കൊച്ചി - എറണാകുളം ലോക്‌സഭാ മണ്ഡലത്തിൽ യു ഡി എഫ് സ്ഥാനാർഥിയായി സിറ്റിംഗ് എം.പി പ്രൊഫ. കെ വി തോമസ് തന്നെ മത്സരിക്കുമെന്ന സൂചന ശക്തമായതോടെ ശക്തനായ സ്ഥാനാർഥിയെ രംഗത്തിറക്കാൻ സി പി എമ്മും ഒരുക്കം തുടങ്ങി. സൈമൺ ബ്രിട്ടോയുടെ ഭാര്യയും മാധ്യമ പ്രവർത്തകയുമായ സീനാ ഭാസ്‌കർ, ഡോ. സെബാസ്റ്റിയൻ പോളിന്റെ പുത്രൻ റോൺ ബാസ്റ്റിൻ എന്നീ പുതുമുഖങ്ങളിലൊരാളെ സി പി എം പരിഗണിക്കുന്നുവെന്നാണ് സൂചന. അതേസമയം മുതിർന്ന നേതാവ് തന്നെ മത്സരിക്കണമെന്ന അഭിപ്രായം വന്നാൽ സെബാസ്റ്റ്യൻ പോളിനെ തന്നെ മത്സരിപ്പിക്കാനുള്ള സാധ്യതയും നിലനിൽക്കുന്നു.
എറണാകുളത്ത് കെവി തോമസും എറണാകുളം എംഎൽഎയായ ഹൈബി ഈഡനും കോൺഗ്രസിന്റെ സാധ്യതാ ലിസ്റ്റിലുണ്ട്. ലോക്‌സഭയിലേക്ക് മത്സരിക്കാനുള്ള താൽപര്യം ഹൈബി ഈഡൻ നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെങ്കിലും ഹൈക്കമാൻഡിൽ പിടിപാടുള്ള കെവി തോമസിനാണ് സാധ്യത കൽപിക്കപ്പെടുന്നത്. എന്നാൽ കെവി തോമസിന്റെ അനാരോഗ്യം പ്രതികൂല ഘടകമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. കോൺഗ്രസിന്റെ സ്ഥാനാർഥിയാരെന്ന് കൂടി പരിഗണിച്ചാകും സിപിഎം സ്ഥാനാർഥി നിർണയം നടത്തുകയെന്നാണറിയുന്നത്. ഹൈബിയെ രംഗത്തിറക്കിയാൽ സിപിഎം യുവത്വത്തിന് മുൻതൂക്കം നൽകുമെന്നാണ് സൂചന. റോൺ ബാസ്റ്റിനും സീനക്കുമൊപ്പം യുവജന സംഘടനാ ഭാരവാഹികളായ രണ്ടുപേരെയും സിപിഎം പരിഗണിക്കുന്നുണ്ട്.
കെവി തോമസിനെ നേരിടാൻ 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ സിവിൽ സർവീസ് ഉദ്യോഗസ്ഥനായ ക്രിസ്റ്റി ഫെർണാണ്ടസിനെയാണ് സിപിഎം സ്ഥാനാർത്ഥിയാക്കിയത്. എന്നാൽ പി. രാജീവ് മുൻകൈയെടുത്ത് നടത്തിയ ആ പരീക്ഷണം പാളിപ്പോയി. അത്തരം പരീക്ഷണങ്ങൾ ഇനി വേണ്ടെന്നാണ് പൊതുവേയുള്ള അഭിപ്രായം. ഇതാണ് എറണാകുളത്തിന് പരിചിതനായ ഒരു സ്ഥാനാർഥിയെ തന്നെ നിർത്താനുള്ള തീരുമാനത്തിന് പിന്നിൽ.
പി രാജീവ് ജില്ലാ സെക്രട്ടറിയായ ശേഷം എറണാകുളത്ത് പാർട്ടിയിലെ വിഭാഗീയതുടെ വേരറുക്കാൻ കഴിഞ്ഞത് സിപിഎമ്മിന് അനുകൂലമായ ഘടകമാണ്. ഇക്കുറി സിപിഎം എറണാകുളത്ത് പ്രതീക്ഷ വെക്കുമ്പോൾ അതിനുള്ള പ്രധാന കാരണവും അതു തന്നെ. സിപിഎമ്മിലെ വിഭാഗീയതയുടെ പ്രഭവകേന്ദ്രമായിരുന്ന എറണാകുളത്ത് പാർട്ടി നിരന്തരം തോറ്റുകൊണ്ടിരിക്കുകയായിരുന്നു. ഇക്കുറി ഈ അവസ്ഥയിൽ മാറ്റമുണ്ടാകുമെന്ന് പാർട്ടി വൃത്തങ്ങൾ പ്രതീക്ഷിക്കുന്നു.
മറുവശത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയിൽ വിഭാഗീയത രൂക്ഷമാണ്. കെവി തോമസിനെ മാറ്റി ഹൈബി ഈഡനെ മത്സരിപ്പിക്കണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം.
കെവി തോമസിനെ വീണ്ടും മത്സരിപ്പിക്കുന്നതിൽ യുവജന സംഘടനകൾ കടുത്ത പ്രതിഷേധത്തിലാണ്. ഹൈബി ഈഡൻ അനുകൂലികൾ പ്രചാരണത്തിൽ നിന്ന് വിട്ട് നിൽക്കുമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ തവണ കെവി തോമസിനെ സ്ഥാനാർഥിയാക്കിയപ്പോൾ കോൺഗ്രസിൽ പരസ്യമായ കലാപം പൊട്ടിപ്പുറപ്പെട്ടിരുന്നു. സിപിഎമ്മിലെ വിഭാഗീയതയാണ് അന്ന് കെവി തോമസിനെ തുണച്ചത്. ഇക്കുറി ഈ ആനുകൂല്യം തോമസിന് ലഭിക്കില്ല. കൊച്ചി മേയർ ടോണി ചമ്മണിയെയും സ്ഥാനാർത്ഥിയായി പരിഗണിക്കുന്നുണ്ട്.
കോൺഗ്രസിന്റെ കുത്തക മണ്ഡലമെന്ന വിശേഷിപ്പിക്കപ്പെടുന്ന എറണാകുളത്ത് 1997 ലെ ഉപതെരഞ്ഞെടുപ്പിൽ സെബാസ്റ്റ്യൻ പോൾ എൽ.ഡി.എഫ് സ്ഥാനാർഥിയായി അട്ടിമറി വിജയം നേടിയിരുന്നു. പിന്നീട് ഒരു ഉപതെരഞ്ഞെടുപ്പ് അടക്കം രണ്ട് തവണ കൂടി സെബാസ്റ്റ്യൻ പോൾ എൽ.ഡി.എഫിന് വേണ്ടി മണ്ഡലത്തെ പ്രതിനിധീകരിച്ചു. അട്ടിമറി വിജയം നേടാൻ കോൺഗ്രസുകാർ നൽകിയ പിന്തുണ ചെറുതല്ലെന്നാണ് സെബാസ്റ്റ്യൻ പോൾ തന്നെ പറയുന്നത്.
കൊച്ചി നഗരസഭയിൽ എൽ.ഡി.എഫിന് വേണ്ടി രണ്ട് തവണ മത്സരിച്ച് പരാജയപ്പെട്ട സെബാസ്റ്റ്യൻ പോളിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചപ്പോൾ എൽ.ഡി.എഫിന്റെ സ്ഥാനാർത്ഥി നിർണയം പാളിയതായി പലരും അഭിപ്രായപ്പെട്ടു. അന്ന് സി.പി.എം ജില്ലാ സെക്രട്ടറിയായിരുന്ന എ.പി വർക്കിയായിരുന്നു സെബാസ്റ്റ്യൻ പോളിനെ കണ്ടെത്തിയത്. കഷ്ടപ്പെട്ട് പിടിച്ചെടുത്ത മണ്ഡലം എൽ.ഡി.എഫ് കളഞ്ഞുകുളിച്ചുവെന്ന് പറഞ്ഞു നടന്നവരെ ഞെട്ടിക്കുന്നതായിരുന്നു തെരഞ്ഞെടുപ്പ് ഫലം. സെബാസ്റ്റ്യൻ പോൾ 8693 വോട്ടുകൾക്ക് വിജയിച്ചു. കോൺഗ്രസ് വോട്ടുകൾ കൂടി ചോർത്താൻ കഴിവുള്ള ആൾ എന്ന നിലയിലായിരുന്നു എ.പി വർക്കി സെബാസ്റ്റ്യൻ പോളിനെ മണ്ഡലത്തിലേക്ക് നിർദേശിച്ചത്. പിന്നീട് ജോർജ് ഈഡനിലൂടെ കോൺഗ്രസ് മണ്ഡലം തിരിച്ച് പിടിച്ചുവെങ്കിലും ജോർജ് ഈഡന്റെ മരണത്തോടെ 2003 ൽ നടന്ന ഉപതെരഞ്ഞെടുപ്പിലൂടെ വീണ്ടും സെബാസ്റ്റ്യൻ പോൾ എൽ.ഡി.എഫിന് വേണ്ടി മണ്ഡലം പിടിച്ചു. 2004 പൊതുതെരഞ്ഞെടുപ്പിൽ വിജയം ആവർത്തിച്ച് സെബാസ്റ്റ്യൻ പോൾ മണ്ഡലം നിലനിർത്തി. പിന്നീട് കെ.വി തോമസിലൂടെ മണ്ഡലം യു.ഡി.എഫ് തിരിച്ച് പിടിച്ചു. ഇക്കുറി ഇടത് പാളയത്തിൽ നിന്ന് ആദ്യം ഉയരുന്ന പേരുകളിലൊന്ന് സെബാസ്റ്റ്യൻ പോളിന്റേത് തന്നെയാണ്.
വൈപ്പിൻ, പറവൂർ, കൊച്ചി, തൃപ്പൂണിത്തുറ, തൃക്കാക്കര, കളമശേരി, എറണാകുളം നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്നതാണ് എറണാകുളം ലോക്സഭാ മണ്ഡലം. ഇതിൽ പറവൂർ, എറണാകുളം, കളമശ്ശേരി, തൃക്കാക്കര എന്നീ നിയമസഭാ മണ്ഡലങ്ങളിൽ യുഡിഎഫ് വെന്നിക്കൊടി പാറിച്ചിരുന്നു. വൈപ്പിൻ, കൊച്ചി, തൃപ്പൂണിത്തുറ എന്നിവിടങ്ങളിലായിരുന്നു എൽഡിഎഫിന്റെ വിജയം. കൊച്ചിയും തൃപ്പൂണിത്തുറയും യുഡിഎഫിൽ നിന്ന് പിടിച്ചെടുക്കുകയായിരുന്നു.