കൊല്ലം- ശബരിമല പ്രശ്‌നത്തില്‍ ബി.ജെ.പി സമ്മേളനത്തില്‍ സംസാരിക്കവേ, സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയ കേസില്‍ നടന്‍ കൊല്ലം തുളസി ചവറ പോലീസില്‍ കീഴടങ്ങി. പത്തരയോടെ പൊലീസ് സ്‌റ്റേഷനില്‍ എത്തിയ അദ്ദേഹം അന്വേഷണ ഉദ്യോഗസ്ഥന്‍ ഇന്‍സ്‌പെക്ടര്‍ എസ്.ചന്ദ്രദാസ് മുന്‍പാകെയാണു കീഴടങ്ങിയത്. മൊഴി രേഖപ്പെടുത്തിയ ശേഷം ചവറ കോടതിയില്‍ ഹാജരാക്കും.
ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് എസ്.ശ്രീധരന്‍പിള്ള നടത്തിയ ശബരിമല സംരക്ഷണ യാത്രക്ക് 2018 ഒക്ടോബര്‍ 12 ന് ചവറയില്‍ നടത്തിയ സ്വീകരണത്തിനിടെയാണു സ്ത്രീകളെ വലിച്ചുകീറുമെന്ന പരാമര്‍ശം അദ്ദേഹം നടത്തിയത്. സംഭവം വിവാദമായതോടെ നടന്‍ പരസ്യമായി മാപ്പ് അപേക്ഷിച്ചിരുന്നു.
ജില്ലാ കോടതിയും ഹൈക്കോടതിയും തുളസിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ നിരസിച്ചിരുന്നു. സംസ്ഥാന വനിതാ കമ്മിഷന്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ നടന്‍ കമ്മീഷനു മുന്‍പാകെ ഹാജരായി മാപ്പപേക്ഷിച്ചിരുന്നു. ചവറ പോലീസാണ് കേസെടുത്തത്.