കൽപറ്റ- വൃക്കരോഗത്തിന്റെ പിടിയിലായ രണ്ടു നിർധന കുടുംബാംഗങ്ങൾ ചികിത്സാസഹായം തേടുന്നു. മേപ്പാടി ചൂരൽമല നീലിക്കാപ്പ് ഉത്തൂങ്കൽ ഉണ്ണികൃഷ്ണനും മുട്ടിൽ മാണ്ടാട് പൂളയ്ക്കൽ അബ്ദുറഹ്മാനുമാണ് ചികിത്സയ്ക്കു പണമില്ലാതെ വിഷമിക്കുന്നത്.
ഏഴുവർഷം മുമ്പാണ് ഉണ്ണികൃഷ്ണൻ രോഗിയായത്. നാലുവർഷം മുമ്പ് ആകെയുണ്ടായിരുന്ന 10 സെന്റ് സ്ഥലവും വീടും വിറ്റ് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തി. അനുജന്റെ വൃക്കയാണ് സ്വീകരിച്ചത്. ഇപ്പോൾ വീണ്ടും രോഗം മൂർച്ഛിച്ചു. ഇടതുകാലിന്റെ സ്വാധീനവും നഷ്ടമായി. പരിധി കഴിഞ്ഞതിനാൽ ആരോഗ്യ ഇൻഷുറൻസ്, കാരുണ്യ പദ്ധതികളിൽനിന്നു സഹായം ലഭിക്കുന്നില്ല. ആഴ്ചയിൽ മൂന്നു ദിവസം ഡയാലിസിസ് നടത്തിയാണ് ജീവൻ പിടിച്ചുനിർത്തുന്നത്. ഒരു ഡയാലിസിസിനു ആയിരം രൂപ വേണം.
ഭാര്യ സുമതിയും മൂന്നു മക്കളും അടങ്ങുന്നതാണ് ഉണ്ണികൃഷ്ണന്റെ കുടുംബം. ബ്ലോക്ക് പഞ്ചായത്ത് മുഖേന ലഭിച്ച നാലു സെന്റിൽ സന്നദ്ധ പ്രവർത്തകർ നിർമിച്ചുനിൽകിയ വീട്ടിലാണ് താമസം. സുമതി കൂലിപ്പണിക്കുപോയാണ് കുടുംബം പോറ്റുന്നത്. സാമ്പത്തിക ഞെരുക്കംമൂലം ചികിത്സ തുടരാൻ കഴിയാത്ത സ്ഥിതിയാണെന്നു ഉണ്ണികൃഷ്ണനും സുമതിയും പറഞ്ഞു. ഡ്രൈവറായിരുന്ന ഉണ്ണികൃഷ്ണനെ ദുബായിൽ ജോലി ചെയ്യുന്നതിനിടെയാണ് രോഗം ബാധിച്ചത്. സംഭാവനകൾ സ്വീകരിക്കുന്നതിനു സ്റ്റേറ്റ് ബാങ്ക് ഇന്ത്യയുടെ മേപ്പാടി ശാഖയിൽ 67167079836 നമ്പരിൽ ഉണ്ണികൃഷ്ണന്റെ പേരിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.
മാണ്ടാട് ടൗണിൽ പെട്ടിക്കട നടത്തുന്നതിനിടെ 10 വർഷം മുമ്പാണ് അബ്ദുൽറഹ്മാൻ(37)വൃക്കരോഗത്തിന്റെ പിടിയിലായത്. കുറച്ചായി ഇരുവൃക്കകളും തകരാറിലാണ്. കോവൈ മെഡിക്കൽ സെന്ററിലാണ് ചികിത്സ. ഭാര്യ വൃക്കദാനത്തിനു തയാറാണ്. ശസ്ത്രക്രിയയ്ക്കും തുടർ ചികിത്സയ്ക്കുമായി 10 ലക്ഷത്തിലധികം രൂപ വേണം. ഇതിനു വഴികാണാതെ ഉഴലുന്ന അബ്ദുറഹ്മാനെ സഹായിക്കാൻ മാണ്ടാട് ഗ്രാമോദയം ഗ്രന്ഥശാലയിൽ ചേർന്ന പ്രദേശവാസികളുടെ യോഗം കമ്മിറ്റി രൂപീകരിച്ചു. ഭാരവാഹികളായി മുഹമ്മദ് പാറക്കുഴിയിൽ(ചെയർമാൻ), ഇ.എം ഗംഗാധരൻ( കൺവീനർ), ശശി പന്നിക്കുഴി (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. സംഭവനകൾ സ്വീകരിക്കുന്നതിനു കനറ ബാങ്കിന്റെ മുട്ടിൽ ശാഖയിൽ 597010 1003775 നമ്പരായി അക്കൗണ്ട് തുറന്നു.