അബുദാബി- രണ്ട് ലോക മതങ്ങള്‍ തമ്മിലുളള സഹകരണം, സഹവര്‍ത്തിത്വം, പരസ്പര ബഹുമാനം എന്നിവ ഊട്ടിയുറപ്പിച്ച മാര്‍പാപ്പയുടെ യു.എ.ഇ സന്ദര്‍ശനം മേഖലയിലാകെ പുതിയ ഉണര്‍വും ആവേശവുമായെന്ന് യു.എ.ഇ സര്‍ക്കാര്‍ പറഞ്ഞു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വരവിലുളള ആദരസൂചകമായി അബുദാബിയില്‍ വ്യോമസേനാ ജെറ്റ് വിമാനങ്ങളുടെ അഭ്യാസ പ്രകടനമുണ്ടായിരുന്നു. വത്തിക്കാന്റെ പേപ്പല്‍ പതാകയുടെ നിറത്തിലുള്ള മഞ്ഞയും വെള്ളയും പുകച്ചുരുളുകള്‍ പുറത്തുവിട്ടാണ് വിമാനങ്ങള്‍ പറന്നത്. പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തില്‍ മാര്‍പാപ്പക്ക് ഔദ്യോഗിക സ്വീകരണം നടന്ന സമയത്ത് വിമാനങ്ങള്‍ നഗരാകാശത്തെ മഞ്ഞയിലും വെള്ളയിലും മുക്കി. സമ്പൂര്‍ണ സൈനിക ബഹുമതികളോടെയായിരുന്നു പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തിലെ ആചാരപരമായ വരവേല്‍പ്. ഇതിന് ശേഷം ശൈഖ് സായിദ് പള്ളി അദ്ദേഹം സന്ദര്‍ശിച്ചു. പള്ളി ചുറ്റിനടന്നു കണ്ട പോപ്പിനൊപ്പം ഉന്നതോദ്യോഗസ്ഥരും ഉണ്ടായിരുന്നു.