മക്ക - കിംഗ് ഫൈസൽ ആശുപത്രിയിലെ ശുചീകരണ, മെയിന്റനൻസ് ജോലികളുടെ കരാറേറ്റെടുത്ത സ്വകാര്യ കമ്പനിക്കു കീഴിലെ തൊഴിലാളികൾ ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്നു. മാസങ്ങളായി ശമ്പളം ലഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് തൊഴിലാളികൾ പണിമുടക്ക് ആരംഭിച്ചത്. സ്ഥിതിഗതികൾ വഷളാകുന്നതിനു മുമ്പായി പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് ബന്ധപ്പെട്ട വകുപ്പുകൾ ശ്രമം ആരംഭിച്ചിട്ടുണ്ട്.
എട്ടു മാസമായി ശുചീകരണ തൊഴിലാളികൾക്ക് വേതനം ലഭിച്ചിട്ടില്ല. വേതനം വിതരണം ചെയ്യുമെന്ന് പലതവണ കമ്പനിയധികൃതർ വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഇതൊന്നും പാലിക്കപ്പെട്ടില്ല. ഇതോടെയാണ് വേതന വിതരണത്തിന് കമ്പനിയുടെ മേൽ സമ്മർദം ചെലുത്തുകയെന്ന ലക്ഷ്യത്തോടെ ആശുപത്രിയിൽ ശുചീകരണ ജോലികൾ നിർവഹിക്കുന്ന സ്ത്രീ-പുരുഷ ജീവനക്കാർ പണിമുടക്ക് ആരംഭിച്ചത്. ജോലിക്കിറങ്ങുന്നതിന് തൊഴിലാളികളെ ആശുപത്രിയധികൃതരും ക്ലീനിംഗ് കമ്പനി അധികൃതരും പ്രേരിപ്പിക്കുന്നുണ്ടെങ്കിലും തൊഴിലാളികൾ വഴങ്ങുന്നില്ല. തൊഴിലാളികളുടെ പ്രശ്‌നത്തിന് എത്രയും വേഗം പരിഹാരം കാണുന്നതിന് ബന്ധപ്പെട്ടവർ ശക്തമായ ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. ശുചീകരണ തൊഴിലാളികൾ ജോലിയിൽനിന്ന് വിട്ടുനിൽക്കുന്നതിന് തുടങ്ങിയതോടെ ആശുപത്രിയിൽ മാലിന്യങ്ങൾ കുമിഞ്ഞുകൂടാൻ തുടങ്ങിയിട്ടുണ്ട്.