Sorry, you need to enable JavaScript to visit this website.

കൈക്കൂലി വാങ്ങിയ ഓവര്‍സീയറും ഇടനിലക്കാരനും പിടിയില്‍

ചെര്‍പ്പുളശേരി- കെട്ടിട നിര്‍മാണാനുമതിക്കായി കൈക്കൂലി വാങ്ങിയ ചെര്‍പ്പുളശ്ശേരി നഗരസഭാ ഗ്രേഡ് മൂന്ന് ഓവര്‍സിയര്‍ തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി ലിജിന്‍ (25), ഇടനിലക്കാരനായ ചെര്‍പ്പുളശ്ശേരി സ്വദേശി മുഹമ്മദ് ഷെമീര്‍ (34) എന്നിവരെ വിജിലന്‍സ് വിഭാഗം പിടികൂടി. വിജിലന്‍സിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ പരാതിക്കാരന് വിജിലന്‍സ് നല്‍കിയ നോട്ടുകള്‍ കൈമാറുന്നതിനിടെയാണ് ഇരുവരും പിടിയിലായത്. നാലായിരം രൂപയാണ് പിടിച്ചത്. തുടര്‍ന്ന് നഗരസഭയുടെ കെട്ടിട നിര്‍മാണ വിഭാഗത്തിലെ ഫയലുകള്‍ പരിശോധിച്ച വിജിലന്‍സ് സംഘം ഇവരുടെ താമസസ്ഥലത്തും തിരച്ചില്‍ നടത്തി.
ഉച്ചയ്ക്ക് തുടങ്ങിയ വിജിലന്‍സ് പരിശോധന രാത്രി ഒമ്പതു വരെ നീണ്ടു. അറസ്റ്റിലായ ലിജിനെയും മുഹമ്മദ് ഷെമീറിനേയും തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഒന്നര വര്‍ഷം മുമ്പാണ് ലിജിന്‍ നഗരസഭയില്‍ ഉദ്യോഗസ്ഥനായി എത്തിയത്. കാറല്‍മണ്ണ സ്വദേശിയോടാണ് കെട്ടിട നിര്‍മാണ അനുമതി പുതുക്കാന്‍ ലിജിന്‍ കൈക്കൂലി ആവശ്യപ്പെട്ടത്. തുടര്‍ന്ന് ഇയാള്‍ വിജിലന്‍സിനെ വിവരം അറിയിക്കുകയായിരുന്നു. കൈക്കൂലി വാങ്ങാന്‍ ലിജിന്റെ ഇടനിലക്കാരന്‍ എന്ന നിലയിലാണ് മുഹമ്മദ് ഷമീര്‍ ഒപ്പം വന്നത്. നഗസഭാ വൈസ് ചെയര്‍മാന്റെ ഡ്രൈവറായി ജോലി ചെയ്യുന്ന ആളാണ് മുഹമ്മദ് ഷെമീര്‍.

Latest News