പ്രവാസം ഒരു പ്രയാസമാകുമോ എന്ന് തോന്നിയപ്പോഴാണ് ഞാൻ അക്ഷരങ്ങളെ സ്‌നേഹിക്കാൻ തുടങ്ങിയത്. പെട്രോൾ പമ്പിലെ രാത്രിജോലിയിൽ ഉറക്കം വരാതിരിക്കാൻ വേണ്ടിയാണ് വായനയെ കൂട്ടിന് കൂട്ടിയത്. ആദ്യകാലങ്ങളിലെ ഏക ആശ്രയമായ മലയാളം ന്യൂസ് ജോലി കഴിഞ്ഞ് രാവിലെ ഉറങ്ങാൻ പോകുമ്പോൾ വാങ്ങിവെക്കുമായിരുന്നു. അതിൽ വായിച്ച ചില കഥകളും, വാഹനങ്ങൾ പെട്രോളടിക്കാൻ വരാത്ത ആളൊഴിഞ്ഞ രാവുകളിൽ വെറുതെയിരിക്കുമ്പോൾ വരുന്ന ചിന്തകളുമാണ് എന്നിലെ കഥകൾക്ക് നാമ്പിട്ടത്. എന്റെ ആദ്യകഥയായ 'പ്രിയതമന്റെ വരവ്' മലയാളം ന്യൂസിൽ തന്നെയാണ് അച്ചടിമഷി പുരണ്ടുവന്നത്. എന്റെ കഥകൾ അച്ചടിക്കുന്ന മലയാളം ന്യൂസിനോട് തന്നെയാണ് എന്റെ ആദ്യത്തെ കടപ്പാട്..
( ഞാൻ കണ്ട കഥകളിലൂടെ.. ആമുഖം: സലാം ഒളവട്ടൂർ)
സ്‌മോൾ ഈസ് ബ്യൂട്ടിഫുൾ എന്ന വാക്യത്തെ അർഥപൂർണമാക്കുന്നതാണ് സലാം ഒളവട്ടൂരിന്റെ ഈ കഥാസമാഹാരം. കൊച്ചുകൊച്ചു വാചകങ്ങളിലൂടെ, സാധാരണക്കാരിൽ സാധാരണക്കാരനായ ഈ പ്രവാസി കോറിയിട്ട വരികളിലത്രയും തീക്ഷ്ണമായ ജീവിതം സ്പന്ദിക്കുന്നുണ്ട്. ഹൈക്കു കവിതകളെപ്പോലെ മനോഹരമാണ് ഓരോ കഥകളും. മുപ്പത്തെട്ട് കൊച്ചുകഥകളാണ് 'ഞാൻ കണ്ട കഥകളി'ൽ സമാഹരിച്ചിരിക്കുന്നത്. ചില കഥകൾ മലയാളം ന്യൂസ് സർഗവീഥിയിൽ മുമ്പ് പ്രസിദ്ധീകരിച്ചതാണ്.
- വിവാഹം കഴിഞ്ഞ് അവളുമായി ശരിക്കൊന്ന് പരിചയപ്പെട്ടു വന്നപ്പോഴേക്കും അയാളുടെ ലീവ് കഴിഞ്ഞിരുന്നു. വരിഞ്ഞുകെട്ടിയ പെട്ടിയുമായി പുറത്തേക്കിറങ്ങിയ അയാളെ കെട്ടിപ്പിടിച്ച് അവൾ ചോദിച്ചു: ഇനിയെന്നാണ് എന്റെ ഈ കാത്തിരിപ്പിന് അവസാനമുണ്ടാവുക?
അവളുടെ ചോദ്യത്തിനു മുന്നിലൊന്ന് പതറിയ അയാൾ വിരഹം ഉള്ളിലൊതുക്കി പുറത്ത് കുന്നിൻചെരുവിൽ പൂത്തുലഞ്ഞുനിൽക്കുന്ന നീലക്കുറിഞ്ഞിയെ ചൂണ്ടിക്കാണിച്ചുകൊണ്ട് പറഞ്ഞു:
കാലത്തിന്റെ മാറിമറിച്ചിലിൽ വസന്തകാലവും കാണും. അടുത്ത നീലക്കുറിഞ്ഞി പൂക്കാനാവുമ്പോഴേക്കും ഞാനിങ്ങെത്തും, പ്രിയേ..
അത് കേട്ട് പാവം അവൾ നീലക്കുറിഞ്ഞി പൂക്കുന്ന കാലത്തെയോർത്ത് പെയ്യാനൊരുങ്ങിയ കാർമേഘങ്ങൾക്കിടയിൽ നിലാവുദിച്ചത് പോലെ പുഞ്ചിരിച്ചു..
(കഥ: നീലക്കുറിഞ്ഞി)
ഒരിക്കൽ ജീവിതത്തിന്റെ വഴികളിൽ കണ്ട പ്രയാസങ്ങളുടെ കുണ്ടും കുഴിയും നികത്താൻവേണ്ടി പ്രവാസമെന്ന തണൽ തേടിപ്പോയ അയാളുടെ ഉറ്റ ചങ്ങാതി ആകസ്മികമായി മടക്കമില്ലാത്ത പ്രവാസലോകത്തേക്ക് യാത്രയായ വിവരമറിഞ്ഞ് നിറഞ്ഞ കണ്ണുകൾ കണ്ട് അയാളുടെ നല്ല പാതി ഓടിപ്പോയി ചുമരിൽ പൊടിപിടിച്ച് വൃത്തികേടായി തൂങ്ങിക്കിടക്കുന്ന കണ്ണാടിയുടെ മുഖം തുടച്ചു വൃത്തിയാക്കി. കാരണം അവൾക്കറിയാം, നഷ്ടമയാത് അയാളുടെ കണ്ണാടിയാണെന്ന്.
(കഥ: കണ്ണാടി)
ഇങ്ങനെ സലാം ഒളവട്ടൂരിന്റെ ഓരോ മിനിക്കഥ/ ചെറുകഥയും ദാർശനികത പൊതിഞ്ഞ കാപ്‌സ്യൂളുകൾ പോലെ വായനക്കാരെ ചിന്തിപ്പിക്കാൻ പോന്നതാണ്. പ്രവാസ ജീവിതത്തിന്റെ മനഃക്ലേശങ്ങൾക്ക് രചനാവിഷ്‌കാരം നൽകിയിരിക്കുകയാണിവിടെ. ഓരോ വരിയിലും തുടിക്കുന്നത് വിഷാദം തന്നെ. പ്രവാസിയുടെ സ്ഥായിയായ വികാരവും വിഷാദമാണല്ലോ.
മെഴുകുതിരി, ഡോക്ടർ സംസാരിക്കുന്നു, രക്തസാക്ഷി, കർട്ടൻ, ഫ്രീക്കൻ, മൂന്നുപിടി മണ്ണ്, താലികെട്ട്, മറുതീരം, നടപ്പുദീനം, നട്ടെല്ല്, ഒരു സെൽഫി, പ്രവാസിയുടെ മെസ്സ്, കഥാവശേഷ, നവരസം, അഭിസാരം, ജീവിതം, യാത്ര, സോറി നോ കവറേജ്, ഓഫറിലെടുത്ത സെൽഫി, പോത്ത്, സ്‌പെഷ്യൽ എപ്പിസോഡ്, പാക്കുമ്മത്തായുടെ മാബേലി, ഒരു ക്ലൂ തരുമോ? സൗഹൃദം, ഒന്നിനു പത്താവുന്ന പൊന്ന്, യാചന, റിയാലിറ്റി ഷോ, ഭാഗ്യവാൻ, പറന്നുപോയ പ്രണയം, സൂപ്പിച്ചായുടെ സെൽഫി, ടെമ്പോ വഴി വന്ന ശ്രുതി, കുയിലിന്റെ കാര്യം, മോഹപ്പക്ഷികളുടെ തീരം, സോറിട്ടോ, നളിനിയമ്മൂമ്മേ, ആസ്വാദനം തുടങ്ങിയ കഥകളിലത്രയും ഗ്രാമീണ മനസ്സ് കൈവിടാത്ത ഒരെഴുത്തുകാരന്റെ വിചാര വികാരങ്ങളുടെ പ്രതിഫലനം കാണാം. എഴുതിത്തെളിഞ്ഞു വരുന്നയാളുടെ കൃതഹസ്തത ഈ സമാഹാരത്തിലെ മിക്ക കഥകളിലും കാണാം. വാക്കിലും വാക്ക് രൂപപ്പെടുത്തിയ ജീവിതത്തിലും സത്യസന്ധതയുടെ വേരോട്ടമുണ്ടെന്ന് തന്നെയാണ് സലാം ഒളവട്ടൂരിന്റെ കന്നിക്കൃതിയുടെ വിജയമെന്ന് തോന്നുന്നു.
പ്രസിദ്ധ കഥാകൃത്തും നോവലിസ്റ്റുമായ എ.എം. മുഹമ്മദ് അവതാരികയും സജദിൽ മുജീബ് പിൻകുറിപ്പുമെഴുതിയ ഈ സമാഹാരം പ്രസാധനം ചെയ്തിട്ടുള്ളത് നിലമ്പൂർ പെൻഡുലം ബുക്‌സ്. ജിദ്ദ അൽറായ് വാട്ടർ കമ്പനിയിൽ സെയിൽസ്മാനായി ജോലി ചെയ്യുന്ന സലാം ഒളവട്ടൂർ മലപ്പുറം പുളിക്കൽ പഞ്ചായത്ത് ഒളവട്ടൂർ സ്വദേശിയാണ്.
ഞാൻ കണ്ട കഥകൾ
സലാം ഒളവട്ടൂർ
പെൻഡുലം ബുക്‌സ്
വില: 80 രൂപ