Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കരിപ്പൂരിനെ വിഴുങ്ങി  കണ്ണൂർ വികസിപ്പിക്കരുത്‌

കേരളത്തിൽ പൊതു മേഖലയിൽ അവശേഷിക്കുന്ന ഏക വിമാനത്താവളമാണ് കരിപ്പൂരിലെ കാലിക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളം. മൂന്ന് ദശകങ്ങളുടെ ചരിത്രമുള്ള ഈ വിമാനത്താവളം മലബാർ പ്രവാസികളുടെ ഗേറ്റ് വേയാണ്. മൂന്ന് വർഷത്തെ കടുത്ത അവഗണനയ്ക്ക് ശേഷം തിരിച്ചു വരവിന്റെ പാതയിലാണ് കോഴിക്കോട് വിമാനത്താവളം. സൗദി അറേബ്യൻ എയർലൈൻസ് പുനരാരംഭിച്ചപ്പോൾ പ്രകടമായ ഉത്സവാന്തരീക്ഷം വീക്ഷിച്ചാൽ മാത്രം മതി ഈ ജനകീയ വിമാനത്താവളത്തിന്റെ പ്രസക്തി മനസ്സിലാവാൻ. കാലിക്കറ്റ് -ജിദ്ദ റൂട്ടിൽ പുനരാരംഭിച്ച സൗദിയ ഈ സെക്ടറിന്റെ പ്രാധാന്യം പെട്ടെന്ന് തിരിച്ചറിയാനായി. അതുകൊണ്ടാണല്ലോ ഈ ആഴ്ച മുതൽ സർവീസിന്റെ ഫ്രീക്വൻസി കൂട്ടുന്നത്. ജിദ്ദ-കോഴിക്കോട് വിമാനം എല്ലാ ദിവസവുമുണ്ടാവുമെന്നതാണ് നേട്ടം. വ്യാഴാഴ്ചകളിൽ രണ്ടെണ്ണമുണ്ടാവുമെന്നത് പ്രവാസികളുടെ ആഹ്ലാദം ഇരട്ടിപ്പിക്കുന്നു. കഴിഞ്ഞ ദിവസം ഫ്‌ളൈ ദുബായിയും കരിപ്പൂരിൽ വന്നിറങ്ങി. ഇടക്കാലത്ത് നിലച്ചുപോയ ശ്രീലങ്കനും തിരിച്ചു വരവിന്റെ പാതയിലാണ്. ഇതൊന്നുമറിയാത്ത ഭാവത്തിലാണ് ഇന്ത്യയുടെ പതാക വാഹകരായ എയർ ഇന്ത്യ. ജിദ്ദ-കാലിക്കറ്റ് റൂട്ടിൽ വലിയ വിമാനങ്ങൾ എയർ ഇന്ത്യ പറത്തിയപ്പോൾ എല്ലാ കാലത്തും നിറയെ യാത്രക്കാരായിരുന്നു. ഉറങ്ങുന്നവനെ വിളിച്ചുണർത്താം, ഉറക്കം നടിക്കുന്നവനെ എന്ത് ചെയ്യാൻ? 
വലിയ വിമാനങ്ങളിറങ്ങുന്നത് ഏർപ്പെടുത്തിയിരുന്ന തടസ്സം നീക്കിയത് ദൽഹിയിലെ അധികൃതരാണ്. 
എയർപോർട്ട് അതോറിറ്റിയുടെ ഉന്നത ഉദ്യോഗസ്ഥർ കരിപ്പൂർ വിമാനത്താവളം സന്ദർശിച്ച് തയാറാക്കിയ എഴുപത് പേജുള്ള പഠന റിപ്പോർട്ട് അംഗീകരിച്ചതിനെ തുടർന്നാണ് തടസ്സങ്ങൾ നീങ്ങിയത്. മുന്നൂറ് മുതൽ നാനൂറ് വരെ യാത്രക്കാർക്ക് കയറാവുന്ന ബോയിംഗ് 777,  ഡ്രീംലൈനർ  തുടങ്ങിയ വിമാനങ്ങൾക്ക് അനുമതി നൽകാനാണ് അതോറിറ്റിയോട് ശിപാർശ ചെയ്തിരുന്നത്. ഇതിനെ തുടർന്ന് ചെയർമാന്റെ ഉത്തരവ് പുറത്തിറങ്ങിയതോടെയാണ് കാലിക്കറ്റ് എയർപോർട്ട് പൂർവ പ്രതാപത്തിലേക്ക് തിരിച്ചെത്തുമെന്ന പ്രതീതിയുണ്ടായത്. 
2015 മുതൽ റൺവേയുടെ സുരക്ഷാ പ്രശ്‌നങ്ങൾ ഉന്നയിച്ചതിനെ തുടർന്നാണ് വലിയ വിമാനങ്ങൾ സർവ്വീസ്  നിർത്തിവെച്ചത്. 2850 മീറ്ററുള്ള റൺവേ ദൈർഘ്യമുള്ള എയർപോർട്ട് കോഡ്-ഡി വിമാനങ്ങളുടെ പ്രവർത്തനത്തിനായി രൂപകൽപ്പന ചെയ്തതാണെന്നും രണ്ട് അറ്റത്തും മതിയായ റിസയില്ലെന്നും ഡി.ജി.സി.എ പരിശോധനയിൽ കണ്ടെത്തിയിരുന്നു. തുടർന്നാണ് റിസ നീളം കൂട്ടാൻ അഥോറിറ്റി പദ്ധതി തയാറാക്കി സമർപ്പിച്ചത്. റൺവെയുടെ അറ്റം കാണുന്നതിന് സ്ഥാപിച്ച ലൈറ്റിംഗ് സംവിധാനം മുന്നിലേക്ക് സ്ഥാപിച്ച് 90 മീറ്ററിലുളള റിസ റൺവെ ഉൾപ്പെടുത്തി 240 ആക്കുകയാണ് ചെയ്തത്.  കരിപ്പൂരിൽ ഉദ്ഘാടനം ചെയ്ത പുതിയ ടെർമിനൽ 120 കോടി മുടക്കിയാണ് കേന്ദ്ര സർക്കാർ പണിതത്. 
ഇതെല്ലാം നിരീക്ഷിക്കുമ്പോൾ കരിപ്പൂരിന് ഇനി മുന്നേറാമെന്നാണ് എല്ലാവരും ധരിക്കുക. തൽപര കക്ഷികൾ സ്വകാര്യ വിമാന താവളങ്ങൾക്കായി ചരട് വലിക്കുമ്പോൾ പിടഞ്ഞു വീണ് മരിക്കുന്നത് പൊതു മേഖലയിലെ വിമാനത്താവളമാണ്. 
കോഴിക്കോടിന് പുറമേ കണ്ണൂരിലും വിമാനത്താവളം വന്നത് മലബാറിന്റെ വികസനത്തിന് സഹായകമാവുമെന്നതിൽ സംശയമില്ല. പരസ്പര സഹകരണത്തോടെ, ആരോഗ്യകരമായ മത്സരങ്ങളിലൂടെ രണ്ടിനും വികസിക്കാവുന്നതേയുള്ളു. നൂറ് കിലോ മീറ്ററിൽ താഴെ ദൂരത്താണ് രണ്ട് അന്താരാഷ്ട്ര വിമാനത്താവളങ്ങൾ. 
കേരളത്തിന് ലഭിച്ച വിശിഷ്ട സമ്മാനമാണ് കണ്ണൂർ മട്ടന്നൂരിലെ വിമാനത്താവളം. തലശ്ശേരി, കണ്ണൂർ നഗരങ്ങളിൽനിന്ന് ഏതാണ്ട് തുല്യദൂരത്തിലാണ് മട്ടന്നൂരിനടുത്ത മൂർഖൻ പറമ്പിലെ എയർപോർട്ട്.സംസ്ഥാനത്തെ മറ്റു വിമാനത്താവളങ്ങളെല്ലാം തൊട്ടടുത്ത ഒരു നഗരത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്. 
കണ്ണൂരിനോളം വികസിപ്പിക്കാൻ സാധ്യതയുള്ള ഒരു പട്ടണം കേരളത്തിലില്ല. ഹൈദരാബാദ്-സെക്കന്തരാബാദ് മാതൃകയിൽ ഇരട്ട നഗരങ്ങളാക്കാനും അനുയോജ്യമാണ് വടക്കൻ കേരളത്തിലെ ഈ കേന്ദ്രങ്ങൾ. 
ആഭ്യന്തര വിമാന യാത്രികരേക്കാൾ കൂടുതലായി വിദേശ യാത്രക്കാരെ പ്രതീക്ഷിക്കുന്നതാണ്  കണ്ണൂരിലെ പുതിയ വിമാനത്താവളം. നാട്ടിലെ തൊഴിൽ സാധ്യതകൾ കുറയുമ്പോൾ വിദ്യാസമ്പന്നരായ യുവതലമുറയ്ക്ക് പ്രതീക്ഷ വിദേശങ്ങളിലെ സാധ്യതകളാണ്. 
തൊഴിൽ അന്വേഷിച്ച് ലോകത്തിന്റെ  നാനാഭാഗത്തേക്കും മലയാളികൾ കുടിയേറ്റം തുടങ്ങിയിട്ട് കാലമേറെയായി.  നാല്  ദശകങ്ങൾക്ക്  മുമ്പ് ഗൾഫ് രാജ്യങ്ങളിലേക്ക് തൊഴിൽ തേടിയെത്തിയ  കേരളീയരുടെ പിന്മുറക്കാർ ആസ്‌ത്രേലിയ, കാനഡ, ന്യൂസിലാന്റ്, ബ്രിട്ടൻ, മലേഷ്യ എന്നീ രാജ്യങ്ങളിലേക്കും  ഇപ്പോൾ തൊഴിലന്വേഷകരായി പോകുന്നു.  
വിദേശനാണ്യം നേടിതരുന്ന മറ്റൊരു മേഖലയായി വിനോദസഞ്ചാരരംഗം മാറിയിരിക്കുന്നു. അര നൂറ്റാണ്ടിനിടയിൽ ഇന്ത്യ സന്ദർശിക്കാനെത്തിയ വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തിലുണ്ടായ വർധനവ്  അഭിമാനകരമാണ്. 1950-ൽ വെറു പതിനേഴായിരം വിനോദ സഞ്ചാരികളെത്തിയ സ്ഥാനത്ത് കഴിഞ്ഞ വർഷം 2.87 മില്യൺ വിനോദ സഞ്ചാരികൾ എത്തിച്ചേർന്നു. ഇതിലൂടെ നാല് ബില്യൺ ഡോളർ  വിദേശ നാണയം നേടുകയും ചെയ്തു. 
കേരളത്തിൽ ഒരു അന്താരാഷ്ട്ര വിമാനത്താവളം (തിരുവനന്തപുരം) മാത്രമുണ്ടായിരുന്നപ്പോൾ കോഴിക്കോട്ട് അന്താരാഷ്ട്ര താവളം വേണമെന്ന  ആവശ്യമുയർന്നു. അന്ന് കേന്ദ്ര വ്യോമ ഗതാഗത മന്ത്രിയായിരുന്ന ഗുലാം നബി ആസാദ് പറഞ്ഞത് അഞ്ഞൂറ് കിലോ മീറ്റർ ദൂരത്തിനിടക്ക് രണ്ടാമതൊരു അന്താരാഷ്ട്ര വിമാനത്താവളം പറ്റില്ലെന്നായിരുന്നു. ഇപ്പറഞ്ഞതിൽ കാര്യമില്ലെന്ന് പിൽക്കാലത്ത് നെടുമ്പാശ്ശേരിയും കരിപ്പൂരും രാജ്യാന്തര പദവിയിലേക്ക് ഉയർന്നപ്പോൾ വ്യക്തമാവുകയും ചെയ്തു. ലോകം വിരൽ തുമ്പിലൊതുങ്ങിയ ഇക്കാലത്ത് കടലുകൾ താണ്ടി ജീവിത മാർഗം തേടുന്ന യുവാക്കൾക്ക് കൂടുതൽ കവാടങ്ങൾ തുറക്കുകയാണ് സർക്കാരുകൾ ചെയ്യേണ്ടത്. 
കുടകിലെ നാണ്യവിളകൾ മുതൽ മാട്ടൂൽ കടപ്പുറത്തെ ഉണക്കമീൻ വരെ കയറ്റുമതി ചെയ്ത് കോടികളുടെ വിദേശ നാണയ ശേഖരം വാരാനുള്ളതാണ് കണ്ണൂർ എയർപോർട്ട്. കൈത്തറിയുടെ സ്വന്തം നാട്ടിൽ നിന്നുള്ള തുണിത്തരങ്ങൾക്കും വിദേശ വിപണി കണ്ടെത്താം. 
റൺവേയുടെ ദൈർഘ്യത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ  നാലാമത്തെ വിമാനത്താവളമായി മാറും  കണ്ണൂർ വിമാനത്താവളം. പാസഞ്ചർ ടെർമിനലിന്റെ വലുപ്പത്തിൽ രാജ്യത്ത് എട്ടാം സ്ഥാനമാണ് കണ്ണൂരിന്. 95,000 ചതുരശ്രമീറ്റർ ആണ് പാസഞ്ചർ ടെർമിനൽ കെട്ടിടത്തിന്റെ വിസ്തൃതി. 
1996 ജനുവരി 19ന് അന്നത്തെ കേന്ദ്ര വ്യോമയാന മന്ത്രിയായിരുന്ന സി.എം ഇബ്രാഹിമാണ് കണ്ണൂർ വിമാനത്താവളത്തെക്കുറിച്ച് ആദ്യമായി പ്രഖ്യാപിച്ചത്. പുതിയാപ്ലയുടെ എയർപോർട്ടെന്നാണ് സരസനായ മുൻ മുഖ്യമന്ത്രി ഇ.കെ വിശേഷിപ്പിക്കാറുള്ളത്. കർണാടകയിൽ സ്ഥിരതാമസമാക്കിയ ഇബ്രാഹിമിന്റെ ബന്ധുക്കൾ മട്ടന്നൂർ പ്രദേശത്ത് ധാരാളമായുണ്ട്. 
2013 ജൂലൈയിലാണ് വിമാനത്താവളത്തിന് പരിസ്ഥിതി അനുമതി  ലഭിച്ചത്. നിർമ്മാണ ഉദഘാടനം 2014 ഫെബ്രുവരി രണ്ടിന് അന്നത്തെ കേന്ദ്ര പ്രതിരോധമന്ത്രി എ.കെ ആന്റണി നിർവ്വഹിച്ചു. 
കർണാടക-കേരള അതിർത്തിയായ കൂട്ടുപുഴ മുതൽ മട്ടന്നൂർ വരെയും കോഴിക്കോട് ജില്ലയിലെ കുറ്റിയാടിയിൽ  നിന്ന് എയർപോർട്ട് വരെയുമുള്ള റോഡുകളുടെ നില മെച്ചപ്പെടുത്തുന്ന ജോലി പുരോഗമിച്ചു വരികയാണ്. 
കോഴിക്കോട് ജില്ലയിലെ പയ്യോളി മുതലുള്ള പ്രദേശങ്ങൾ, വടക്കേ വയനാട്, കണ്ണൂർ, കാസർകോട് ജില്ലകൾ, കർണാടകയിലെ കുടക്, തമിഴുനാട്ടിലെ നീലഗിരി ജില്ലകളിൽ  നിന്നെല്ലാം പുതിയ വിമാനത്താവളം യാത്രക്കാരെ പ്രതീക്ഷിക്കുന്നു. 
വിമാനത്താവളത്തിന്റെ സമീപ നഗരങ്ങളായ തലശ്ശേരി, കണ്ണൂർ എന്നിവിടങ്ങളിൽനിന്നുമുള്ള റോഡുകളുടെ നിലവാരവും മെച്ചപ്പെടുത്തി വരികയാണ്.  
ഇതെല്ലാം നല്ല കാര്യം. എപ്പോഴാണ് ഒരു ബദൽ വിമാനത്താവളം വേണ്ടി വരികയെന്ന് ആർക്കും പറയാനാവില്ലല്ലോ. കഴിഞ്ഞ വർഷം കേരളം നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം അഭിമുഖീകരിച്ചപ്പോൾ കൊച്ചി വിമാനത്താവളം അടച്ചിടേണ്ടി വന്നുവല്ലോ. അന്ന് വിമാനങ്ങൾ തിരിച്ചു വിട്ടത് ഗോവ, ഹൈദരാബാദ്, ബംഗളുരു, കോയമ്പത്തൂർ, ചെന്നൈ എന്നീ ദൂരദിക്കുകളിലെ എയർപോർട്ടുകളിലേക്കായിരുന്നു. കേരള മുഖ്യമന്ത്രി വിഷയത്തിൽ ഇടപെട്ട ശേഷമാണ് തൊട്ടടുത്ത കരിപ്പൂർ എയർപോർട്ട് ഉപയോഗപ്പെടുത്തുന്നതിനെ കുറിച്ച് ചിന്തിച്ചത്. അത് കഴിഞ്ഞപ്പോൾ നാവിക സേനയുടേയും രക്ഷാ പ്രവർത്തകരുടേയും വിമാനങ്ങൾ വന്നിറങ്ങി കരിപ്പൂരിൽ റെക്കോർഡ് സൃഷ്ടിക്കുകയായിരുന്നുവല്ലോ. 
കരിപ്പൂരിനില്ലാത്ത ചില ആനുകൂല്യങ്ങൾ കണ്ണൂർ വിമാനത്താവളത്തിന് നൽകി വരുന്നുണ്ട്. വിമാന ഇന്ധന നികുതിയിനത്തിൽ കരിപ്പൂരിൽ 28 ശതമാനം ശേഖരിക്കുമ്പോൾ കണ്ണൂരിൽ ഇത് ഒരു ശതമാനം മാത്രമാണ്. അടുത്ത പത്ത് വർഷത്തേക്ക് കണ്ണൂരിന് ഈ ഇളവ് ലഭിക്കും. ഇത് കാരണം കരിപ്പൂരിലെ ചെന്നൈ, ബംഗളുരു, ഹൈദരാബാദ് ഫ്‌ളൈറ്റുകൾ റദ്ദാക്കുകയുണ്ടായി. ഇതിൽ അപകടം പതിയിരിക്കുന്നുണ്ട്. ക്രമേണ കരിപ്പൂരിനെ പലരും ഉപേക്ഷിക്കും. ഇപ്പോൾ തെരഞ്ഞെടുപ്പ് കാലമാണ്. ജനപ്രതിനിധികൾ മനസ്സു വെച്ചാൽ പരിഹരിക്കാവുന്ന പ്രശ്‌നമാണിത്. ഗ്രീൻ ഫീൽഡായത് കൊണ്ടാണ് ഈ ഇളവെന്നത് പോലുള്ള ന്യായങ്ങളൊന്നും അംഗീകരിക്കാൻ നിർവാഹമില്ല.

Latest News