അബുദാബി- അറേബ്യൻ ഉപദ്വീപിൽ ഇതാദ്യമായി ഒരി പോപ്പിന്റെ പാദസ്പർശം. ക്രിസ്ത്യൻ-മുസ്‌ലിം സൗഹാർദത്തിന്റെ പുതിയ ചരിത്രം കുറിച്ച് പോപ്പ് ഫ്രാൻസിസ് ഇന്നലെ രാത്രി അബുദാബിയിലെത്തി. ദുബായിലെ കാത്തലിക് സമൂഹവും പോപ്പിന്റെ വരവിനെ ആവേശത്തോടെയാണ് ഏറ്റുവാങ്ങിയത്.
അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാൻ അദ്ദേഹത്തെ സ്വീകരിച്ചു.
ചരിത്രത്തിലാദ്യമായാണ് ഇസ്ലാമിന്റെ ജന്മഭൂമിയായ അറേബ്യൻ ഉപഭൂഖണ്ഡത്തിൽ ഒരു മാർപ്പാപ്പ സന്ദർശനം നടത്തുന്നത്.
അബുദബിയിൽ നടക്കുന്ന മാനവ സാഹോദര്യ സമ്മേളനത്തിൽ പങ്കെടുക്കാൻ അബുദബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ക്ഷണം സ്വീകരിച്ചാണ് മാർപ്പാപ്പ എത്തിയത്. സമ്മേളനം ഇന്നലെ രാവിലെ എമിറേറ്റ്‌സ് പാലസിൽ ആരംഭിച്ചിരുന്നു. യു.എ.ഇയിലെങ്ങും പോപ് ഫ്രാൻസിസിനെ വരവേൽക്കാൻ വലിയ ഒരുക്കങ്ങളാണ് നടത്തിയത്.
രാത്രി പത്തിന് പ്രസിഡൻഷ്യൻ വിമാനത്താവളത്തിലാണ് അദ്ദേഹം ഇറങ്ങിയത്. അൽ മുശ്‌രിഫ് കൊട്ടാരത്തിലാണ് താമസം. ഇന്ന് ഉച്ചയ്ക്ക് 12ന് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാൻ മാർപ്പാപ്പയെ സ്വീകരിക്കും. ഈജിപ്തിലെ ചരിത്രപ്രസിദ്ധ ഇസ്ലാമിക കലാലയമായ അൽ അസ്ഹറിലെ ഗ്രാൻഡ് ഇമാം ഡോ. അഹ്മദ് അൽ ത്വയിബും മാർപ്പാപ്പയുമായി കൂടിക്കാഴ്ച നടത്തും.