ന് എ.ഐ.സി.സിയിലെത്തിയ ആദ്യവനിതയായ ഷാനിമോൾക്ക് ദേശീയ നേതൃത്വത്തിന്റെയും സംസ്ഥാന നേതൃത്വത്തിന്റെയും പിന്തുണ കൂടുതലുണ്ട്. അഖിലേന്ത്യാ മഹിളാ കോൺഗ്രസ് സെക്രട്ടറി അഡ്വ. ഫാത്തിമ റോഷ്‌നയുടേതാണ് രണ്ടാമത്തെ പേര്. മലപ്പുറം പുളിക്കൽ സ്വദേശിയായ ഫാത്തിമ റോഷ്‌ന കേരള സംസ്ഥാന മഹിളാ കോൺഗ്രസ് വൈസ് പ്രസിഡന്റായിരുന്നു. പത്മജ വേണുഗോപാലും മൽസരിക്കാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. അതേസമയം, മധ്യകേരളത്തിലെ ഏതെങ്കിലും സീറ്റിൽ മൽസരിക്കാനാണ് പത്മജക്ക് താൽപര്യമെന്നറിയുന്നു. അതേസമയം, എ.ഐ.സി.സിയുടെ നിർദേശവുമായി മറ്റു വനിതാ നേതാക്കളാരെങ്കിലും കോൺഗ്രസ് സ്ഥാനാർഥിയായി മൽസരരംഗത്തെത്തുമോ എന്ന ആശങ്കയും മഹിളാ കോൺഗ്രസിൽ നിലനിൽക്കുന്നുണ്ട്.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രണ്ടു സീറ്റുകളിലാണ് കോൺഗ്രസിന് വേണ്ടി സ്ത്രീകൾ മൽസരിച്ചത്. ആറ്റിങ്ങൽ മണ്ഡലത്തിൽ അഡ്വ.ബിന്ദു കൃഷ്ണയും ആലത്തൂരിൽ ഷീബയും. എന്നാൽ രണ്ടിടത്തും കാര്യമായ ചലനങ്ങളുണ്ടാക്കാനാകാതെ പരാജയപ്പെടുകയായിരുന്നു. ആറ്റിങ്ങലിൽ സി.പി.എമ്മിലെ എ. സമ്പത്തിനോട് ബിന്ദുകൃഷ്ണ പരാജയപ്പെട്ടത് 69378 വോട്ടുകൾക്കാണ്. ആലത്തൂരിൽ ഷീബ സി.പി.എമ്മിലെ ബി.കെ. ബിജുവിനോട് തോറ്റത് 37312 വോട്ടുകൾക്കുമായിരുന്നു.
വിജയസാധ്യതയുള്ള സീറ്റുകൾ സ്ത്രീകൾക്ക് നൽകണമെന്ന ആവശ്യം മഹിളാ കോൺഗ്രസ് ഉന്നയിക്കുന്നുണ്ട്. വയനാട് മണ്ഡലം ആവശ്യപ്പെടുന്നത് ആ നിലക്കാണ്. എന്നാൽ കോൺഗ്രസിലെ തന്നെ പ്രമുഖ നേതാക്കൾ വയനാടിനായി ചരടുവലികൾ ആരംഭിച്ചതോടെ മഹിളാ കോൺഗ്രസിന്റെ ആവശ്യം പരിഗണിക്കപ്പെടുമോ എന്ന കാര്യത്തിൽ ഉറപ്പില്ല. കാസർകോട് മണ്ഡലത്തിൽ നേരത്തെ വനിതാ സ്ഥാനാർഥിയെ കോൺഗ്രസ് മൽസരിപ്പിച്ചെങ്കിലും വിജയിക്കാനായിരുന്നില്ല. 2009 ൽ കോൺഗ്രസ് സ്ഥാനാർഥിയായി ഷാഹിദ കമാൽ മൽസരിച്ചപ്പോൾ 64427 വോട്ടുകൾക്ക് സി.പി.എമ്മിലെ പി. കരുണാകരനോട് പരാജയപ്പെട്ടു. ഇത്തവണ വടക്കൻ കേരളത്തിൽ വനിതകൾ പരിഗണിക്കപ്പെടുകയാണെങ്കിൽ വിജയസാധ്യതയുള്ള മണ്ഡലം നൽകണമെന്ന ആവശ്യമാണ് മഹിളാ കോൺഗ്രസ് ഉന്നയിക്കുന്നത്. വയനാട് സീറ്റിനായി സമ്മർദ്ദം ചെലുത്തുന്നതും ഈ ആവശ്യത്തിന്റെ ഭാഗമാണ്.