ചങ്ങനാശേരി- വിരട്ടേണ്ടെന്ന കോടിയേരിയുടെ വിരട്ടലിന്, വിരട്ടുമെന്ന തരത്തില്‍ സുകുമാരന്‍ നായരുടെ മറുപടി. എന്‍.എസ്.എസ് പറഞ്ഞാല്‍ നായന്മാര്‍ കേള്‍ക്കുമോയെന്നു കാണിച്ചുകൊടുക്കുമെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി പറഞ്ഞു.
താലൂക്ക് യൂണിയന്‍ പ്രതിഭാ സംഗമം പെരുന്നയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കമ്യൂണിസ്റ്റുകാര്‍ കൂടുന്നിടത്തൊക്കെ നവോത്ഥാന നായകനായ മന്നത്ത് പത്മനാഭന്റെ ഛായാചിത്രം വയ്ക്കുന്ന കാഴ്ചയാണ് ഇപ്പോള്‍്.
അയ്യപ്പവിശ്വാസത്തിന്റെ കടയ്ക്കലാണു സംസ്ഥാന സര്‍ക്കാര്‍ കത്തിവച്ചത്. ശബരിമലയിലെ യുവതീപ്രവേശനവും നവോത്ഥാനവും തമ്മില്‍ ബന്ധമില്ല. ശബരിമലയുടെ കാര്യത്തില്‍ എന്‍.എസ്.എസ്. ഉറച്ച നിലപാടാണു സ്വീകരിച്ചത്. കോടതിവിധിയെ സ്വാഗതം ചെയ്ത പലര്‍ക്കും പിന്നീട് വോട്ടുബാങ്ക് നോക്കി എന്‍.എസ്.എസിന്റെ നിലപാടിലേക്ക് എത്തേണ്ടിവന്നു.
എസ്.എന്‍.ഡി.പി. എന്ന പ്രസ്ഥാനത്തിന് എന്‍.എസ്.എസിനെക്കാളും പഴക്കമുണ്ട്. എന്നാല്‍ ഇപ്പോള്‍ അവരെ നയിക്കുന്നവരുടെ നയമാണു പ്രശ്‌നമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
ആരുടെയെങ്കിലും കാലു പിടിക്കാനോ ആര്‍ക്കെങ്കിലും മുന്നില്‍ കൈനീട്ടാനോ പ്രക്ഷോഭം നടത്താനോ പോകാതെ, ഒരു തുള്ളി രക്തം പൊടിയാതെ സാമ്പത്തിക സംവരണം നടപ്പാക്കാന്‍ കഴിഞ്ഞത് ബുദ്ധിയും യുക്തിയും കൊണ്ടു മാത്രമാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.