അബഹ - വിനോദ സഞ്ചാരികൾ അടക്കമുള്ളവരെ ആകർഷിക്കുന്നതിന് റെസ്റ്റോറന്റ് ആയി പ്രവർത്തിപ്പിക്കുന്നതിന് അബഹയിൽ എത്തിച്ച സൗദിയ ബോയിംഗ് 747 ജംബോ ഇനത്തിൽപെട്ട പഴയ വിമാനം അഞ്ചു വർഷമായി പ്രയോജനപ്പെടുത്താതെ പൊടിപിടിച്ച് കിടക്കുന്നു. അബഹക്ക് വടക്ക് മലമ്പ്രദേശമായ ഉമ്മുറകബിലാണ് വിമാനമുള്ളത്. 2014 മാർച്ചിലാണ് ഏറെ ശ്രമകരമായ ദൗത്യത്തിലൂടെ വിമാനം ഇവിടെയെത്തിച്ചത്. മദീന പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര എയർപോർട്ടിൽനിന്ന് പതിനാലു ദിവസമെടുത്താണ് കൂറ്റൻ ട്രെയിലറുകളിൽ വിമാന ഭാഗങ്ങൾ അബഹയിലെത്തിച്ചത്. ഇതിനു മാത്രം ഇരുപതു ലക്ഷത്തിലേറെ റിയാൽ ചെലവ് വന്നു. ഇതിനു ശേഷം വിമാനം ഉപേക്ഷിക്കപ്പെടുകയായിരുന്നു. വിമാനം റെസ്റ്റോറന്റ് ആയി പരിവർത്തിപ്പിക്കുന്നത് പ്രദേശവാസികൾ കാത്തിരിക്കുകയാണ്.
വിമാന റെസ്റ്റോറന്റ് അടങ്ങിയ വിനോദ സഞ്ചാര പദ്ധതിക്ക് അബഹക്ക് വടക്ക് പതിനേഴു ലക്ഷം ചതുരശ്രമീറ്റർ സ്ഥലം നഗരസഭ നീക്കിവെച്ചിട്ടുണ്ട്. പദ്ധതിയിൽ സ്വകാര്യ നിക്ഷേപകരുടെ പങ്കാളിത്തം പ്രയോജനപ്പെടുത്തുമെന്നും പദ്ധതിയിൽ നിക്ഷേപങ്ങൾ നടത്തുന്നതിന് വിദേശ കമ്പനികളും മലേഷ്യൻ കമ്പനികളും മുന്നോട്ടുവന്നതായും 2014 ൽ അസീർ നഗരസഭ അറിയിച്ചിരുന്നു.
ടെണ്ടറുകൾ തുറന്നതായും വിമാനം റെസ്റ്റോറന്റ് ആയി പരിവർത്തിപ്പിക്കൽ, അണ്ടർ ഗ്രൗണ്ട് മോട്ടൽ നിർമിക്കൽ എന്നിവ ഉൾപ്പെട്ട പദ്ധതിയുടെ ആദ്യ ഘട്ടത്തിന്റെ കരാർ രണ്ടര കോടി റിയാലിന് സ്വകാര്യ കരാറുകാരന് അനുവദിച്ചതായും 2015 ഫെബ്രുവരി 11 ന് നഗരസഭ അറിയിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് ജംബോ വിമാനം ലോറി മാർഗം അബഹയിലെത്തിച്ചത്. സാങ്കേതിക വിദഗ്ധർ ഇരുപതു ദിവസമെടുത്താണ് മദീന എയർപോർട്ടിൽ വെച്ച് വിമാനം ഭാഗങ്ങളാക്കി മാറ്റിയത്. വിമാനം റോഡു മാർഗം അബഹയിലെത്തിച്ചത് ഏറെ നാശനഷ്ടങ്ങൾക്ക് ഇടയാക്കിയിരുന്നു. പാലങ്ങൾക്കും വൈദ്യുതി ലൈനുകൾക്കും റോഡുകളിൽ സ്ഥാപിച്ച സൗന്ദര്യശിൽപങ്ങൾക്കും കേടുപാടുകൾ സംഭവിക്കുകയും റോഡുകളിൽ ഗതാഗതക്കുരുക്കുകൾ ഉടലെടുക്കുകയും ചെയ്തിരുന്നു. ഇത് ഏറെ വിമർശനങ്ങൾക്കും ഇടയാക്കി.
അബഹക്ക് വടക്ക് ഉമ്മുറകബ് മലയുടെ മുകളിൽ എത്തിച്ച വിമാന ഭാഗങ്ങൾ വീണ്ടും കൂട്ടിയോജിപ്പിച്ചു. ഇതിനു ശേഷം വിമാന റെസ്റ്റോറന്റ് പദ്ധതിയിൽ ഒരുവിധ പുരോഗതിയുമുണ്ടായിട്ടില്ല. കഴിഞ്ഞ കാലങ്ങളിൽ വിമാനം പ്രയോജനപ്പെടുത്തുമെന്ന് ഉന്നതാധികൃതർ ആവർത്തിച്ച് വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഒന്നും യാഥാർഥ്യമായില്ല. കരാർ നേടിയെടുത്ത കമ്പനി നേരിട്ട സാമ്പത്തിക പ്രശ്‌നങ്ങളാണ് പദ്ധതി തടസ്സപ്പെടുന്നതിലേക്ക് നയിച്ചതെന്നാണ് വിവരം.