Sorry, you need to enable JavaScript to visit this website.

അക്കൗണ്ട് തുറക്കാൻ ബി.ജെ.പി  കേരളത്തിലേക്ക് രണ്ടു ഗവർണർമാരെ അയച്ചേക്കും 

കൊച്ചി - ലോക്‌സഭയിലേക്ക് കേരളത്തിൽ നിന്ന് അക്കൗണ്ട് തുറക്കുമെന്ന് ഉറപ്പിച്ചിരിക്കുന്ന ബിജെപി നേതൃത്വത്തിന്റെ അജണ്ട നടപ്പാക്കുന്നതിന്റെ ഭാഗമായി രണ്ടു ഗവർണർമാർ വൈകാതെ കേരളത്തിലെത്തും. പി. സദാശിവത്തിന് പകരം കിരൺ ബേഡിയെ ഉടൻ നിയമിക്കുമെന്നാണറിയുന്നത്. മണിപ്പൂർ ഗവർണറായ കുമ്മനം രാജശേഖരനെ രാജിവെപ്പിച്ച് കളത്തിലിറക്കാനുള്ള നീക്കവും അന്ത്യഘട്ടത്തിലാണ്. കുമ്മനത്തെ മത്സരിപ്പിക്കാനും ആലോചന  നടക്കുന്നു. 
സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരുന്ന പി. സദാശിവം ബിജെപി നേതൃത്വത്തിന്റെ ഇംഗിതങ്ങൾക്ക് വഴങ്ങാത്ത ആളാണ്. മുഖ്യമന്ത്രി പിണറായി വിജയനുമായി അദ്ദേഹം പുലർത്തുന്ന വ്യക്തിബന്ധവും ബിജെപിയെ പ്രകോപിപ്പിക്കുന്നുണ്ട്. കേന്ദ്രത്തിൽനിന്ന് സമ്മർദമുണ്ടാകുന്ന ഘട്ടത്തിലും നിയമത്തിന്റെ നൂലമാലകൾ പൂർണ്ണമായും പരിശോധിച്ച ശേഷം മാത്രമേ സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ഇടതുസർക്കാരിന്റെ നിലപാടുകളിൽ തുടർനടപടികൾക്ക് ഗവർണർ മുതിരുന്നുള്ളൂവെന്നതാണ് ശബരിമല വിഷയത്തോടെ ബിജെപിയുടെ അപ്രീതിക്ക് വഴിവെച്ചത്. ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച് സുപ്രീം കോടതിയുടെ വിധി അന്തിമമായി നടപ്പാക്കുമെന്ന് ഉറപ്പിച്ച് കരുനീക്കിയ പിണറായിയെ തളയ്ക്കാൻ ഗവർണറെ ഉപയോഗിക്കാൻ ബിജെപി  ശ്രമിച്ചെങ്കിലും അത് വിജയിച്ചില്ല. സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി നടപ്പിലാക്കുന്നതിന് എതിരായ വാദങ്ങൾ ജസ്റ്റിസ് സദാശിവത്തിന് ബോധ്യമായില്ല. സുപ്രീം കോടതി വിധിക്കെതിരായ ഒരു നിലപാടും ഗവർണർ സ്വീകരിക്കില്ലെന്ന് വ്യക്തമായതോടെ സദാശിവത്തെ മാറ്റി പകരം ബിജെപിയോട് കൂറു പുലർത്തുന്ന ആരെയെങ്കിലും കൊണ്ടുവരാനുള്ള അന്വേഷണം തുടങ്ങി. പുതുച്ചേരി ലഫ്റ്റനന്റ് ഗവർണറായ കിരൺ ബേദിയിലാണ് അന്വേഷണം എത്തി നിന്നത്. ദൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായി രംഗത്ത് എത്തിയ കിരൺ ബേദിയെ പിന്നീട് പുതുച്ചേരി ലഫ്. ഗവർണ്ണറായി കേന്ദ്ര സർക്കാർ നിയമിക്കുകയായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ  കേരളത്തിൽ  അക്കൗണ്ട് തുറക്കാൻ ബിജെപി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളുടെ ആദ്യപടിയായാണ് സദാശിവത്തിന് പകരമായി കിരൺ ബേദിയെ കൊണ്ടുവരാൻ ശ്രമിക്കുന്നത്. ജസ്റ്റിസ് പി. സദാശിവത്തെ മഹാരാഷ്ട്രയിലേക്ക് സ്ഥലം മാറ്റുമെന്നാണ് സൂചന. 
പല പുരുഷ  കേസരികളെയും വിറപ്പിച്ചിട്ടുള്ള കിരൺ ബേദിക്ക് മുഖ്യമന്ത്രി പിണറായി വിജയനെ പ്രതിസന്ധി ഘട്ടങ്ങളിൽ വെട്ടിലാക്കാൻ കഴിഞ്ഞേക്കും. തർക്കങ്ങളും പ്രശ്‌നങ്ങളും ഒരു ഭരണഘടനാ  പ്രതിസന്ധി സൃഷ്ടിക്കുംവിധം വഷളാക്കാൻ കിരൺ ബേദിക്ക് സാധിച്ചാൽ ബിജെപിക്ക് കേരളത്തിൽ ഇടപെടാൻ കൂടുതൽ എളുപ്പമാകുമെന്ന് നേതാക്കൾ കരുതുന്നു. 
കുമ്മനം രാജശേഖരന്റെ സാന്നിധ്യവും നേതൃത്വവും ഉണ്ടായിരുന്നുവെങ്കിൽ ശബരിമല വിഷയത്തിൽ ബിജെപിക്ക് വൻനേട്ടം കൊയ്യാൻ സാധിക്കുമായിരുന്നുവെന്ന് വിശ്വസിക്കുന്ന നിരവധി നേതാക്കളും പ്രവർത്തകരും പാർട്ടിയിലുണ്ട്. അവരാണ് കുമ്മനത്തെ കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ സമ്മർദം ശക്തിപ്പെടുത്തുന്നത്. തിരുവനന്തപുരത്ത് മോഹൻലാൽ അടക്കമുള്ളവരെ പരിഗണിക്കുന്നുവെന്ന് ബിജെപി പ്രചരിപ്പിക്കുന്നുണ്ടെങ്കിലും വിജയസാധ്യതയുള്ള സ്ഥാനാർഥിയായി പലരും കാണുന്നത് കുമ്മനത്തെയാണ്. സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് പി.എസ് ശ്രീധരൻ പിള്ളയെ വെച്ചുകൊണ്ട് തെരഞ്ഞെടുപ്പിനെ നേരിട്ടാൽ ഇത്തവണയും അക്കൗണ്ട് തുറക്കാൻ സാധിക്കില്ലെന്ന് ബിജെപിയിൽ ഭൂരിഭാഗവും വിശ്വസിക്കുന്നു. 

 

Latest News