കോഴിക്കോട്- രക്തത്തില്‍ നീര്‍ക്കെട്ടുണ്ടാക്കുകയും ഹൃദയരോഗങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്ന സൂര്യകാന്തി എണ്ണ, കോണ്‍ ഓയില്‍, സോയാബിന്‍ ഓയില്‍ എന്നിവ തീര്‍ത്തും വാണിജ്യതാല്പര്യങ്ങള്‍ക്കു വേണ്ടി ബാബ രാംദേവിനെ പോലുള്ളവര്‍ പ്രോത്സാഹിപ്പിക്കുകയാണെന്ന് ബ്രിട്ടനിലെ പ്രമുഖ ഹൃദയരോഗ വിദഗ്ധനും കീറ്റോ ഡയറ്റ് പ്രചാരകനുമായ ഡോ. അസിം മല്‍ഹോത്ര പറഞ്ഞു.
കോഴിക്കോട് ടാഗോര്‍ഹാളില്‍ നടന്ന എല്‍ സി എച്ച് എഫ് മെഗാസമ്മിറ്റില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഹൃദയരോഗങ്ങള്‍ക്ക് കാരണം കൊളസ്‌ട്രോള്‍ ആണെന്നത് സമൂഹത്തില്‍ വേരൂന്നിയ വലിയ തെറ്റിദ്ധാരണകളില്‍ ഒന്നാണ്. കൊളസ്‌ട്രോള്‍ അല്ല അതിലെ ട്രൈ ഗ്ലിസറൈഡ് ആണ് കുറയ്‌ക്കേണ്ടത്. ഹൃദ്രോഗങ്ങള്‍ കുറയ്ക്കാന്‍ ഇന്‍സുലിന്‍ പ്രതിരോധം കുറയ്ക്കുകയാണ് വേണ്ടത്. കൊളസ്‌ട്രോള്‍ കുറയ്ക്കാനുള്ള ഭക്ഷണരീതികളും മരുന്നുകളുമാണ് മാറാവ്യാധികള്‍ വ്യാപകമായി വര്‍ധിക്കാനുള്ള കാരണങ്ങളിലൊന്ന്.
പ്രഗത്ഭരായ ശാസ്ത്രജ്ഞരെ കൂട്ടുപിടിച്ച് മരുന്നു വ്യവസായികള്‍ ലാഭത്തിനു വേണ്ടി പല ശാസ്ത്ര സത്യങ്ങളും ജനങ്ങളില്‍നിന്നു മറച്ചുപിടിക്കുകയാണ്. വൈദ്യശാസ്ത്ര രംഗത്തെ ഗവേഷണങ്ങളെ ദുരുപയോഗം ചെയ്യുന്നു. ഇത് കുറ്റകരമായ പ്രവൃത്തിയാണെന്നും അദ്ദേഹം പറഞ്ഞു.
പി ടി എ റഹീം എം എല്‍ എ സമ്മിറ്റ് ഉദ്ഘാടനം ചെയ്തു. നേരത്തെ മൂന്നു നേരം ഇന്‍സുലിന്‍ എടുത്തിരുന്ന താന്‍ ഇപ്പോള്‍ പ്രമേഹത്തിനുള്ള മരുന്നുകള്‍ ഉള്‍പ്പെടെ ഒഴിവാക്കിയതിനു കാരണം എല്‍ സി എച്ച് എഫ് ഭക്ഷണ രീതിയാണെന്നു അദ്ദേഹം പറഞ്ഞു. മരണത്തെ മുഖാമുഖം കണ്ട തന്റെ ശരീരത്തെ കഠിന പ്രമേയത്തില്‍ നിന്നുള്‍പ്പെടെ രക്ഷിച്ചത് കീറ്റോ ഭക്ഷണരീതിയാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച മുന്‍ എം.എല്‍.എ സി.പി മുഹമ്മദ് പറഞ്ഞു. ഡോ. അജ്ഞലി ഹൂഡ (ന്യൂദല്‍ഹി), ശങ്കര്‍ ഗണേഷ് (തമിഴ്‌നാട്), ഡോ. എം.കെ മുനീര്‍ എം എല്‍ എ, ലുഖ്മാന്‍ അരീക്കോട്, എന്‍.വി. ഹബീബ് റഹ്മാന്‍, ഫൈസല്‍ എളേറ്റില്‍, അഹമ്മദ് ഗിരി എന്നിവര്‍ സംസാരിച്ചു.
ഹബീബ് റഹ്മാന്‍ രചിച്ച എല്‍.സി.എച്ച്.എഫ് ഭക്ഷണരീതി എന്ന പുസ്തകം ഡോ. അഞ്ജലി ഹൂഡ ഫൈസല്‍ എളേറ്റലിന് നല്‍കി പ്രകാശനം ചെയ്തു.www.lchfmalayalam.com എന്ന വെബ്‌സൈറ്റ് ഡോ. അസീം മല്‍ഹോത്ര പ്രകാശനം ചെയ്തു.