അബുദാബി- ക്രൈസ്തവ സമൂഹത്തെ സംക്ഷിക്കണമെന്ന് അല്‍ അസ്ഹര്‍ ഗ്രാന്‍ഡ് ഇമാം ഡോ. അഹ്്മദ് അല്‍ തയ്യിബ് മുസ്ലിം സമൂഹത്തോട് ആഹ്വാനം ചെയ്തു. അവര്‍ ന്യൂനപക്ഷമല്ലെന്നും മധ്യപൂര്‍വദേശത്തിന്റെ ഭാഗമാണെന്നും ഇമാം ചൂണ്ടിക്കാട്ടി. ഭാവി തലമുറയ്ക്കുള്ള മാര്‍ഗരേഖയായി വത്തിക്കാനും അല്‍അസ്ഹറും തമ്മില്‍ മാനവസാഹോദര്യ ഉടമ്പടി ഒപ്പുവക്കുന്ന ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഫൗണ്ടേഴ്‌സ് മെമ്മോറിയലില്‍ നടന്ന ചടങ്ങില്‍ ഉടമ്പടി ഒപ്പുവച്ചതോടെ സാഹോദര്യത്തിന്റെ പുതിയൊരു അധ്യായത്തിന് തുടക്കം കുറിക്കുകയായിരുന്നു. വത്തിക്കാനുവേണ്ടി ഫ്രാന്‍സിസ് മാര്‍പാപ്പയും അല്‍അസ്ഹറിനുവേണ്ടി ഗ്രാന്‍ഡ് ഇമാം ഡോ. അഹ്്മദ് അല്‍ തയ്യിബും ഉടമ്പടിയില്‍ ഒപ്പുവച്ചു.
സത്യസന്ധമായ ഉദ്ദേശത്തോടെയുള്ള ഈ ശ്രമം ഭാവി തലമുറക്ക് മുതല്‍ക്കൂട്ടായിരിക്കും. സമാധാനം സംരക്ഷിക്കുക, മാനവ സാഹോദര്യം ഊട്ടിയുറപ്പിക്കുക, പാവപ്പെട്ടവരില്‍ പാവപ്പെട്ടവരെ സഹായിക്കുക തുടങ്ങിയവയാണ് ഉടമ്പടിയിലൂടെ ലക്ഷ്യമാക്കുന്നത്.