Sorry, you need to enable JavaScript to visit this website.

റിയാദ് വിമാനത്താവളത്തിൽ എത്തിയാൽ ലീവ് അടിക്കാനാകുമോ

റിയാദ്- പാസ്‌പോർട്ട് കയ്യിലൂണ്ടെങ്കിൽ റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിൽ നിന്ന് റീ എൻട്രിയും ഫൈനൽ എക്‌സിറ്റും അടിച്ചു പോകാമെന്ന് സാമൂഹിക മാധ്യമങ്ങളിൽ വ്യാപക പ്രചാരണം. കഴിഞ്ഞ വർഷം റിയാദ് വിമാനത്താവളത്തിൽ ജവാസാത്ത് ഡയറക്ടറേറ്റ് നടപ്പാക്കിയ സെൽഫ് സർവീസ് എമിഗ്രേഷൻ സംവിധാനം സംബന്ധിച്ച് 2018 ഒക്ടോബർ 17 ന് അൽഇഖ്ബാരിയ ചാനൽ പുറത്തുവിട്ട വാർത്തയുടെ ചുവട് പിടിച്ചാണ് സാമൂഹിക മാധ്യമങ്ങളിൽ വ്യാജ പ്രചാരണം പൊടിപൊടിക്കുന്നത്.
പാസ്‌പോർട്ടുമായി റിയാദ് വിമാനത്താവളത്തിലെത്തിയാൽ ആർക്കും റീ എൻട്രിയും ഫൈനൽ എക്‌സിറ്റും ലഭിക്കുമെന്നാണ് പ്രചരിക്കുന്നത്. ഫൈനൽ എക്‌സിറ്റും റീ എൻട്രിയും സ്‌പോൺസർമാർക്ക് നിബന്ധനകൾക്ക് വിധേയമായി മാത്രമേ സൗദി അറേബ്യയിൽ ലഭിക്കുകയുള്ളൂ. എന്നാൽ വീഡിയോയിൽ വാർത്ത അവതാരകൻ സെൽഫ് സർവീസ് എമിഗ്രേഷൻ സംവിധാനത്തെ കുറിച്ച് വിശദമായി പറയുന്നുണ്ടെങ്കിലും അതു കേൾക്കാതെയാണ് പലരും ഇത് ഫോർവേർഡ് ചെയ്യുന്നത്. 
നാഷണൽ ഇൻഫർമേഷൻ സെന്ററുമായി സഹകരിച്ച് 2018 ഒക്ടോബർ 10നാണ് ജവാസാത്ത് ഡയറക്ടറേറ്റ് ഈ സംവിധാനം റിയാദ് വിമാനത്താവളത്തിൽ സ്ഥാപിച്ചത്. ബോഡിംഗ് പാസ് എടുത്തതിന് ശേഷം ജവാസാത്ത് കൗണ്ടറിൽ പോകുന്നതിന് പകരം ഈ മെഷീന് മുന്നിലെത്തി നടപടികൾ പൂർത്തിയാക്കാവുന്നതാണ്. ആദ്യം ഭാഷയും ശേഷം തിരിച്ചറിയൽ രേഖ (പാസ്‌പോർട്ട് അല്ലെങ്കിൽ ഇഖാമ)യും സ്‌ക്രീനിൽ സെലക്ട് ചെയ്യുക. ശേഷം സെലക്ട് ചെയ്ത രേഖ മെഷീനിന്റെ റീഡറിൽ വെക്കുക. പാസ്‌പോർട്ടാണെങ്കിൽ ചിത്രമുള്ള പേജാണ് വെക്കേണ്ടത്. ശേഷം യാത്രക്കാരൻ അവന്റെ വിരലടയാളമെടുക്കണം. അപ്പോഴേക്കും മെഷീൻ യാത്രക്കാരന്റെ ഫോട്ടോയും എടുത്തിട്ടുണ്ടാവും. രേഖയുടെ ബാർക്കോഡ് നോക്കി വ്യക്തിവിവരങ്ങൾ പരിശോധിച്ച ശേഷം മെഷീനിൽ നിന്ന് റസിപ്റ്റ് ലഭിക്കും. ശേഷം സ്മാർട്ട് ഗേറ്റിനടുത്തേക്ക് നീങ്ങണം അവിടെയും യാത്രക്കാരന്റെ ഫോട്ടോയെടുക്കും. അതോടെ എമിഗ്രേഷൻ നടപടികൾ പൂർത്തിയായി. നടപടികൾ പൂർത്തിയാകുന്നതിന് തടസ്സം നേരിട്ടാൽ ജവാസാത്ത് ഉദ്യോഗസ്ഥരെ സമീപിക്കാൻ സിസ്റ്റം സന്ദേശം നൽകും. സെൽഫ് സർവീസ് സിസ്റ്റത്തിനൊപ്പം ഇത് മോണിറ്റർ ചെയ്യുന്നതിനും നിയന്ത്രിക്കുന്നതിനും മറ്റൊരു ഭാഗത്ത് ജവാസാത്ത് ഉദ്യോഗസ്ഥർ ഇരിക്കുന്നുണ്ടാവും.
പത്ത് സെകന്റുകൾക്കുള്ളിൽ നടപടികൾ പൂർത്തിയാക്കാമെന്നതാണ് ഇതിന്റെ സവിശേഷത. വരുന്നവർക്കും പോകുന്നവർക്കും ഈ സംവിധാനം ഉപയോഗപ്പെടുത്താമെന്നും സൗദിയിലെ എല്ലാ വിമാനത്താവളങ്ങളിലും വിഷൻ 2030 ന്റെ ഭാഗമായി പദ്ധതി നടപ്പാക്കുമെന്നും ജവാസാത്ത് അറിയിച്ചു.
 

Latest News