മദീന - ത്വൻതൂറ വിന്റർ ഫെസ്റ്റിവൽ നടക്കുന്ന അൽഉലയിൽ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽമക്തൂമിന്റെ സന്ദർശനം. പുത്രനും ദുബായ് കിരീടാവകാശിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽമക്തൂമും ദുബായ് ഭരണാധികാരിക്കൊപ്പമുണ്ടായിരുന്നു.
ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽമക്തൂമും ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽമക്തൂമും അൽഉല സന്ദർശിച്ചതിൽ സന്തോഷമുണ്ടെന്നും ഇരുവരെയും അൽഉലയിലേക്ക് സ്വാഗതം ചെയ്യുന്നതായും സാംസ്‌കാരിക മന്ത്രിയും അൽഉല റോയൽ കമ്മീഷൻ ഗവർണറുമായ ബദ്ർ ബിൻ അബ്ദുല്ല ബിൻ ഫർഹാൻ രാജകുമാരൻ ട്വിറ്ററിൽ പറഞ്ഞു. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ സൗദിയിലെ ആദ്യത്തെ കേന്ദ്രമായ മദായിൻ സ്വാലിഹ് അടക്കമുള്ള ചരിത്ര, പൈതൃക കേന്ദ്രങ്ങൾ അടങ്ങിയ അൽഉല സൗദിയിലെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രമായി മാറിയിട്ടുണ്ട്.