Sorry, you need to enable JavaScript to visit this website.

ഇന്ധന നികുതി ഇളവ്: കണ്ണൂർ വിമാനത്താവളം ഉഡാൻ പദ്ധതിയിൽ ഉൾപ്പെടേണ്ടതിനാലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം- കണ്ണൂർ വിമാനത്താവളം ഗ്രീൻ ഫീൽഡ് വിമാനത്താവളമായതിനാൽ ദൈനംദിന പ്രവർത്തനങ്ങൾക്ക് ഭാരിച്ച ചെലവ് വേണ്ടിവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുതിയ വിമാനത്താവളമായതിനാലും  ഉഡാൻ പദ്ധതിയിൽ ഉൾപ്പെടേണ്ടതിനാലുമാണ് ഇന്ധന നികുതി പത്ത് വർഷത്തേക്ക് ഒരു ശതമാനമായി കുറയ്ക്കാൻ തീരുമാനിച്ചത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങൾ അൺ സെർവ്ഡ് വിമാനത്താവളമല്ലാത്തതിനാലും എയർപോർട്ട്  അതോറിറ്റി ഓഫ് ഇന്ത്യ ലാന്റിംഗ് ഫീസിലും പാർക്കിംഗ് ഫീസിലും ഹാന്റിലിംഗ് ചാർജിലും ഇളവു വരുത്തിക്കൊണ്ട് ഈ ആവശ്യം ഉന്നയിക്കാത്തതിനാലുമാണ് ഈ വിമാനത്താവളങ്ങളെ ഉഡാൻ പദ്ധതിയിൽ ഉൾപ്പെടുത്താൻ കഴിയാത്തത്. 
വിമാനത്താവളങ്ങളിലെ ഇന്ധനനികുതി കുറയ്ക്കാനാവശ്യപ്പെട്ടുള്ള അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. ഡോ. എം.കെ. മുനീറാണ് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയത്. അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി.
കരിപ്പൂർ വിമാനത്താവളത്തിന്റെ വികസനത്തിനും നടത്തിപ്പിനും മുന്തിയ പരിഗണനയാണ് സംസ്ഥാന സർക്കാർ നൽകിവരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ഹജ് തീർഥാടകരുടെ പ്രധാന യാത്രാകേന്ദ്രമെന്ന നിലയിൽ കരിപ്പൂർ വിമാനത്താവളത്തിന് വലിയ സാധ്യതകളാണ് ഉള്ളത്. എന്നാൽ വിമാനത്താവളത്തിന്റെ വികസനത്തിന് ആവശ്യമായ പിന്തുണയും സഹകരണവും കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നും വേണ്ടത്ര ലഭിക്കുന്നില്ല.
മംഗലാപുരം വിമാനത്താവളത്തിലെ അപകടത്തിനുശേഷം ടേബിൾ ടോപ്പ് വിമാനത്താവളമായ കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് അന്താരാഷ്ട്ര വിമാന സർവീസുകളുടെ എണ്ണം സുരക്ഷാ കാരണങ്ങളാൽ കുറവ് വരുത്തിയിരുന്നു. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ പുറപ്പെടുവിച്ചിട്ടുള്ള നിർദ്ദേശങ്ങളും നിബന്ധനകളും പാലിക്കുന്നതിന് വിമാനത്താവളത്തിലെ ബേസിക് സ്ട്രിപ്പിൽ സ്ഥിതി ചെയ്യുന്ന ടെർമിനൽ കെട്ടിടവും ഏപ്രണും മാറ്റി സ്ഥാപിക്കേണ്ടത് അത്യാവശ്യമാണ്. കൂടാതെ, നിലവിലുള്ള റൺവേയുടെ ദൈർഘ്യം, പാരലൽ ടാക്സിവേ, റൺവേ എൻഡ് സേഫ്റ്റി ഏരിയ എന്നിവ നിയമാനുസൃതമായി വർദ്ധിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഈ ഭൗതിക സാഹചര്യങ്ങൾ എയർപോർട്ടിൽ സജ്ജമാക്കുന്നതിനാവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിന് ഭരണാനുമതി നൽകിയിട്ടുണ്ട്. 137 ഏക്കർ ഭൂമിയാണ് വിമാനത്താവള വികസനത്തിനായി ഇനിയും അധികമായി വേണ്ടിവരുന്നത്. അതിനോടൊപ്പം കാർ പാർക്കിംഗ് സൗകര്യത്തിനായി 15.25 ഏക്കർ ഭൂമി കൂടി ആവശ്യമുണ്ട്. സ്ഥലം ഏറ്റെടുത്ത് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് കൈമാറുന്നതിനുള്ള നടപടികൾ അന്തിമ ഘട്ടത്തിലാണ്. സംസ്ഥാനത്ത് വിവിധ പദ്ധതികൾക്കാവശ്യമായ സ്ഥലം ഏറ്റെടുക്കുന്ന സന്ദർഭങ്ങളിൽ ആ പ്രദേശങ്ങളിലെ ജനങ്ങളുടെ ഭാഗത്തുനിന്ന് പ്രതിഷേധങ്ങൾ ഉണ്ടാകാറുണ്ട്. വിമാനത്താവള വികസനത്തിനാവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള സന്ദർഭത്തിൽ ഇത്തരം പ്രതിഷേധങ്ങൾ ഉണ്ടാകുന്നത് വികസനപ്രവർത്തനങ്ങളെ പിന്നോട്ടടിപ്പിക്കും.  ഇത് മറികടക്കാനുള്ള കൂട്ടായ ശ്രമം ഉണ്ടാകേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ ആറ് മാസത്തിനിടെ സൗദി എയർലൈൻസ്, ഫ്ളൈ ദുബായ്, ഗൾഫ് എയർ എന്നീ സർവീസുകൾ പുതുതായി ആരംഭിച്ചു.  
ഈ വർഷം മുതൽ കരിപ്പൂർ വിമാനത്താവളത്തെ ഹജ് എംബാർക്കേഷൻ പോയന്റായി പുനഃസ്ഥാപിച്ചിട്ടുണ്ട്. എമറേറ്റ്സ്, എയർ ഇന്ത്യ എന്നീ വിമാന കമ്പനികൾക്ക് സർവീസ് നടത്തുന്നതിനാവശ്യമായ അനുമതി കേന്ദ്ര വ്യോമയാന വകുപ്പ് ലഭ്യമാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. 
കണ്ണൂർ വിമാനത്താവളത്തിന് ഇന്ധന നികുതി ഒരു ശതമാനമായി കുറച്ച് നൽകിയത് പോലെ എല്ലാ വിമാനത്താവളങ്ങളിലും ഇന്ധന വിലയിലും നികുതി കുറക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. 27.9.2017 ലെ മന്ത്രിസഭാ തീരുമാനപ്രകാരം ഇന്ധന നികുതി 29 ശതമാനത്തിൽനിന്ന് അഞ്ച് ശതമാനമായി കുറയ്ക്കാൻ കാബിനറ്റ് തീരുമാനിച്ച് നോട്ടിഫിക്കേഷനും ഇറക്കി. ആ നോട്ടിഫിക്കേഷൻ ഇറക്കിയ ശേഷം എന്തുകൊണ്ട് അത് നടപ്പാക്കുന്നില്ല എന്ന് പ്രതിപക്ഷം ചോദിച്ചു.  ഫ്യൂവൽ ടാക്സ് ഒരു ശതമാനമാക്കിയാൽ യാത്രാക്കൂലി കുറയുമെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.

Latest News