റിയാദ് - സ്കൂൾ ഗതാഗത നിയമം ശൂറാ കൗൺസിൽ അംഗീകരിച്ചു. സുരക്ഷിതമായ യാത്രാ സംവിധാനം ലഭ്യമാക്കുന്നതിനും വിദ്യാർഥികളുടെയും അധ്യാപികമാരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനും സ്വകാര്യ, സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്കൂൾ ഗതാഗത മേഖലയിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളും നൽകുന്ന സേവനം ക്രമീകരിക്കുന്നതിനും സ്കൂൾ ബസ് ഡ്രൈവർമാർക്ക് ബാധകമായ വ്യവസ്ഥകൾ നിർണയിക്കുന്നതിനും സ്കൂൾ ഗതാഗത മേഖലയുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളുടെ ചുമതലകൾ നിർണയിക്കുന്നതിനും ഈ വകുപ്പുകൾക്കിടയിൽ ഏകോപനമുണ്ടാക്കുന്നതിനും ഈ മേഖലയിൽ പ്രവർത്തിക്കുന്ന ചെറുകിട നിക്ഷേപകരെയും സ്ഥാപനങ്ങളെയും സുരക്ഷാ വ്യവസ്ഥകളെയും മാനദണ്ഡങ്ങളെയും കുറിച്ച് ബോധവൽക്കരിക്കുന്നതിനുമാണ് ഇരുപതു വകുപ്പുകളുള്ള നിയമം ലക്ഷ്യമിടുന്നത്.
വിദ്യാഭ്യാസ പരിഷ്കരണ തന്ത്രം വിദ്യാഭ്യാസ മന്ത്രാലയം പുനഃപരിശോധിക്കണമെന്ന് ശൂറാ കൗൺസിൽ ആവശ്യപ്പെട്ടു. അധ്യാപകരുടെയും അധ്യാപികമാരുടെയും മനോവീര്യം ഉയർത്തുന്നതിനുള്ള ദേശീയ പദ്ധതി വിദ്യാഭ്യാസ മന്ത്രാലയം അംഗീകരിക്കണമെന്നും ശൂറാ കൗൺസിൽ ആവശ്യപ്പെട്ടു. സർക്കാർ, സ്വകാര്യ യൂനിവേഴ്സിറ്റികളിൽ വിദേശ അധ്യാപകരെ നിയമിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ ഉയർത്തണം. സ്വകാര്യ യൂനിവേഴ്സിറ്റികളിലും കോളേജുകളിലും ചേരുന്ന സൗദി വിദ്യാർഥികളുടെ എണ്ണം ഉയർത്തുന്നതിന് സ്കോളർഷിപ്പ് പദ്ധതി വിപുലീകരിക്കണമെന്നും ഖുൻഫുദയിലെ ഉമ്മുൽഖുറാ യൂനിവേഴ്സിറ്റി ശാഖ സ്വതന്ത്ര സർവകലാശാലയാക്കി മാറ്റുന്നതിനെ കുറിച്ച് പഠിക്കണമെന്നും ശൂറാ കൗൺസിൽ വിദ്യാഭ്യാസ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.