റിയാദ്-യെമനിൽ കൊല്ലപ്പെട്ട മൈൻ വിദഗ്ധരുടെ മൃതദേഹങ്ങൾ വിമാന മാർഗം റിയാദിലെത്തിച്ചു. യെമൻ മനുഷ്യാവകാശ മന്ത്രി ഡോ. മുഹമ്മദ് അസ്‌കറും കിംഗ് സൽമാൻ റിലീഫ് ആന്റ് ഹ്യുമാനിറ്റേറിയൻ എയിഡ് സെന്റർ അധികൃതരും ചേർന്ന് റിയാദ് കിംഗ് സൽമാൻ വ്യോമതാവളത്തിൽ മൃതദേഹങ്ങൾ സ്വീകരിച്ചു.
ജനവാസ കേന്ദ്രങ്ങളിലും മറ്റും ഹൂത്തി മിലീഷ്യകൾ സ്ഥാപിച്ച മൈനുകൾ നീക്കം ചെയ്യുന്നതിനുള്ള സൗദി അറേബ്യൻ പദ്ധതിക്കു കീഴിൽ ജോലി ചെയ്തുവന്ന അഞ്ചു വിദഗ്ധരാണ് മാരിബിൽ കൊല്ലപ്പെട്ടത്. രണ്ടു ദക്ഷിണാഫ്രിക്കക്കാരും കൊസോവൊ, സെർബിയ, ക്രോയേഷ്യ എന്നീ രാജ്യങ്ങളിൽനിന്നുള്ള ഓരോരുത്തരുമാണ് കൊല്ലപ്പെട്ടത്. മൈനുകൾ വാഹനത്തിൽ നീക്കം ചെയ്യുന്നതിനിടെയുണ്ടായ സ്‌ഫോടനത്തിലാണ് ഇവർ കൊല്ലപ്പെട്ടത്.
ഹൂത്തികൾ സ്ഥാപിച്ച മൈനുകൾ പൊട്ടിത്തെറിച്ച് യെമനിൽ സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് യെമൻ മനുഷ്യാവകാശ മന്ത്രി പറഞ്ഞു. യെമനിൽ ഹൂത്തികൾ കുഴിച്ചിട്ട മൈനുകൾ നീക്കം ചെയ്ത് നിർവീര്യമാക്കുകയും ഈ മേഖലയിൽ യെമനികൾക്ക് പരിശീലനം നൽകുകയുമാണ് സൗദി അറേബ്യൻ പദ്ധതി ചെയ്യുന്നതെന്ന് ഡോ. മുഹമ്മദ് അസ്‌കർ പറഞ്ഞു. മൈൻ സ്‌ഫോടനങ്ങളിൽ പരിക്കേറ്റ പതിനേഴായിരത്തിലേറെ യെമനികൾക്ക് സൗദി അറേബ്യ ചികിത്സ ലഭ്യമാക്കിയിട്ടുണ്ടെന്ന് കിംഗ് സൽമാൻ റിലീഫ് ആന്റ് ഹ്യുമാനിറ്റേറിയൻ എയിഡ് സെന്ററിനു കീഴിലെ മെഡിക്കൽ എയിഡ് വിഭാഗം മേധാവി ഡോ. അബ്ദുല്ല അൽമുഅല്ലിം പറഞ്ഞു. മൈൻ സ്‌ഫോടനത്തിൽ അംഗഭംഗം വന്നവർക്ക് ചികിത്സ നൽകുന്നതിനും കൃത്രിമ അവയവങ്ങൾ ലഭ്യമാക്കുന്നതിനും സൗദി അറേബ്യ യെമനിൽ കേന്ദ്രങ്ങൾ തുറന്നിട്ടുണ്ട്. മൈൻ സ്‌ഫോടനങ്ങളിൽ പരിക്കേറ്റവർക്ക് 614 കൃത്രിമ അവയവങ്ങൾ കിംഗ് സൽമാൻ റിലീഫ് സെന്റർ ഘടിപ്പിച്ചു നൽകി. ഏദനിൽ കൃത്രിമ അവയവ നിർമാണ കേന്ദ്രം തുറന്നിട്ടുമുണ്ട്.
കൃത്രിമ അവയവങ്ങൾ ലഭ്യമാക്കുന്നതിന് റെഡ് ക്രോസിന് ഒരു കോടി ഡോളർ നൽകിയിട്ടുണ്ട്. യെമനിൽ ഹൂത്തികൾ കുഴിച്ചിട്ട മൈനുകൾ നീക്കം ചെയ്യുന്നതിനുള്ള പദ്ധതി കഴിഞ്ഞ ജൂണിലാണ് കിംഗ് സൽമാൻ സെന്റർ ആരംഭിച്ചത്. പദ്ധതിക്ക് നാലു കോടിയിലേറെ ഡോളർ അനുവദിച്ചിട്ടുണ്ടെന്നും ഡോ. അബ്ദുല്ല അൽമുഅല്ലിം പറഞ്ഞു.