Sorry, you need to enable JavaScript to visit this website.

തിരുവനന്തപുരത്ത് നാണക്കേട് ആവര്‍ത്തിക്കരുതെന്ന്  സി.പി.ഐയോട് സി.പി.എം 

തിരുവനന്തപുരം: സിപിഐയുടെ കൈവശമുള്ള നാല് മണ്ഡലങ്ങളില്‍ ജനകീയ സ്ഥാനാര്‍ഥികള്‍ വേണമെന്ന ആവശ്യം ശക്തം. അതോടൊപ്പം, തലയെടുപ്പുള്ള സ്ഥാനാര്‍ഥികള്‍ സിപിഐയുടെ ശ്രദ്ധേയ മണ്ഡലമായ തിരുവനന്തപുരത്ത് നേതൃനിരയില്‍ നിന്നു തന്നെ വേണമെന്ന ആവശ്യവും മുന്നണിക്കുള്ളില്‍ ശക്തമാണ്. പകുതി സീറ്റിലെങ്കിലും സ്ഥിരം മുഖങ്ങളെ മാറ്റി പരീക്ഷിക്കുന്ന കാര്യവും പരിഗണിക്കുന്നു.
കഴിഞ്ഞ തിരഞ്ഞെടുപ്പ് അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്ത് ഇക്കുറി തങ്ങള്‍ക്കുകൂടി ബോധ്യപ്പെടുന്ന സ്ഥാനാര്‍ഥി വേണമെന്നാണ് സിപിഐയോടുള്ള സിപിഐഎം നിര്‍ദേശം. ബെന്നറ്റ് എബ്രഹാമിന്റെ സ്ഥാനാര്‍ഥിത്വത്തിലൂടെ ഉണ്ടായ നാണക്കേട് ഇല്ലാതാക്കാന്‍ നേതൃനിരയില്‍ നിന്നുതന്നെ ആരെങ്കിലും സ്ഥാനാര്‍ഥിയാകണമെന്ന ആവശ്യം ശക്തമാണ്. കാനം രാജേന്ദ്രന്റേയും പന്ന്യന്‍ രവീന്ദ്രന്റേയും പേര് ഉയര്‍ന്നെങ്കിലും, മല്‍സരത്തിനില്ലെന്ന നിലപാടിലാണ് ഇരുവരും. ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായാണനെ സ്ഥാനാര്‍ഥിയാക്കാന്‍ നടത്തിയ ശ്രമം മുന്നോട്ടുപോയില്ല. ദേശീയ നേതൃത്വത്തിലുള്ള ആനി രാജയുടെ പേരിനാണ് നിലവില്‍ മുന്‍തൂക്കം. രാജ്യസഭാ എംപിയാണെങ്കിലും ബിനോയ് വിശ്വത്തിന്റെ പേരും സജീവമാണ്.
അടുത്തമാസം ആദ്യവാരത്തില്‍ സിപിഐയുടെ ദേശീയ സെക്രട്ടേറിയറ്റ്, നിര്‍വാഹകസമിതി യോഗങ്ങള്‍ ഡല്‍ഹിയില്‍ ചേരുന്നുണ്ട്. അതിനുശേഷം മാത്രമേ, കേന്ദ്രനേതൃത്വത്തില്‍ നിന്ന് ആരൊക്കെ മല്‍സരിക്കണമെന്ന കാര്യത്തില്‍ തീരുമാനമുണ്ടാകൂ.
വിമുഖത പ്രകടിപ്പിച്ചെങ്കിലും, പഴയ സിപിഐക്കാരനായ പുന്നല ശ്രീകുമാറിന്റെ പേരിനാണ് മാവേലിക്കരയില്‍ പ്രഥമ പരിഗണന. ചിറ്റയം ഗോപകുമാര്‍ എംഎല്‍എ, എഐവൈഎഫ് നേതാവ് സിഎ അരുണ്‍ കുമാര്‍, കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കെ ദേവകി തുടങ്ങിയവരുടെ പേരുകളും സജീവമാണ്. സിപിഐയുടെ നിലവിലെ ഏക എംപി സിഎന്‍ ജയദേവന്‍ വീണ്ടും മല്‍സരരംഗത്തുണ്ടാവുമോ എന്നുറപ്പില്ല. അദ്ദേഹത്തിനു സീറ്റു കിട്ടിയില്ലെങ്കില്‍, കെപി രാജേന്ദ്രന്‍, കെ രാജന്‍ എംഎല്‍എ എന്നിവര്‍ക്കാണ് സാധ്യത കല്‍പിക്കപ്പെടുന്നത്. വയനാട് സംസ്ഥാന കൗണ്‍സിലംഗം പിപി സുനീറിനാണ് സാധ്യത. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി സത്യന്‍ മൊകേരി, ദേശീയ കൗണ്‍സിലംഗം പി വസന്തം തുടങ്ങിയവരും പട്ടികയിലുണ്ട്.

Latest News