അബുദാബി- ലോകത്ത് സഹിഷ്ണുതയും സഹവര്‍ത്തിത്വവും ശക്തമാക്കണമെന്ന ആഹ്വാനത്തോടെ ദ്വിദിന മാനവ സാഹോദര്യ സമ്മേളനത്തിന് അബുദാബിയില്‍ സമാപനമായി. ഇത്തരം മതസംവാദം ജനങ്ങളും വിവിധ രാജ്യങ്ങളും തമ്മില്‍ കൂടുതല്‍ അടുക്കാനും തുറന്ന സംവാദത്തിനും വഴിയൊരുക്കും. സഹിഷ്ണുതാ രാജ്യമായി യു.എ.ഇയെ രാജ്യാന്തര തലത്തിലേക്ക് ഉയര്‍ത്തുന്നതും ഇത്തരം പ്രവര്‍ത്തനങ്ങളാണെന്നും സമ്മേളനം വിലയിരുത്തി.
ഇസ്ലാമില്‍ സഹിഷ്ണുതക്കുള്ള പ്രധാന്യം ലോകത്തിന് മനസിലാക്കിക്കൊടുക്കാന്‍ സഹായകമാകുന്നതാണ് മാനവ സാഹോദര്യ സമ്മേളനവും ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സാന്നിധ്യവുമെന്നും അവര്‍ ചൂണ്ടിക്കാട്ടി. സഹിഷ്ണുതക്ക് മന്ത്രാലയം രൂപീകരിച്ച് മന്ത്രിയെ ചുമതലപ്പെടുത്തിയതു ലോകത്തുതന്നെ ആദ്യമാണെന്നും മഹത്താനായ നേട്ടമായാണ് ഇതിനെ കാണുന്നതെന്നും സമ്മേളനം വിലയിരുത്തി.
ഹിദായ സെന്‍റര്‍, ഫോറം ഫോര്‍ പ്രമോട്ടിങ് പീസ് ഇന്‍ മുസ്ലിം സൊസൈറ്റി, ദ് മുസ്ലിം കൌണ്‍സില്‍ ഓഫ് എല്‍ഡേഴ്‌സ്, സവാബ് സെന്‍റര്‍ തുടങ്ങിയ കേന്ദ്രങ്ങള്‍ സമാധാനം ഉറപ്പുവരുത്താന്‍ വ്യത്യസ്ത തലങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്ന കൂട്ടായ്മകള്‍ക്കുള്ള ഉദാഹരണങ്ങളാണ്.
മത, സാമൂഹിക, സാംസ്കാരിക രംഗത്തെ സഹകരണത്തിനുള്ള ഉത്തമ മാതൃകയാണ് യു.എ.ഇ കാണിച്ചുതന്നതെന്നും ഇത്തരമൊരു ബോധവല്‍കരണം എല്ലാ ജനവിഭാഗങ്ങള്‍ക്കും എത്തിക്കാനുള്ള ശ്രമമാണ് തുടര്‍ന്ന് ഉണ്ടാകേണ്ടതെന്നും സമ്മേളനം ചൂണ്ടിക്കാട്ടി. വെല്ലുവിളികളും ഭീഷണികളും ഒറ്റക്കെട്ടായി നേരിട്ട് സമാധാനവും സഹവര്‍ത്തിത്വവുമുള്ള ഭാവിക്കായി ഒരുമിച്ച് പ്രയത്‌നിക്കണമെന്നും സമാധാന സമ്മേളനത്തില്‍ പ്രസംഗിച്ചവര്‍ ചൂണ്ടിക്കാട്ടി. മുസ്ലിം കൗണ്‍സില്‍ ഓഫ് എല്‍ഡേഴ്‌സ് ആണ് ദ്വിദിന സമ്മേളനം സംഘടിപ്പിച്ചത്.