ജിദ്ദ- ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ മാനേജിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പ് ഇനിയും പൂർത്തിയാവാത്തത് സ്‌കൂളിന്റെ ദൈനംദിന പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നു.
കഴിഞ്ഞ ആറു മാസമായി സ്‌കൂൾ ഭരണസമിതിയും പ്രിൻസിപ്പലുമില്ലാതെയാണ് സ്‌കൂൾ പ്രവർത്തിക്കുന്നത്. പകരം സംവിധാനം ഉടൻ ഉണ്ടാകുമെന്ന പ്രഖ്യാപനങ്ങൾ പല തവണ ഉണ്ടായെങ്കിലും ഇതുവരേക്കും മാനേജിംഗ് കമ്മിറ്റിയെ തെരഞ്ഞെടുക്കുന്നതിനോ, നോമിനേറ്റ് ചെയ്യുന്നതിനോ കഴിഞ്ഞിട്ടില്ല. നയതന്ത്രാലയത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണിപ്പോൾ സ്‌കൂളിന്റെ ദൈനംദിന കാര്യങ്ങൾ നടക്കുന്നത്.
പുതിയ പ്രിൻസിപ്പലിനെ തെരഞ്ഞെടുത്തുവെന്ന അറിയിപ്പുണ്ടായിരുന്നുവെങ്കിലും അതും ഇതുവരേക്കും നടപ്പാക്കിയിട്ടില്ല. നിലവിലെ വൈസ് പ്രിൻസിപ്പലിനാണ് ഇപ്പോൾ പ്രിൻസിപ്പലിന്റെ ചുമതല. അദ്ദേഹത്തിന് പൂർണാധികാരം ഇല്ലാത്തതിനാൽ പല കാര്യങ്ങളിലും തീരുമാനങ്ങൾ വളരെ വൈകിയാണ് ഉണ്ടാവുന്നതെന്ന് ആക്ഷേപമുണ്ട്.
ആൺകുട്ടികളുടെ സ്‌കൂൾ കെട്ടിടം ഒഴിയാൻ തീരുമാനിക്കുകയും പിന്നീട് രക്ഷിതാക്കളുടേയും കുട്ടികളുടേയുമെല്ലാം സമ്മർദത്താൽ അവിടെ തന്നെ തുടരാൻ തീരുമാനിക്കുകയുമായിരുന്നു. വാടക വർധിപ്പിക്കണമെന്ന കെട്ടിട ഉടമയുടെ ആവശ്യത്തിന്മേൽ താൽക്കാലിക കരാറുണ്ടാക്കി ജൂൺ വരെ തുടരുന്നതിനുള്ള അനുമതിയാണ് സമ്പാദിച്ചിട്ടുള്ളത്. കരാർ എത്രയും വേഗം വീണ്ടും പുതുക്കിയില്ലെങ്കിൽ സ്ഥിതിഗതികൾ വീണ്ടും സങ്കീർണമാകും.
നിലവിലെ കരാർ തീരാൻ ഏതാനും മാസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. ഇതിനിടെ വാർഷിക അവധിയും മറ്റും വരുന്നതിനാൽ നേരത്തെ തന്നെ ഇക്കാര്യത്തിൽ തീരുമാനം എടുത്തില്ലെങ്കിൽ കുട്ടികളുടെ പഠനം തന്നെ അവതാളത്തിലാകുന്നിടത്തേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. മാനേജിംഗ് കമ്മിറ്റി ഇല്ലാത്ത സാഹചര്യത്തിൽ ഇതുമായി ബന്ധപ്പെട്ട ചർച്ചകളൊന്നും പിന്നീടുണ്ടായിട്ടില്ല.
അതിനിടെ അടുത്ത അധ്യയന വർഷം തുടരാൻ ആഗ്രഹിക്കുന്ന കുട്ടികളുടെ കണക്കെടുപ്പ് സ്‌കൂൾ അധികൃതർ നടത്തിയിരുന്നു. അടുത്ത അധ്യയന വർഷത്തേക്ക് പ്രവേശനത്തിനുള്ള അപേക്ഷകൾ സ്വീകരിക്കാനും തുടങ്ങിയിരുന്നു. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി അപേക്ഷാ സ്വീകരണം നേരത്തെയായിരുന്നു. എങ്കിലും നിശ്ചിത തീയതി കഴിഞ്ഞും ഒരാഴ്ച കൂടി അപേക്ഷ സ്വീകരിക്കുന്ന തീയതി നീട്ടിയിരിക്കുകയാണ്.
ഫെബ്രുവരി ഏഴ് വരെയാണ് ഇപ്പോൾ നീട്ടിയത്. കുട്ടികൾ എത്ര പേർ അടുത്ത അധ്യയന വർഷം ഉണ്ടാകുമെന്ന കണക്കെടുപ്പിനു വേണ്ടിയാണിതെന്നാണ് സൂചന. പക്ഷേ, മാനേജിംഗ് കമ്മിറ്റിയുടെയും പ്രിൻസിപ്പലിന്റെയും അഭാവം തീരുമാനങ്ങൾ എടുക്കുന്നതിനും അതു നടപ്പാക്കുന്നതിനും കാലതാമസം ഉണ്ടാക്കുന്നുണ്ട്. ഇതിൽ രക്ഷിതാക്കൾ ആശങ്കയിലാണ്.
കാലാവധി പൂർത്തിയാക്കുന്നതിന് ഒരു വർഷം മുൻപെ പിരിച്ചുവിട്ട മാനേജിംഗ് കമ്മിറ്റിക്കു പകരം പുതിയ ഭരണ സമിതിയെ തെരഞ്ഞെടുക്കുന്നതിന് നടപടികൾ ആരംഭിച്ചുവെങ്കിലും സ്ഥാനാർഥി ക്ഷാമത്തിന്റെ പേരിൽ അതു ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞ ഡിസംബർ എട്ടിനാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നത്. 21 പേർ പത്രിക വാങ്ങിയതിൽ 11 പേർ പത്രിക സമർപ്പിച്ചുവെങ്കിലും മതിയായ യോഗ്യരായവർ ഇല്ലെന്ന കാരണം പറഞ്ഞ് തെരഞ്ഞെടുപ്പ് ഉപേക്ഷിക്കുകയായിരുന്നു. അഞ്ചു പേരെ രക്ഷിതാക്കൾ നേരിട്ടും രണ്ടുപേരെ സ്‌കൂൾ പേട്രണായ അംബാസഡർ നോമിനേറ്റു ചെയ്തും ഏഴംഗ ഭരണ സമിതിയെ തെരഞ്ഞെടുക്കാനായിരുന്നു തീരുമാനം.
എന്നാൽ മതിയായ യോഗ്യതയുള്ള സ്ഥാനാർഥികൾ ഇല്ലാതായതോടെ എല്ലാവരെയും നോമിനേറ്റ് ചെയ്യുന്നതിന് തീരുമാനിക്കുകയും ഉടൻ പ്രഖ്യാപനം ഉണ്ടാവുമെന്ന് സ്‌കൂൾ നിരീക്ഷകനായ ഡപ്യൂട്ടി കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം അറിയിക്കുകയും ചെയ്തുവെങ്കിലും അതും ഇതുവരേക്കും ഉണ്ടായിട്ടില്ല. ഇതുമൂലം സ്‌കൂൾ പ്രവർത്തനങ്ങൾ പ്രതിസന്ധിയിലാണ്.
8000 റിയാലിൽ കൂടുതൽ പ്രതിമാസ ശമ്പളമുള്ള ബിരുദാനന്തര ബിരുദധാരി എന്നതായിരുന്നു സ്ഥാനാർഥികളാകുന്നതിനുള്ള അടിസ്ഥാന യോഗ്യതയായി നിശ്ചയിച്ചിരുന്നത്. മുൻപൊന്നുമില്ലാത്ത വിധം ബിരുദാനന്തര ബിരുദം വേണമെന്നതും ഒരു സംസ്ഥാനത്തു നിന്ന് ഒരാളെ മാത്രമേ തെരഞ്ഞെടുക്കൂ തുടങ്ങിയ പുതിയ നിബന്ധനകളാണ് സ്ഥാനാർഥികൾ കുറയാൻ ഇടയാക്കിയത്.