Sorry, you need to enable JavaScript to visit this website.

ചാഞ്ചാടുന്ന ചാലക്കുടി:  വി.എം. സുധീരൻ, റോജി, സി. രവീന്ദ്രനാഥ്, പി. രാജീവ് പരിഗണനയിൽ

കൊച്ചി- ഇന്നസെന്റിനെ ഇറക്കി എൽ.ഡി.എഫ് പിടിച്ചെടുത്ത ചാലക്കുടി തിരിച്ചുപിടിക്കുകയെന്നത് ഇക്കുറി യു.ഡി.എഫിന് അഭിമാന പ്രശ്നമാണ്, ചാലക്കുടി നിലനിർത്തുക എന്നത് എൽ.ഡി.എഫിന്റെയും. അതുകൊണ്ടു തന്നെ ഏറ്റവും മികച്ച സ്ഥാനാർഥിയെയായിരിക്കും ഇരു മുന്നണികളും രംഗത്തിറക്കുക. യു.ഡി.എഫിന്റെ സാധ്യതാ ലിസ്റ്റിൽ വി.എം. സുധീരനാണ് മുൻതൂക്കമെങ്കിൽ സി.പി. എം പരിഗണിക്കുന്നവരിൽ ക്ലീൻ ഇമേജുള്ള വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് അടക്കമുള്ളവരുണ്ട്. 
ചാലക്കുടി സീറ്റിനായി കോൺഗ്രസിൽ ഒരു പട തന്നെ രംഗത്തുണ്ട്. കോൺഗ്രസിന് അതിശക്തമായ അടിത്തറയുള്ള മണ്ഡലമാണെന്നതും ഇന്നസെന്റ് ഇക്കുറി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്നതുമാണ് ചാലക്കുടിയെ കേരളത്തിലെ ഏറ്റവും വിലപിടിപ്പുള്ള മണ്ഡലമാക്കി മാറ്റുന്നത്. വി.എം. സുധീരന് പുറമെ റോജി ജോൺ, കെ. ബാബു, കെ.പി. ധനപാലൻ, ഡീൻ കുര്യാക്കോസ്, ടി.എൻ. പ്രതാപൻ, മാത്യു കുഴൽ നാടൻ അങ്ങനെ നീളുന്നു ചാലക്കുടിയിൽ കണ്ണുവെച്ചിരിക്കുന്ന നേതാക്കളുടെ നിര. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മത്സരിച്ച പി.സി. ചാക്കോ ഇനി മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സംഘടനാ കാര്യങ്ങളിൽ സജീവമാകാനാണ് ചാക്കോയുടെ തീരുമാനം. എന്നാൽ മറിച്ചൊരു നിർദേശം ഹൈക്കമാൻഡിൽ നിന്നുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനുമാകില്ല. മികച്ച പാർലമെന്റേറിയൻ എന്ന നിലയിൽ പേരെടുത്ത ചാക്കോ യു.പി.എ അധികാരത്തിലെത്തിയാൽ മന്ത്രിസഭയിലെത്താൻ സാധ്യതയുള്ള പേരുകളിലൊന്നാണ്. എന്നാൽ ഇത് രാജ്യസഭയിലൂടെ സാധ്യമാകുമെന്നതിനാൽ ലോക്‌സഭാ മത്സരത്തിന്റെ വെല്ലുവിളി ഒഴിവാക്കി സുരക്ഷിതമായി പാർലമെന്റിലെത്താമെന്നാണ് ചാക്കോയുടെ കണക്കുകൂട്ടൽ. 
ഒരു വട്ടം ചാലക്കുടിയെ പ്രതിനിധീകരിച്ച കെ.പി. ധനപാലൻ ഇക്കുറി സ്ഥാനാർഥിയാകുമെന്ന് കരുതിയിരുന്നെങ്കിലും പ്രമുഖൻമാർ മണ്ഡലത്തിൽ നോട്ടമിട്ടതോടെ അദ്ദേഹത്തിന് പ്രതീക്ഷ നഷ്ടമായി.  മുൻ മന്ത്രി കെ. ബാബു ചാലക്കുടിയിൽ സ്ഥാനാർഥിയാകുമെന്ന പ്രചാരണം പാർട്ടിയിൽ ശക്തമാണ്. എ ഗ്രൂപ്പ് ബാബുവിനു വേണ്ടി അണിയറ പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു. മറുപക്ഷം വി.എം. സുധീരനെ മത്സരിപ്പിക്കാൻ കച്ചമുറുക്കിയതോടെയാണ് ബാബുവിനായി എ ഗ്രൂപ്പിന്റെ പരിശ്രമം. എന്നാൽ പ്രതിഛായ തകർന്ന ബാബുവും കോൺഗ്രസ് നേതാക്കളിൽ ഏറ്റവും നല്ല പ്രതിഛായയുള്ള സുധീരനും പരിഗണനയിൽ വന്നാൽ സുധീരനായിരിക്കും നറുക്കു വീഴുക എന്ന കാര്യത്തിൽ ആർക്കും സംശയമില്ല. എന്നാൽ സുധീരൻ ചാലക്കുടിയാണോ തൃശൂരാണോ തെരഞ്ഞെടുക്കുകയെന്ന കാര്യത്തിൽ ആശയക്കുഴപ്പമുണ്ട്. ടി.എൻ. പ്രതാപൻ ഐ ഗ്രൂപ്പിനോട് അടുക്കുന്നുവെന്ന ശ്രുതിക്കിടയിലാണ് ചാലക്കുടിയിലേക്ക് പ്രതാപന്റെ പേര് കൂടി എഴുതിച്ചേർത്തിട്ടുള്ളത്. ദേശീയ തലത്തിൽ ബന്ധങ്ങളുള്ള മാത്യു കുഴൽനാടന്റെ പേർ ഹൈക്കമാൻഡ് നിർദേശിക്കുമെന്നും പാർട്ടിക്കുള്ളിൽ പ്രചാരണമുണ്ട്. 
ഇതിനിടയിലാണ് ചാലക്കുടി തിരിച്ചുപിടിക്കാൻ യുവ എം.എൽ.എ റോജി എം. ജോണിനെ രംഗത്തിറക്കുമെന്ന പ്രചാരണം വന്നിരിക്കുന്നനത്. രാഹുൽ ഗാന്ധി ടീമിലെ അംഗവും മുൻ എൻ.എസ്.യു നേതാവുമായ റോജിക്ക് ചാലക്കുടി തിരിച്ചുപിടിക്കാനാവും എന്ന വിലയിരുത്തലിൽ ആണ് ഈവഴിക്കുള്ള ആലോചന നടക്കുന്നത്. കഴിഞ്ഞ തവണ നഷ്ടപ്പെട്ട തൃശൂരും പാലക്കാടും ചാലക്കുടിയും കണ്ണൂരും യുവ നേതാക്കളെ ഇറക്കി പിടിച്ചെടുക്കാം എന്ന് കേരളത്തിലെ സാധ്യതകൾ പഠിക്കാൻ കോൺഗ്രസ് ദേശീയ നേതൃത്വം നിയോഗിച്ച സമിതിയുടെ റിപ്പോർട്ടിൽ സൂചനയുണ്ടത്രേ. ന്യൂനപക്ഷ സമുദായാംഗം എന്നതും റോജിക്ക് അനുകൂല ഘടകമാണ്. യുവ പ്രാതിനിധ്യത്തിന് ഹൈക്കമാൻഡ് നൽകുന്ന മുന്തിയ പരിഗണനയും റോജിക്ക് പ്രതീക്ഷ നൽകുന്നു. കണ്ണൂർ സ്വദേശിയായ റോജി കഴിഞ്ഞ തവണ അങ്കമാലിയിൽ ഇടതു സ്ഥാനാർത്ഥി ബെന്നി മൂഞ്ഞേലിയെ തോൽപിച്ച് അട്ടിമറി വിജയം നേടിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. റോജി വിജയിച്ച് പാർലമെന്റിൽ പോയാൽ ഒഴിവു വരുന്ന വരുന്ന അങ്കമാലിയിൽ രാഹുൽ ബ്രിഗേഡിൽ പെട്ട കെ.ടി. ബെന്നിയെ മത്സരിപ്പിക്കാനും നീക്കമുണ്ട്. 2011 ലെ തെരഞ്ഞെടുപ്പിൽ ചാലക്കുടിയിൽ മത്സരിച്ച കെ.ടി. ബെന്നി നിസ്സാര വോട്ടിനാണ് പരാജയപ്പെട്ടത്. ദൽഹിയിൽ നിന്ന് ഇറക്കുമതി ചെയ്ത ബെന്നിയെ എ ഗ്രൂപ്പ് കാലുവാരി  തോൽപിച്ചതാണെന്ന് ആരോപണം ഉയർന്നിരുന്നു. 
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് ചാലക്കുടി പിടിച്ചത് ഇന്നസെന്റിനെ രംഗത്തിറക്കി നടത്തിയ വൻ അട്ടിമറിയിലൂടെയായിരുന്നു. ഇന്നസെന്റ് തോൽക്കുമെന്ന് അന്ന് നിരീക്ഷകൻമാരൊക്കെ കരുതിയെങ്കിലും അദ്ദേഹം വൻ വിജയം നേടുകയായിരുന്നു. ഇക്കുറി മത്സരിക്കാനില്ലെന്ന് ഇന്നസെന്റ് വ്യക്തമാക്കിക്കഴിഞ്ഞു. ആരോഗ്യം അനുവദിക്കാത്തതിനാലാണ് മത്സരിക്കാനില്ലെന്ന് ഇന്നസെന്റ് വ്യക്തമാക്കിയിരിക്കുന്നത്. സി.പി.എം നേതാക്കൾ വീണ്ടും മത്സരിക്കാൻ ആവശ്യപ്പെടുന്നുണ്ടെന്നും മൽസരിക്കുന്നു എന്നു പറഞ്ഞാൽ വീണ്ടും എൽ.ഡി.എഫ് എന്നെ മൽസരിപ്പിച്ചേക്കുമെന്നും എന്നാൽ താൻ ഇനി മത്സരിക്കുന്നില്ലെന്നുമാണ് ഇന്നസെന്റ് വ്യക്തമാക്കിയത്. ഇതോടെ ചാലക്കുടി നിലനിർത്താൻ ശക്തനായ സ്ഥാനാർഥിയെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് സി.പി. എം നേതൃത്വം. 
മന്ത്രി സി. രവീന്ദ്രനാഥിന്റെ പേര് സി.പി.എം സജീവമായി പരിഗണിക്കുന്നു.  പാർട്ടിയുടെ പ്രതിഛായയിൽ മാത്രം ചാലക്കുടിയിൽ ജയിക്കുക പ്രയാസമാണെന്നു പാർട്ടി വിലയിരുത്തുന്നു. ലോനപ്പൻ നമ്പാടൻ, ഇന്നസെന്റ് തുടങ്ങിയവരുടെ വിജയം സി.പി.എമ്മിനു നൽകിയ പാഠം അതാണ്. അതുകൊണ്ടു തന്നെ പാർട്ടിയുടെ ബലം മാത്രമുള്ള ഒരാളെ മത്സരിപ്പിക്കേണ്ട എന്ന അഭിപ്രായം ശക്തമാണ്. സി. രവീന്ദ്രനാഥ് മന്ത്രി എന്ന നിലയിൽ ഈ പ്രദേശത്തു ചെയ്ത വികസനവും പ്രതിഛായയും തുണയാകുമെന്നാണ് പാർട്ടി കരുതുന്നത്. മാത്രമല്ല എൻ.എസ്.എസ് നേതൃത്വവുമായി അദ്ദേഹത്തിന് അടുത്ത ബന്ധവുമുണ്ട്. പരിഗണിക്കാവുന്ന പല നേതാക്കൾക്കും അതില്ല. അദ്ദേഹം രാജിവെച്ചാൽ പുതുക്കാട് നിയമസഭാ സീറ്റ് നിലനിർത്തുക പ്രയാസമാകില്ലെന്നും പാർട്ടി കരുതുന്നു. ജില്ലയിലെ സി.പി.എം സുരക്ഷിത സീറ്റുകളിലൊന്നായി ഈ മണ്ഡലത്തെ രവീന്ദ്രനാഥ് മാറ്റിയെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.
പി. രാജീവിന്റെ പേരും സി.പി.എമ്മിന്റെ സജീവ പരിഗണിയിലുണ്ട്. ചാലക്കുടി മണ്ഡലത്തിൽ പെട്ട അന്നമനട സ്വദേശിയാണ് പി. രാജീവ്. എന്നാൽ എറണാകുളമായിരുന്നു വിദ്യാർഥി രാഷ്ട്രീയ കാലം മുതൽ ഇങ്ങോട്ട് അദ്ദേഹത്തിന്റെ പ്രവർത്തന മേഖല. കളമശ്ശേരിയിലാണ് സ്ഥിരതാമസം. എങ്കിലും മികച്ച പ്രതിഛായയുള്ള നേതാവ് എന്നതും മണ്ഡലത്തിന്റെ സ്വന്തക്കാരനെന്നതും അനുകൂല ഘടകങ്ങളാണ്. എന്നാൽ പാർട്ടിക്കാരൻ എന്നതിലപ്പുറമുള്ള സ്വാധീനമോ സ്വീകാര്യതയോ അദ്ദേഹത്തിന് ചാലക്കുടിയിലില്ല എന്നത് പരിമിതിയാണ്. പ്രത്യേകിച്ചും യു.ഡി.എഫിന് ശക്തമായ അടിത്തറയുള്ള മണ്ഡലമാകുമ്പോൾ അത് രാജീവിനെ പ്രതികൂലമായി ബാധിക്കുന്ന ഘടകമാണ്. എന്തായാലും  യു.ഡി.എഫിന്റെ സ്ഥാനാർഥി ആരെന്നതിനെ ആശ്രയിച്ചാകും ചാലക്കുടിയിൽ പി. രാജീവിന്റെ കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകുക. ഗ്രൂപ്പ് സ്വാധീനത്തിന് വഴങ്ങി കെ. ബാബുവിനെ പോലൊരാളെ കോൺഗ്രസ് സ്ഥാനാർഥിയാക്കിയാൽ പി. രാജീവ് ഏറ്റവും മികച്ച സ്ഥാനാർഥിയായി മാറും. എന്നാൽ സുധീരനെ പോലൊരാളാണ് വരുന്നതെങ്കിൽ സി.പി.എമ്മിന് കൂടുതൽ സ്വീകാര്യതയുള്ള ഒരാളെ പരിഗണിക്കേണ്ടിവരും. 
ഇന്നസെന്റിന് പകരം അധ്യാപികയും ഇടതു സഹയാത്രികയുമായ ദീപാ നിശാന്തിനെ മത്സരിപ്പിക്കാൻ സി.പി.എം കേന്ദ്രങ്ങൾ പദ്ധതിയിട്ടിരുന്നു. എന്നാൽ കവിതാമോഷണ വിവാദം വന്നപ്പോൾ പാർട്ടി നിലപാട് മാറ്റുകയായിരുന്നു.
തൃശൂർ ജില്ലയിലെ ചാലക്കുടി ആസ്ഥാനമായി 2008 ലെ മണ്ഡലം പുനഃക്രമീകരണത്തോടെ പുതിയ മണ്ഡലം രൂപീകൃതമായി. തൃശൂർ ജില്ലയിലെ കയ്പമംഗലം, കൊടുങ്ങല്ലൂർ, ചാലക്കുടി എന്നീ മൂന്ന് നിയമസഭാ മണ്ഡലങ്ങളും എറണാകുളം ജില്ലയിലെ ആലുവ, അങ്കമാലി, പെരുമ്പാവൂർ, കുന്നത്തുനാട് എന്നീ നാല് നിയമസഭാ മണ്ഡലങ്ങളും ഉൾപ്പെടുന്നതാണ് ചാലക്കുടി ലോക്‌സഭാ മണ്ഡലം. 
2001 ലെ ജനസംഖ്യയുടെ കണക്ക് അനുസരിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഈ മണ്ഡലത്തിന് രൂപംനൽകിയത്. 2009 ലെ പൊതുെതരഞ്ഞെടുപ്പിലാണ് ഇതിലെ ആദ്യ തെരഞ്ഞെടുപ്പ് നടന്നത്. ആ വർഷം ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ കെ.പി. ധനപാലൻ വിജയിച്ചു. 2014 ൽ ഇന്നസെന്റിലൂടെ സി.പി.എം മണ്ഡലം പിടിച്ചു.

Latest News