അൽബാഹ - അൽഖുറ, തായിഫ് റോഡിൽ പിക്കപ്പ് ഇടിച്ച് അറബ് വംശജൻ മരണപ്പെടുകയും രണ്ടു പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. റോഡ് സൈഡിൽ ജോലിയിൽ മുഴുകിയ മൂന്നു വിദേശികളെ അമിത വേഗത്തിലെത്തിയ പിക്കപ്പ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
അപകടത്തെ തുടർന്ന് നിയന്ത്രണം വിട്ട പിക്കപ്പ് മറിയുകയും ചെയ്തു. റെഡ് ക്രസന്റ് പ്രവർത്തകരും ആരോഗ്യ വകുപ്പ് സംഘവും പ്രാഥമിക ശുശ്രൂഷകൾ നൽകി പരിക്കേറ്റവരെ അൽഖുറ ആശുപത്രിയിലേക്ക് നീക്കി. ഗുരുതരമായി പരിക്കേറ്റ വിദേശികളിൽ ഒരാൾ ആശുപത്രിയിൽ വെച്ചാണ് അന്ത്യശ്വാസം വലിച്ചത്.
റോഡിൽ ജല പൈപ്പ്‌ലൈൻ സ്ഥാപിക്കുന്ന ജോലിയിലേർപ്പെട്ട തൊഴിലാളികളെയാണ് പിക്കപ്പ് ഇടിച്ചത്. വിദ്യാർഥിയാണ് പിക്കപ്പ് ഓടിച്ചിരുന്നതെന്നും അപകട സമയത്ത് പിക്കപ്പ് അമിത വേഗത്തിലായിരുന്നെന്നും നിയന്ത്രണം വിട്ട പിക്കപ്പ് തൊഴിലാളികളെ ഇടിച്ച ശേഷം മറിയുകയായിരുന്നെന്നും അൽബാഹ റെഡ് ക്രസന്റ് വക്താവ് ഇമാദ് അൽസഹ്‌റാനി പറഞ്ഞു.