Sorry, you need to enable JavaScript to visit this website.

രണ്ട് ബജറ്റുകളുടെ രാഷ്ട്രീയം

ജനങ്ങളുടെ അറിയാനുള്ള അവകാശത്തെ പൂർണമായും അവഗണിച്ചുകൊണ്ടാണ് പിയൂഷ് ഗോയൽ ബജറ്റ് അവതരിപ്പിച്ചത്. കഴിഞ്ഞ വർഷത്തെ വളർച്ചാനിരക്ക് എത്രയാണെന്ന് അറിയില്ല. കഴിഞ്ഞ വർഷത്തെ ധനക്കമ്മിയും റവന്യൂക്കമ്മിയും എത്രയാണെന്ന് അറിയില്ല. ഇതൊക്കെ അറിയാനുള്ള അവകാശം ജനങ്ങൾക്കുണ്ട്. എല്ലാ വ്യവസ്ഥാപിത സ്ഥാപനങ്ങളെയും സംവിധാനങ്ങളെയും തകർക്കുന്നതിന്റെ ഭാഗമാണിത്. 


തലേന്നും പിറ്റേന്നുമായി കേരളത്തിന്റെയും കേന്ദ്രത്തിന്റെയും ബജറ്റ് പുറത്തുവന്നത് പൊതുതെരഞ്ഞെടുപ്പിന്റെ മുന്നോടിയായാണ്. അതുകൊണ്ട് സാമ്പത്തിക നയത്തോടൊപ്പമോ അതിലേറെയോ അവയെ നയിക്കുന്നത് തെരഞ്ഞെടുപ്പു രാഷ്ട്രീയവുമാണ്. വെള്ളിയാഴ്ച ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിക്കു പകരം പീയൂഷ് ഗോയൽ അവതരിപ്പിച്ച കേന്ദ്രബജറ്റ് ഇടക്കാല ബജറ്റാണ്. പ്രളയത്തിൽ തകർന്ന കേരളത്തെ പുനഃസൃഷ്ടിക്കാനുള്ള ബാധ്യത നിറവേറ്റേണ്ട സമ്പൂർണ്ണ ബജറ്റാണ് തോമസ് ഐസക് വ്യാഴാഴ്ച അവതരിപ്പിച്ചത്. റവന്യൂ കമ്മിയുടെയും ധനകമ്മിയുടെയും കടുത്ത സമ്മർദ്ദവും പ്രതിസന്ധിയും നേരിട്ട് സുതാര്യമായ ഒരു സമ്പൂർണ്ണ ബജറ്റ് അവതരിപ്പിക്കേണ്ട ബാധ്യത ഐസക്കിന്റെ തെരഞ്ഞെടുപ്പുകാല ബജറ്റിനുണ്ട്.
അഞ്ചുവർഷ ഭരണകാലാവധി പൂർത്തിയാക്കുന്ന മോഡി സർക്കാറിനുവേണ്ടി അവസാന ഓവറിലെ അവസാന വിക്കറ്റിൽ മുമ്പുംപിമ്പും നോക്കാതെ  ആഞ്ഞാഞ്ഞടിക്കുകയായിരുന്നു ധനമന്ത്രി പീയൂഷ് ഗോയൽ.   സാമ്പത്തിക സർവ്വേപോലും ഇത്തവണ പാർലമെന്റിൽനിന്നു മറച്ചുവെച്ചു.  അഴിമതിയുടെ കറപുരളാത്തതും സുധീരവും സുസ്ഥിരവുമെന്ന് മോഡി ഗവണ്മെന്റിനെ വാഴ്ത്തിയാണ് ബജറ്റ് പ്രസംഗം ആരംഭിച്ചത്.  പുതിയ ഒരു ഇന്ത്യ 2022ൽ യാഥാർത്ഥ്യമാക്കുമെന്ന് മന്ത്രി അവകാശപ്പെട്ടു. 
അഞ്ചുവർഷത്തെ വാജ്‌പേയി ഗവണ്മെന്റിന്റെ ഭരണത്തിന്റെ അവസാനം ഇന്ത്യ തിളങ്ങി എന്നായിരുന്നു  ബി.ജെ.പിയുടെ അവകാശവാദം. ഇപ്പോൾ തെരഞ്ഞെടുപ്പു കഴിഞ്ഞ് മൂന്നുവർഷം ആകുമ്പോൾ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം. പുതിയ ഇന്ത്യ അപ്പോൾ സാർത്ഥകമാക്കുമെന്നാണ് പീയൂഷ് ഗോയൽ അവകാശപ്പെട്ടത്. 
എല്ലാവർക്കും വീട്, ശൗചാലയം, വൈദ്യുതി.  കൃഷിക്കാരുടെ വരുമാനം ഇരട്ടിയാക്കും. സ്ത്രീകൾക്കും യുവാക്കൾക്കും ഇഷ്ടംപോലെ സ്വപ്‌നം സഫലീകരിക്കാനുള്ള അവസരങ്ങൾ. ഇതാണ് പുതിയ ഇന്ത്യ. ഭീകരാക്രമണത്തിൽനിന്നും വർഗീയതയിൽനിന്നും ജാതിയിൽനിന്നും അഴിമതിയിൽനിന്നും സ്വജനപക്ഷപാതത്തിൽനിന്നും സ്വതന്ത്രമാകുന്ന ഒരു ഇന്ത്യ! 2030 ആകുമ്പോഴേക്കും പത്തു ദർശനങ്ങൾ നടപ്പാക്കുമെന്നും ബജറ്റ് പ്രസംഗം ഉറപ്പുനൽകുന്നു.  ദാരിദ്ര്യവും പോഷകാഹാരക്കുറവും നിരക്ഷരതയും ഇല്ലാത്ത, വൻ വളർച്ചയുടെയും തുല്യതയുടെയും സുതാര്യതയുടെയും ആധുനിക സമൂഹമാക്കി ഇന്ത്യയെ മാറ്റിയെടുക്കും.  പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഭരണകക്ഷിയംഗങ്ങൾ തുടർച്ചയായി ഡസ്‌ക്കിലടിച്ച് ലോകസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് സഭയിൽതന്നെ തുടക്കമിട്ടു.  
കൃഷിക്കാർക്ക് പ്രതിവർഷം 6000 രൂപ മൂന്നു തവണകളായി ബാങ്ക് അക്കൗണ്ടിൽ എത്തിക്കുന്ന  ഒരു പദ്ധതി പ്രഖ്യാപിച്ചു.  5 ലക്ഷം രൂപവരെ പ്രതിമാസ വരുമാനമുള്ളവരെ ആദായനികുതി പരിധിയിൽനിന്ന് ഒഴിവാക്കി. 100 രൂപ പ്രതിമാസം അടച്ചാൽ  അസംഘടിത  മേഖലയിലെ 60 വയസുകഴിഞ്ഞ തൊഴിലാളികൾക്ക് 3000 രൂപ പെൻഷൻ നൽകുന്ന പദ്ധതിയും - തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ബജറ്റിലെ മുഖ്യ തുരുപ്പുകൾ. 
ഭരണകാലമത്രയും കർഷകരുടെ ആവശ്യങ്ങളോട് മുഖംതിരിഞ്ഞുനിന്ന മോഡി ഗവണ്മെന്റ് അവർക്ക് സ്ഥിരമായ ഒരു വാർഷിക വരുമാന പദ്ധതി പതിനൊന്നാം മണിക്കൂറിലാണ് പ്രഖ്യാപിച്ചത്. അക്കാര്യം  ബജറ്റ് പ്രസംഗംതന്നെ വെളിപ്പെടുത്തി. 2018-19ൽ ധനക്കമ്മി 3.3 ശതമാനമാക്കിയിരുന്നു. പക്ഷെ, 2019-20 ലെ ബജറ്റിൽ ധനകമ്മി 3.40 ആയി ഉയർന്നു. കൃഷിക്കാരുടെ വരുമാന പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചതുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്.  നടപ്പുവർഷത്തിൽ 20,000 കോടിയും 2019-20ൽ 75,000 കോടി രൂപയും കൃഷിക്കാർക്കുവേണ്ടി നീക്കിവെക്കേണ്ടിവന്നതുകൊണ്ട്. 
പാർലമെന്റിനു മുമ്പിലും രാജ്യവ്യാപകമായും കൃഷിക്കാർ നടത്തിയ അതിശക്തമായ പ്രതിഷേധ പ്രകടനങ്ങൾക്ക് ഒടുവിൽ ഫലമുണ്ടായി. രാജ്യത്തിന്റെ കാവൽക്കാരൻ കള്ളനാണെന്നും വൻകിടക്കാരുടെ കോടികളുടെ കടം എഴുതിത്തള്ളുമ്പോൾ കൃഷിക്കാരെ സഹായിക്കാൻ തയാറല്ലെന്നുമുള്ള രാഹുൽ ഗാന്ധിയുടെ തുടർച്ചയായ വിമർശനങ്ങൾക്കും. കൃഷിക്കാർക്കൊപ്പം ഇടത്തരക്കാരെയും കൂടെനിർത്താനുള്ള ശ്രമമാണ് ആദായനികുതി ഇനത്തിൽ ഇളവ് പ്രഖ്യാപിച്ചത്. ഗ്രാമങ്ങളിൽ മാത്രമല്ല ബി.ജെ.പിയുടെ ശക്തികേന്ദ്രങ്ങളായിരുന്ന നഗരങ്ങളിലും പിന്തുണയിടിഞ്ഞത് നികത്താൻ ഇടത്തരക്കാരെ സ്വാധീനിക്കാനാണിത്. അതോടൊപ്പം കോടിക്കണക്കിൽ പേർ തൊഴിലെടുക്കുന്ന അസംഘടിത മേഖലയിലെ തൊഴിലാളികളുടെ പിന്തുണനേടാനാണ് പെൻഷൻ പദ്ധതി. 
തൊഴിൽരഹിതരെ സംബന്ധിക്കുന്ന പരാമർശങ്ങൾ ബജറ്റ് പ്രസംഗത്തിൽ ഒഴിവാക്കിയെന്നതാണ് മറ്റൊരു ശ്രദ്ധേയമായ വസ്തുത. നാഷണൽ സാമ്പിൾ സർവേയുടെ പുതിയ റിപ്പോർട്ടുപ്രകാരം തൊഴിലില്ലായ്മ കഴിഞ്ഞ 45 വർഷങ്ങളിലെ ഏറ്റവും വലിയ നിരക്കായ 6.1ൽ എത്തിയിട്ടുണ്ടെന്ന വാർത്ത വലിയ വിവാദമാകുമ്പോൾ.  വിദ്യാഭ്യാസ മേഖലയെപ്പറ്റിയും ബജറ്റ് പ്രസംഗം നിശ്ശബ്ദമാണ്. 
അഴിമതിക്കെതിരായ നടപടിയെക്കുറിച്ച് നാല് വാചകങ്ങളാണ് മന്ത്രി എഴുതി വായിച്ചത്. അഴിമതിമുക്ത ഭരണം നൽകിയെന്നും സുതാര്യതയുടെ യുഗം യാഥാർത്ഥ്യമാക്കിയെന്നും അവകാശപ്പെട്ട്. റഫാൽ അഴിമതി ആരോപണം രാജ്യത്ത് തിളച്ചുമറിയുമ്പോൾ.     
നോട്ടു റദ്ദാക്കിയതിനെപ്പറ്റിയും വലുതായൊന്നും പറഞ്ഞില്ല. കള്ളപ്പണം ഇല്ലാതാക്കാൻ പ്രതിജ്ഞാബദ്ധമായ ഗവണ്മെന്റ് എന്ന നിലയിൽ കഴിഞ്ഞ നാലരവർഷങ്ങളിൽ സ്വീകരിച്ച നടപടികളുടെ കൂട്ടത്തിൽ നോട്ടു റദ്ദാക്കലിനെയും പരാമർശിച്ചു.  1,30,000 കോടി രൂപ നികുതി നൽകേണ്ടിയിരുന്ന വെളിപ്പെടുത്താത്ത ആദായം കണ്ടെത്തി. 50,000 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി.  6900 കോടി ബിനാമി സ്വത്തുക്കളും വിദേശത്തെ 1600 കോടി രൂപയുടെ സ്വത്തുക്കളും കണ്ടുകെട്ടി. 3,38,000 കടലാസ് കമ്പനികൾ കണ്ടെത്തി രജിസ്‌ട്രേഷൻ റദ്ദാക്കി. ഇതിൽ നേരത്തെ 'ദി വയർ' എന്ന ഓൺലൈൻ പത്രം പുറത്തുകൊണ്ടുവന്ന അമിത് ഷായുടെ മകന്റെ പേരിലുള്ള സ്ഥാപനത്തിന്റെ കള്ളപ്പണക്കാര്യം ഉൾപ്പെടുമോ? കഴിഞ്ഞദിവസം 'കോബ്രപോസ്റ്റ്' വെളിപ്പെടുത്തലിൽപെട്ട ബി.ജെ.പി പണംപറ്റിയ കടലാസ് കമ്പനികൾ പെടുമോ? പാർലമെന്റിൽ ബജറ്റ് ചർച്ചയിൽ ധനമന്ത്രിക്ക് ഈ ചോദ്യങ്ങൾക്ക് മറുപടി പറയേണ്ടിവരും. കേരളം ഇന്ത്യയുടെ ഒരു സംസ്ഥാനം  മാത്രമല്ല പ്രളയംകാരണം പുനർനിർമ്മിക്കേണ്ട തകർക്കപ്പെട്ട വളർച്ചയും ആവാസവ്യവസ്ഥയും തകർന്ന പ്രത്യേക പരിഗണനവേണ്ട  സംസ്ഥാനമാണ്. പ്രകൃതി സൗഹൃദമായും വികസനോന്മുഖമായും മുന്നോട്ടു കൊണ്ടുപോകേണ്ട  നിർണ്ണായക ബാധ്യതയാണ് സംസ്ഥാന സർക്കാരിന്റേത്. 
പ്രളയംകൊണ്ട് സംസ്ഥാനത്തിനുണ്ടായ നഷ്ടം 31,000 കോടി രൂപയാണെന്ന് അന്താരാഷ്ട്ര ഏജൻസികൾ കണക്കാക്കുന്നു. ഇതിലേക്ക് കേന്ദ്രസർക്കാർ ആകെ നൽകിയത് 3000 കോടിരൂപ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും വിദേശത്തുനിന്നും ലഭിച്ചത് 3229 കോടിരൂപ. ഇതിൽനിന്ന് അടിയന്തര പ്രളയാനന്തര കാര്യങ്ങൾക്ക് ചെലവഴിച്ചത് 1733 കോടി രൂപ. 
പ്രളയം വിഴുങ്ങിയതിന്റെ ആഘാതത്തിലും ഉത്ക്കണ്ഠയിലും കഴിയുന്ന സംസ്ഥാനത്തെ ജനങ്ങളിൽനിന്ന് വിലകൾക്ക് ഒരുശതമാനം സെസ് ചുമത്തി വരുമാനം കണ്ടെത്താനാണ് ബജറ്റിലെ നിർദ്ദേശം. പ്രളയക്കെടുതി പേറുന്ന ജനങ്ങൾ വാങ്ങുന്ന അത്യാവശ്യ വസ്തുക്കൾക്ക് ഒരുശതമാനം സെസ് കൊടുക്കുക, അതിന്റെ പേരിൽ സംസ്ഥാനത്താകെ ഉയരാൻ പോകുന്ന വിലക്കയറ്റത്തിന്റെ മറ്റൊരു പ്രളയം. അതാണ് വരാൻപോകുന്നത്. 
സംസ്ഥാനം അതിഗുരുതരമായ ധനപ്രതിസന്ധിയിലാണെന്നും ധനസ്ഥിതി മെച്ചമാക്കാനോ വരുമാനം വർദ്ധിപ്പിക്കാനോ കഴിഞ്ഞില്ലെന്നും പറയുന്ന ധനമന്ത്രിയാണ് ധനക്കമ്മി 3 ശതമാനമായും റവന്യൂകമ്മി 1 ശതമാനമായും കുറയ്ക്കാൻ ലക്ഷ്യമിടുന്നത്. ജി.എസ്.ടി വരുമാനം നിലവിലെ 10 ശതമാനത്തിൽനിന്ന് ഉയർത്തി 30 ശതമാനമാക്കുമെന്ന് പറയുന്നത്.  നോൺ പ്ലാൻ റവന്യൂ ചെലവുകൾ വെട്ടിക്കുറയ്ക്കാൻ ആവില്ലെന്നും പറയുന്നു. 11,866 കോടി നികുതി കുടിശിക ഉണ്ടായിരുന്നെന്ന് കഴിഞ്ഞ ബജറ്റിൽ പറഞ്ഞത് പിരിക്കാനാകാതെ ജനങ്ങളെ വീണ്ടും പിഴിയുന്നത്.  ഈ വൈരുദ്ധ്യങ്ങൾ കാണാതെ എൽ.ഡി.എഫ് ഗവണ്മെന്റിന്റെ ബജറ്റിനെയും സമീപിക്കാനാവില്ല. 
42 ലക്ഷം കുടുംബങ്ങൾക്ക് സഹായം ലഭിക്കുന്ന ആരോഗ്യ സുരക്ഷാ പദ്ധതി, രണ്ടാം കുട്ടനാട് പാക്കേജ്,  ഇടുക്കിയിലും വയനാട്ടിലും പ്രളയാനന്തര പദ്ധതികൾ, സിയാൽ മാതൃകയിൽ കോട്ടയത്ത് റബ്ബർ കമ്പനി ഇവ എടുത്തുപറയേണ്ടതുണ്ട്. 
സ്ത്രീ ശാക്തീകരണത്തിനുള്ള വിഹിതം 4 ശതമാനം ഉയർത്തി 16 ശതമാനമാക്കിയത്, 18 ശതമാനം വരുന്ന വയോജനങ്ങളുടെ സേവനത്തിന് കുടുംബശ്രീയെ നിയോഗിക്കാനുള്ള പദ്ധതി തുടങ്ങി  പഴയതും പുതിയതും ചേർത്തുള്ള പദ്ധതികൾ പ്രഖ്യാപിച്ചത് ബജറ്റിലെ ശ്രദ്ധേയമായ നടപടിയാണ്.  55,000 കോടിരൂപയുടെ ആകാശ റെയിൽപാതകൂടി മുഖ്യമന്ത്രിയുടെ നാട്ടിലൂടെ കടന്നുപോകുന്നുമുണ്ട്. ശബരിമലയിലെ പ്രതിസന്ധിക്ക് 100 കോടിരൂപ ദേവസ്വം ബോർഡിന് നഷ്ടപരിഹാരം. കിഫ്ബിയിലൂടെ 20,000 കോടിയുടെ അടിസ്ഥാന സൗകര്യവികസന പദ്ധതികൾ. 
എന്നാൽ സിയാൽ മാതൃകയിൽ റബ്ബർ കമ്പനി സ്ഥാപിക്കുമെന്നു പറയുകയും അതിൽ സർക്കാർ 26 ശതമാനമംമാത്രം ഓഹരി മുടക്കി ഒരു സ്വകാര്യ ടയർ നിർമ്മാണ കമ്പനിയെ നേതൃപങ്കാളിയാക്കുകയും ചെയ്യുമെന്നുള്ള പ്രഖ്യാപനം കേരളം പരിശോധിക്കേണ്ടിവരും. സിയാലും കണ്ണൂർ വിമാനത്താവളവും സർക്കാറിന് ഭൂരിപക്ഷ ഓഹരികളുള്ള പദ്ധതികളാണെന്നിരിക്കെ. 
ബജറ്റിൽ പൊന്മാനായി അവതരിപ്പിച്ചു കാണുന്നത് സുതാര്യവും ഭരണഘടനാ വിധേയവുമല്ലാത്ത കിഫ്ബി എന്ന സാമ്പത്തിക സഹായ സ്രോതസ്സിനെയാണ്. കേന്ദ്രവിഹിതവും സംസ്ഥാന സമാഹരണവുമില്ലാതെ നവകേരളസൃഷ്ടി എന്ന ലക്ഷ്യം കിഫ്ബി സാക്ഷാത്ക്കരിക്കുമെന്നത് അവിശ്വസനീയം മാത്രമല്ല ദുരൂഹവുമായി അവശേഷിക്കുന്നു.  ലോകബാങ്കിൽനിന്നോ ഐ.എം.എഫിൽനിന്നോ സഹായം സ്വപ്‌നം കാണുന്നുണ്ടെന്ന് സംശയിച്ചാൽ തെറ്റില്ല. നരേന്ദ്രമോഡി ഗവണ്മെന്റിന്റെയും പിണറായി ഗവണ്മെന്റിന്റെയും സാമ്പത്തിക-നയ രാഷ്ട്രീയം ഒന്നാണെന്ന് ആത്യന്തികമായി രണ്ടു ബജറ്റും വ്യക്തമാക്കുന്നു.

Latest News