Sorry, you need to enable JavaScript to visit this website.

സന്തോഷ് ട്രോഫി: കേരളം തുടങ്ങുന്നു

നെയ്‌വേലി - സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ നിലവിലെ ചാമ്പ്യന്മാരായ കേരളം കിരീടം നിലനിര്‍ത്താനുള്ള പോരാട്ടം ഇന്നാരംഭിക്കുന്നു. തമിഴ്‌നാടിലെ നെയ്‌വേലി ഭാരതി സ്‌റ്റേഡിയത്തില്‍ ആരംഭിക്കുന്ന ദക്ഷിണ മേഖലാ യോഗ്യതാ റൗണ്ടില്‍ തെലങ്കാനയുമായാണ് കേരളത്തിന്റെ ആദ്യ മത്സരം. പുതുച്ചേരിയും സര്‍വീസസുമാണ് കേരളത്തിന്റെ ഗ്രൂപ്പിലെ മറ്റു ടീമുകള്‍. മറ്റു ടീമുകള്‍ ദുര്‍ബലമാണെന്നിരിക്കെ കേരളത്തിന് പ്രധാന വെല്ലുവിളി സര്‍വീസസില്‍ നിന്നായിരിക്കും. പ്രയാസകരമായ ഗ്രൂപ്പാണ് കേരളത്തിന്റേതെന്ന് കോച്ച് വി.പി ഷാജി പറഞ്ഞു. 
ചാമ്പ്യന്മാരാണെന്നത് വലിയ അഭിമാനമാണെങ്കിലും അത് സമ്മര്‍ദ്ദവും സൃഷ്ടിക്കുന്നുണ്ടെന്ന് ഷാജി അഭിപ്രായപ്പെട്ടു. എല്ലാ മത്സരവും പ്രധാനമാണ്, പ്രത്യേകിച്ചും സര്‍വീസസിനെതിരെ. പക്ഷെ ഒരുങ്ങിത്തന്നെയാണ് കേരളം എത്തിയിരിക്കുന്നത് -മുന്‍ ഇന്ത്യന്‍ താരം പറഞ്ഞു. 
ഇത്തവണ യുവനിരയാണ് കേരളത്തെ പ്രതിനിധീകരിക്കുന്നത്. സന്തോഷ് ട്രോഫിയില്‍ അഞ്ചാം തവണ കേരളത്തെ പ്രതിനിധീകരിക്കുന്ന എസ്. സീസണാണ് നായകന്‍. ഗോള്‍കീപ്പര്‍ വി. മിഥുന്‍ വൈസ് ക്യാപ്റ്റനും. മിഥുനും ഇത് അഞ്ചാമത്തെ സന്തോഷ് ട്രോഫിയാണ്. കേരളാ ടീമില്‍ ഒമ്പത് പുതുമുഖങ്ങളും ഏഴ് അണ്ടര്‍-21 കളിക്കാരുമുണ്ട്. ഫ്രാന്‍സിസ് എസ്, സ്റ്റെഫിന്‍ ദാസ്, അലക്‌സ് സജി, മുഹമ്മദ് അസ്ഹര്‍ കെ, മുഹമ്മദ് സലാഹ്, ക്രിസ്റ്റി ഡേവിസ്, മുഹമ്മദ് ഇനായത്, സഫ്‌വാന്‍ എം, ഗിഫ്റ്റി ഗ്രേഷ്യസ് എന്നിവരാണ് പുതുമുഖങ്ങള്‍. ഇനായത് അണ്ടര്‍-17 ലോകകപ്പിനുള്ള ഇന്ത്യന്‍ ക്യാമ്പിലുണ്ടായിരുന്നു. 
നിരവധി പ്രമുഖരുടെ അഭാവം ടീമിന് ക്ഷീണം ചെയ്യും. പ്രത്യേകിച്ചും ഫോര്‍വേഡ് വി.കെ. അഫ്ദാല്‍, ഡിഫന്റര്‍മാരായ ജി. ശ്രീരാഗ്, വിപിന്‍ തോമസ് എന്നിവര്‍ കൊല്‍ക്കത്തയില്‍ കഴിഞ്ഞ വര്‍ഷം കിരീടം നേടിയ ടീമിന്റെ അവിഭാജ്യ ഘടകമായിരുന്നു. അഫ്ദാലിനെ കേരളാ ബ്ലാസ്റ്റേഴ്‌സ് വിട്ടുനല്‍കിയില്ല. ശ്രീരാഗും വിപിനും കേരളാ പോലീസ് താരങ്ങളാണ്. കേരളാ പോലീസ് മലപ്പുറത്ത് ദേശീയ പോലീസ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കളിക്കുകയാണ്. കഴിഞ്ഞ വര്‍ഷത്തെ ടോപ്‌സ്‌കോറര്‍ ജിതിന്‍ എം.എസിനെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഐ.എസ്.എല്ലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതിനാല്‍ സന്തോഷ് ട്രോഫിയില്‍ കളിക്കാനാവില്ല. 
ആതിഥേയരായ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് ടീമുകളടങ്ങിയ ഗ്രൂപ്പിന്റെ മത്സരവും നെയ്‌വേലിയില്‍ തന്നെ നടക്കുന്നുണ്ട്. തമിഴ്‌നാടിനെ ആന്ധ്ര ആദ്യ ദിനം 1-1 ന തളച്ചു. പന്ത്രണ്ടാം മിനിറ്റില്‍ ജി. മഞ്ജുനാഥിന്റെ പെനാല്‍ട്ടിയിലൂടെ ആന്ധ്ര ആതിഥേയരെ ഞെട്ടിച്ചു. അറുപത്തിമൂന്നാം മിനിറ്റില്‍ ടി. വിജയ് ഗോള്‍ മടക്കി. 


 

Latest News