Sorry, you need to enable JavaScript to visit this website.

കോട്ടക്കലിൽ 'കിക്കോഫ്' ഫുട്‌ബോൾ പരിശീലനത്തിനു തുടക്കം

കോട്ടക്കൽ ഗവൺമെന്റ് രാജാസ് ഹയർ സെക്കണ്ടറി സ്‌കൂളിൽ കിക്കോഫ് ഫുട്‌ബോൾ പരിശീലന പദ്ധതി ഉദ്ഘാടനം ചെയ്ത് ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ കുട്ടികളോടൊപ്പം പന്ത് ഹെഡ് ചെയ്യുന്നു. 

മലപ്പുറം- ഫുട്‌ബോളിൽ രാജ്യത്തിന്റെ നിലവാരം ഉയർത്തുകയെന്ന ലക്ഷ്യവുമായി സ്‌കൂളുകളിൽ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന കിക്കോഫ് ഗ്രാസ് റൂട്ട് ഫുട്ബോൾ പരിശീലന പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. ജില്ലയിലെ ഏക പരിശീലന കേന്ദ്രമായ കോട്ടക്കൽ ഗവൺമെന്റ് രാജാസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ പദ്ധതി ഉദ്ഘാടനം ചെയ്തു. 
ഫുട്‌ബോൾ കളിയോടുള്ള സമീപനം ചെറുപ്പത്തിൽ തന്നെ കണ്ടെത്തി പരിശീലിപ്പിക്കുന്നതാണ് പദ്ധതി. പ്രിലിമിനറി സെലക്ഷൻ, പ്രിപ്പറേറ്ററി ക്യാമ്പ്, ഫൈനൽ സെലക്ഷൻ എന്നിങ്ങനെ മൂന്നു ഘട്ടങ്ങളിലായി നടത്തിയ ട്രയൽസിലൂടെ തെരഞ്ഞെടുത്ത 25 കുട്ടികൾക്കാണ് ആഴ്ചയിൽ രണ്ടു ദിവസം പരിശീലനം നൽകുന്നത്. ലഘു ഭക്ഷണം, ജഴ്‌സി, ബൂട്ട് തുടങ്ങിയവ സൗജന്യമായി നൽകും. സെന്ററിൽ ഒരു കോച്ച്, അസിസ്റ്റന്റ് കോച്ച് എന്നിവരുടെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. എംഎൽഎ ചെയർമാനായ കമ്മിറ്റിക്കാണ് സെന്ററിന്റെ ഭരണ ചുമതല. സ്‌പോർട്‌സ് കൗൺസിൽ, കേരള ഫുട്‌ബോൾ അസോസിയേഷൻ എന്നിവയുടെ നിരീക്ഷണത്തിലാണ് സെന്റർ പ്രവർത്തിക്കുന്നത്. സംസ്ഥാനത്ത് കിക്കോഫിന്റെ ആദ്യഘട്ടത്തിൽ തുടങ്ങുന്ന പതിനെട്ട് കേന്ദ്രങ്ങളിലൊന്നാണ് കോട്ടയ്ക്കൽ രാജാസ് സ്‌കൂൾ. ചടങ്ങിൽ കോട്ടക്കൽ നഗരസഭ വിദ്യാഭ്യാസ സ്ഥിരസമിതി ചെയർമാൻ സാജിദ് മങ്ങാട്ടിൽ അധ്യക്ഷത വഹിച്ചു. പരിശീലനത്തിനു തെരഞ്ഞെടുത്ത കുട്ടികൾക്കുള്ള സ്പോർട്സ് കിറ്റുകളുടെ വിതരണം ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ നിർവഹിച്ചു. സ്‌കൂൾ കായികാധ്യാപകൻ ദിനേശ് റിപ്പോർട്ട് അവതരിപ്പിച്ചു. കൗൺസിലർമാരായ രാമചന്ദ്രൻ മഠത്തിൽ, സുലൈമാൻ പാറമ്മൽ, മാറാക്കര പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരസമിതി ചെയർമാൻ മുഹമ്മദലി പള്ളിയാലിൽ, സ്‌കൂൾ പ്രിൻസിപ്പൽ ഇ.എൻ വനജ, പ്രധാനാധ്യാപിക കെ.വി. ലത, കിക്കോഫ് കൺവീനർ പി.കെ കുഞ്ഞിക്കോയ, പിടിഎ പ്രസിഡന്റ് എം.ഡി രഘുരാജ്, സ്റ്റാഫ് സെക്രട്ടറി എ.സമീർ ബാബു എന്നിവർ പസംഗിച്ചു.

Latest News