റിയാദ് - വനിതകൾക്ക് കാറുകൾ വാടകക്ക് നൽകുന്നതിന് വിസമ്മതിക്കുന്ന റെന്റ് എ കാർ സ്ഥാപനങ്ങൾക്കെതിരെ നിയമാനുസൃത ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് പൊതുഗതാഗത അതോറിറ്റി മുന്നറിയിപ്പ് നൽകി. കാറുകൾ വാടകക്ക് നൽകാൻ വിസമ്മതിക്കുന്ന റെന്റ് എ കാർ സ്ഥാപനങ്ങളെക്കുറിച്ച് വനിതകൾ അറിയിക്കണമെന്ന് പൊതുഗതാഗത അതോറിറ്റി ആവശ്യപ്പെട്ടു.
റെന്റ് എ കാർ സ്ഥാപനങ്ങളുടെ പ്രവർത്തനം ക്രമീകരിക്കുന്ന നിയമാവലി അനുസരിച്ച് കാലാവധിയുള്ള തിരിച്ചറിയൽ കാർഡോ ഡ്രൈവിംഗ് ലൈസൻസോ ഇല്ലാത്ത സാഹചര്യങ്ങളിൽ മാത്രമേ കാറുകൾ വാടക്ക് നൽകാതിരിക്കുന്നതിന് അനുമതിയുള്ളൂവെന്ന് പൊതുഗതാഗത അതോറിറ്റി വക്താവ് അബ്ദുല്ല അൽമുതൈരി പറഞ്ഞു. വാടകക്ക് നൽകുന്ന കാറുകൾക്ക് ഏർപ്പെടുത്തിയ ഇൻഷുറൻസ് കവറേജ് പ്രകാരമുള്ള വ്യവസ്ഥകൾ അംഗീകരിക്കാത്തവർക്കും വാടകക്ക് എടുക്കുന്നതിന് മുന്നോട്ടുവരുന്നവരുടെ പക്കൽ ക്രെഡിറ്റ് കാർഡ് ഇല്ലെങ്കിലും കാറുകൾക്ക് വാടകക്ക് നൽകാതിരിക്കാവുന്നതാണ്. വ്യവസ്ഥകൾ പൂർണമായ വാടകക്കാരന് കാർ വാടകക്ക് നൽകുന്നതിന് വിസമ്മതിക്കുന്ന പക്ഷം റെന്റ് എ കാർ സ്ഥാപനത്തിന് ആയിരം റിയാൽ പിഴ ചുമത്തുമെന്നും അബ്ദുല്ല അൽമുതൈരി പറഞ്ഞു.
പല റെന്റ് എ കാർ സ്ഥാപനങ്ങളും വനിതകൾക്ക് കാറുകൾ വാടകക്ക് നൽകുന്നതിന് വിസമ്മതിക്കുകയാണ്. ഇതേക്കുറിച്ച് സൗദി വനിതകൾ പരാതികൾ ഉന്നയിക്കുന്നുണ്ട്. വനിതാ ഉപയോക്താക്കളുമായി ഇടപാടുകൾ നടത്തുന്നതിന് തങ്ങൾക്ക് ഭയമാണെന്ന് റെന്റ് എ കാർ ഓഫീസ് ജീവനക്കാർ പറയുന്നു. വനിതകൾക്ക് കാറുകൾ വാടകക്ക് കൊടുക്കാതിരിക്കുന്നതിനാണ് തങ്ങൾ മുൻഗണന നൽകുന്നത്. വനിതകൾക്ക് സമീപ കാലത്തു മാത്രമാണ് ഡ്രൈവിംഗ് അനുമതി ലഭിച്ചത്. വനിതകൾക്ക് കാറുകൾക്ക് വാടകക്ക് നൽകേണ്ട എന്ന് കമ്പനിയാണ് തങ്ങളോട് ആവശ്യപ്പെട്ടതെന്നും ഇവർ പറയുന്നു.
ഡ്രൈവിംഗിൽ കൂടുതൽ പരിചയ സമ്പത്തില്ലാത്തതിനാൽ കാറുകൾക്ക് കേടുപാടുകൾ സംഭവിച്ചേക്കുമെന്ന ഭീതിയാണ് വനിതകൾക്ക് കാറുകൾ വാടകക്ക് നൽകാതിരിക്കുന്നതിന് പല സ്ഥാപനങ്ങളെയും പ്രേരിപ്പിക്കുന്നത്. വനിതകൾ വാടക അടച്ചേക്കില്ല എന്ന ആശങ്കയും ചിലർക്കുണ്ട്. വനിതകൾ ഓടിക്കുന്ന കാറുകൾ അപകടത്തിൽപെട്ടാൽ പ്രശ്‌നം പരിഹരിക്കുക എളുപ്പമാകില്ല. ഇത് വനിതകളുടെ കുടുംബങ്ങളും റെന്റ് എ കാർ സ്ഥാപനങ്ങളും തമ്മിൽ പ്രശ്‌നങ്ങൾ ഉടലെടുക്കുന്നതിനും ഇടയാക്കിയേക്കുമെന്നും റെന്റ് എ കാർ സ്ഥാപനങ്ങളിലെ ജീവനക്കാർ പറയുന്നു.
വാടകക്ക് നൽകുന്നതിന് കാറുകൾ ലഭ്യമല്ലെന്നും മുഴുവൻ കാറുകളും വാടകക്ക് നൽകിക്കഴിഞ്ഞതായും വാദിച്ചാണ് ചില സ്ഥാപനങ്ങൾ വനിതാ ഉപയോക്താക്കളെ തിരിച്ചയക്കുന്നത്. വനിതകൾക്ക് കാറുകൾക്ക് വാടകക്ക് നൽകുന്നതിന് തടസ്സമൊന്നുമില്ലെന്ന് റെന്റ് എ കാർ സ്ഥാപനത്തിലെ ജീവനക്കാരിൽ ഒരാൾ പറഞ്ഞു. എന്നാൽ റെന്റ് എ കാർ സ്ഥാപനങ്ങളിൽ വിരലടയാള പരിശോധനാ ഉപകരണമുണ്ടായിരിക്കണം. വാടകക്കാരുടെ യഥാർഥ പേരുവിവരങ്ങൾ വിരലടയാള പരിശോധനയിലൂടെ ഉറപ്പുവരുത്തുന്നതിന് ഇത് ആവശ്യമാണ്. ആൾമാറാട്ടം നടത്തി വനിതകൾ കാറുകൾ വാടകക്കെടുത്ത് തട്ടിപ്പുകൾ നടത്തുന്നതിന് തടയിടുന്നതിന് വിരലടയാള പരിശോധനാ ഉപകരണങ്ങൾ ലഭ്യമാക്കുന്നതിലൂടെ സാധിക്കുമെന്നും ജീവനക്കാരൻ പറഞ്ഞു.