Sorry, you need to enable JavaScript to visit this website.

ഉംറക്ക് ഇ-വിസ വരുന്നു; തീർഥാടകർക്ക് നേരിട്ട് വിസ നേടാം  

മഖാം സർവീസ് പോർട്ടൽ ഇതിനായി പരിഷ്‌കരിക്കും

മക്ക- ഉംറ വിസ ഇഷ്യൂ ചെയ്യുന്നത് എളുപ്പമാക്കാൻ വിദേശ ഹജ്, ഉംറ തീർഥാടകർക്ക് സേവനങ്ങൾ നൽകുന്ന മഖാം പോർട്ടൽ പരിഷ്‌കരിക്കുന്നു. വിദേശ ഏജൻസിയുടെ സഹായമില്ലാതെ സൗദിയിലെ ഉംറ സർവീസ് കമ്പനികളുടെ പാക്കേജുകൾ നേരിട്ട് തെരഞ്ഞെടുക്കാൻ ഇനി തീർഥാടകർക്ക് ഇതിലൂടെ കഴിയും. മഖാം പോർട്ടലിലെ പുതിയ സേവനം വഴി ഉംറ പാക്കേജ് ബുക്ക് ചെയ്യുന്നതിനും ബുക്കിംഗ് ഉറപ്പു വരുത്തുന്നതിനും ഇ-വിസ നേടുന്നതിനും സാധിക്കും. ഉംറ വിസകൾ അനുവദിക്കുന്നത് ഇതിലൂടെ എളുപ്പമാകുമെന്ന് ഹജ്, ഉംറ മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ. അബ്ദുൽ അസീസ് അൽവസാൻ പറഞ്ഞു. 

വ്യത്യസ്ത വിഭാഗങ്ങളിൽ പെട്ട തീർഥാടകർക്ക് അനുയോജ്യമായ നിരവധി പാക്കേജുകൾ ഉംറ സർവീസ് കമ്പനികൾ മുന്നോട്ടു വെക്കുന്നുണ്ട്. പുണ്യസ്ഥലങ്ങളിലെ താമസം, യാത്രാ സൗകര്യം, മറ്റു സേവനങ്ങൾ എല്ലാം അടങ്ങിയ വ്യത്യസ്ത പാക്കേജുകളുടെ നിരക്കുകളും പോർട്ടൽ വഴി അറിയാനാകും. പാക്കേജുകൾ തെരഞ്ഞെടുത്ത് ഉംറ സർവീസ് കമ്പനികളുമായി ധാരണയിലെത്തി പുണ്യസ്ഥലങ്ങളിൽ എത്തുന്ന തീർഥാടകർക്ക് ലഭിക്കുന്ന സേവനങ്ങൾ മക്കയിലും മദീനയിലും ഹറമുകൾക്കു സമീപമുള്ള സ്ഥലങ്ങളിലെ സർവീസ് സെന്ററുകളും ഫീൽഡ് ഫോളോഅപ് സെന്ററുകളും വഴി ഹജ്, ഉംറ മന്ത്രാലയം നിരീക്ഷിക്കും. ഉംറ വിസക്കായി പതിനായിരക്കണക്കിന് അപേക്ഷകളാണ് ദിനേന ലഭിക്കുന്നതെന്നും ഡോ. അബ്ദുൽ അസീസ് അൽവസാൻ പറഞ്ഞു. 

2030 ഓടെ പ്രതിവർഷം പുണ്യഭൂമിയിൽ എത്തുന്ന ഉംറ തീർഥാടകരുടെ എണ്ണം മൂന്നു കോടിയായി ഉയർത്തുന്നതിനുള്ള വിഷൻ 2030 പദ്ധതി ലക്ഷ്യം സാക്ഷാൽക്കരിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ സേവനം ആരംഭിച്ചിരിക്കുന്നതെന്ന് ഡെപ്യൂട്ടി ഹജ്, ഉംറ മന്ത്രി ഡോ. അബ്ദുൽഫത്താഹ് മുശാത്ത് പറഞ്ഞു. സൗദിയിലെ ഉംറ സർവീസ് കമ്പനികൾക്ക് ഏജൻസികളില്ലാത്ത 157 രാജ്യങ്ങളിൽനിന്നുള്ള തീർഥാടകർക്ക് എളുപ്പത്തിൽ ഉംറ വിസകൾ അനുവദിക്കുന്നതിന് പുതിയ സേവനത്തിലൂടെ ലക്ഷ്യമിടുന്നു. പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിപ്പിച്ച കാലത്ത് മഖാം പോർട്ടൽ 30 ഉംറ സർവീസ് കമ്പനികളും സ്ഥാപനങ്ങളും പ്രയോജനപ്പെടുത്തി. കഴിഞ്ഞ കൊല്ലം  10,96,598 തീർഥാടകർ പോർട്ടൽ വഴി ഉംറ വിസകൾ നേടി പുണ്യഭൂമിയിലെത്തി. 

അതേസമയം, ഈ വർഷത്തെ ഉംറ സീസൺ ആരംഭിച്ച ശേഷം വിദേശങ്ങളിൽനിന്ന് ഇതുവരെ മുപ്പതു ലക്ഷത്തിലേറെ ഉംറ തീർഥാടകർ എത്തിയതായി ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു. 
 

Latest News