Sorry, you need to enable JavaScript to visit this website.

അവകാശവാദങ്ങളുടെ പുകമറ സൃഷ്ടിച്ച ബജറ്റ്

ജനങ്ങളുടെ അറിയാനുള്ള അവകാശത്തെ പൂർണമായും അവഗണിച്ചുകൊണ്ടാണ് പിയൂഷ് ഗോയൽ ബജറ്റ് അവതരിപ്പിച്ചത്. കഴിഞ്ഞ വർഷത്തെ വളർച്ചാനിരക്ക് എത്രയാണെന്ന് അറിയില്ല. കഴിഞ്ഞ വർഷത്തെ ധനക്കമ്മിയും റവന്യൂക്കമ്മിയും എത്രയാണെന്ന് അറിയില്ല. ഇതൊക്കെ അറിയാനുള്ള അവകാശം ജനങ്ങൾക്കുണ്ട്. എല്ലാ വ്യവസ്ഥാപിത സ്ഥാപനങ്ങളെയും സംവിധാനങ്ങളെയും തകർക്കുന്നതിന്റെ ഭാഗമാണിത്. 


ഇന്നലെ കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ അവതരിപ്പിച്ച ബജറ്റ് നൈതികതയുടെ നഗ്‌നമായ ലംഘനമാണ്. 3 മാസത്തിനുള്ളിൽ തെരഞ്ഞെടുപ്പിലേക്ക് പോകുന്ന ഒരു സർക്കാരിന് അടുത്ത ഒരു വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിക്കാൻ അധികാരമില്ല. കൺസോളിഡേറ്റഡ് ഫണ്ടിൽ നിന്ന് പണം ചെലവഴിക്കാൻ പാർലമെന്റിന്റെ അനുമതി തേടാൻ മാത്രമുള്ള അവകാശമാണ് ഈ ഗവൺമെന്റിനുള്ളത്. വോട്ട് ഓൺ അക്കൗണ്ട് അവതരിപ്പിക്കാൻ മാത്രം അധികാരമുള്ള ഒരു സർക്കാർ, ആനുകൂല്യങ്ങളുടെ ഘോഷയാത്രയുമായി ഒരു പൂർണവാർഷിക ബജറ്റാണ് അവതരിപ്പിച്ചത്. രാജ്യത്തെ എല്ലാ സ്ഥാപനങ്ങളെയും സംവിധാനങ്ങളെയും തകർക്കാൻ ശ്രമിക്കുന്ന ഈ സർക്കാർ, വാർഷിക ബജറ്റിനെക്കുറിച്ചുള്ള സങ്കൽപത്തെ തന്നെ തകർത്തിരിക്കുകയാണ്.
 ജനങ്ങളുടെ കണ്ണിൽ നിന്ന് വസ്തുതകൾ മൂടി വെക്കാനുള്ള ശ്രമം പ്രകടമായിരുന്നു. ഇന്നലെ അവതരിപ്പിക്കേണ്ടിയിരുന്ന എക്കണോമിക് സർവ്വേ അവതരിപ്പിച്ചില്ല. സാധാരണ ബജറ്റ് പ്രസംഗം തുടങ്ങുമ്പോൾ, കഴിഞ്ഞ വർഷത്തെ വളർച്ചാനിരക്ക് എത്രയായിരുന്നു, കഴിഞ്ഞ വർഷത്തെ മൂലധന രൂപീകരണത്തിന്റെ നിരക്ക് എത്രയായിരുന്നു, കഴിഞ്ഞ വർഷത്തെ നിക്ഷേപം എത്രയായിരുന്നു തുടങ്ങി കാര്യങ്ങൾ വ്യക്തമാക്കാറുണ്ട്. അങ്ങനെ യാതൊന്നും ഇത്തവണയുണ്ടായില്ല. ആകെ പറഞ്ഞത് കഴിഞ്ഞവർഷം പണപ്പെരുപ്പം 4.6 ശതമാനമായി കുറഞ്ഞു എന്ന് മാത്രമാണ്. ഇവിടെ സാമാന്യജനങ്ങളുടെ വാങ്ങൽശേഷി അഥവാ ചോദനശേഷി കുറഞ്ഞതുകൊണ്ടാണ് പണപ്പെരുപ്പം കുറഞ്ഞത്. ഗ്രാമീണമേഖലയിൽ മാത്രമല്ല, മൊത്തത്തിൽ സാമാന്യജനങ്ങളുടെ വരുമാനത്തിൽ വലിയ ഇടിവുണ്ടായി. തൊഴിലില്ലായ്മ വലിയ തോതിൽ കൂടി, തൊഴിലില്ലായ്മ കൂടുകയും ജനങ്ങളുടെ വരുമാനം കുറയുകയും ചെയ്തതുമൂലം പണപ്പെരുപ്പനിരക്ക് കുറഞ്ഞതും നേട്ടമായിട്ടാണ് ഈ ബജറ്റിൽ അവതരിപ്പിക്കുന്നത്.
 സർക്കാരിന്റെ പോസിറ്റീവായ ഇടപെടലിന്റെ ഫലമായല്ല നാണയപ്പെരുപ്പനിരക്ക് കുറഞ്ഞത്. സർക്കാരിന്റെ ഏതു നയത്തിന്റെ ഫലമായാണ് പണപ്പെരുപ്പ നിരക്ക് കുറഞ്ഞത് എന്ന് വ്യക്തമാക്കാൻ ധനമന്ത്രിക്കോ സർക്കാർ പ്രതിനിധികൾക്കോ കഴിയുമോ? അഛേ ദിൻ എന്ന വാക്ക് മാറ്റി നവഭാരതം നിർമ്മിക്കുമെന്ന പുതിയ പ്രയോഗമാണ് ബജറ്റിൽ നടത്തിയിരിക്കുന്നത്. തങ്ങൾ ക്ലീൻബാങ്കിംഗ് നടപ്പാക്കി എന്ന അവകാശവാദം ബജറ്റിൽ ധനമന്ത്രി നടത്തുന്നുണ്ട്. പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് തുടങ്ങിയവയൊക്കെ മറന്നാലും രണ്ട് ദിവസം മുമ്പ് കോബ്രാ പോസ്റ്റ് പുറത്തുകൊണ്ടുവന്ന വൻ ബാങ്കിംഗ് തട്ടിപ്പിനെക്കുറിച്ച് ധനമന്ത്രിക്ക് എന്താണ് പറയാനുള്ളത്? ക്ലീൻ ബാങ്കിംഗ് എന്നു പറയുമ്പോൾ തന്നെ 2.6 ലക്ഷം കോടി രൂപ പൊതുമേഖലാ ബാങ്കുകളുടെ പുനർമൂലധനരൂപീകരണത്തിനു വേണ്ടി മുടക്കിയെന്നും കൂട്ടിച്ചേർക്കുന്നുണ്ട്. പൊതു മേഖലാബാങ്കുകളിൽ പുനർമൂലധന രൂപീകരണം വേണ്ടിവന്നത് കിട്ടാക്കടം പെരുകിയതുകൊണ്ടാണ്. പൊതുമേഖലാ ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തി വർദ്ധിച്ചതിന്റെ ഉത്തരവാദിത്വം പ്രധാനമായും കേന്ദ്ര സർക്കാരിനാണ്. ബാങ്കിംഗ് മേഖലയെ തകർത്തവർ തന്നെയാണ് ക്ലീൻബാങ്കിംഗിനെക്കുറിച്ച് വ്യാജ അവകാശവാദങ്ങൾ ഉന്നയിക്കുന്നത്.
 സ്വച്ഛ്ഭാരത് അഭിയാനെക്കുറിച്ചുള്ള അവകാശവാദമുണ്ട് ബജറ്റിൽ. പരസ്യമായി മലവിസർജ്ജനം നടത്തുന്നതിൽ വലിയ കുറവുണ്ടായെന്നാണ് അവകാശവാദം. 98 ശതമാനം പ്രദേശങ്ങളിൽ കക്കൂസ് നിർമ്മിച്ചു എന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറയുന്നു വസ്തുതകളുടെ പിൻബലവും ആധികാരികതയുമില്ലാത്ത വെറും പ്രഖ്യാപനം മാത്രമാണിത്. മഹാത്മാഗാന്ധിയോടുള്ള ആദരവായാണ് 98% പ്രദേശങ്ങളിൽ കക്കൂസ് നിർമ്മിച്ചതെന്നാണ് പറയുന്നത്. മഹാത്മാഗാന്ധിയെ വെടിവെച്ചു കൊന്നതിൽ തൃപ്തരാകാതെ, അദ്ദേഹത്തിന്റെ കോലമുണ്ടാക്കി വെടിവെച്ചു രസിക്കുന്നവരാണ് ഗാന്ധിജിയെ ആദരിക്കാൻവേണ്ടി കക്കൂസ് കുഴിച്ചു എന്ന കളവ് പറയുന്നത്.
 ചെറുകിട കർഷകർക്ക് പ്രതിവർഷം 6000 രൂപ ബാങ്ക് അക്കൗണ്ട് വഴി നൽകും, അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് പ്രതിമാസം 3000 രൂപ പെൻഷൻ നൽകും, 8 കോടി പാചകവാതകകണക്ഷനുകൾ സൗജന്യമായി നൽകും എന്നീ പ്രഖ്യാപനങ്ങൾ തെരഞ്ഞെടുപ്പ് മുന്നിൽകണ്ടുള്ള വെറും വാഗ്ദാനങ്ങൾ മാത്രമാണ്. 
കർഷകർക്കും പാവപ്പെട്ടവർക്കും കുറഞ്ഞ വരുമാനം ഉറപ്പുവരുത്തേണ്ടത് തുച്ഛമായ തുക അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നൽകിക്കൊണ്ടല്ല. കർഷകർക്ക് കൃഷി ചെയ്യാനും കാർഷിക ഉല്പന്നങ്ങൾക്ക് ന്യായവില ലഭിക്കാനുമുള്ള സാഹചര്യമുണ്ടാകുകയാണ് വേണ്ടത്. ഏറ്റവും കുറഞ്ഞത് 4 അംഗങ്ങളുള്ള ഒരു കർഷകകുടുംബത്തിന് പ്രതിമാസം 500 രൂപ കൊണ്ട് എന്തുചെയ്യാൻ കഴിയും? കിട്ടുന്ന പണം കമ്പോളത്തിൽ കൊണ്ടുപോയി എന്തെങ്കിലും വാങ്ങാൻ മാത്രമേ കഴിയൂ. വാങ്ങൽശേഷി കുറഞ്ഞ കർഷകർക്ക് കിട്ടുന്ന ഈ തുച്ഛമായ പണം കോർപ്പറേറ്റുകളുടെ കയ്യിൽ തന്നെയെത്തും. നേരേ മറിച്ച് കൃഷിക്കാർക്ക് വിത്തും വളവും കാർഷികോല്പന്നങ്ങൾക്ക് ന്യായവിലയും നൽകാനുള്ള ഒരു ശ്രമവും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നില്ല. ഒരു ഹെക്ടറിൽ നിന്ന് കേവലം 14 രൂപ മാത്രം വരുമാനം കിട്ടിയ ഒരു കർഷകർ ആ 14 രൂപ പ്രധാനമന്ത്രിക്ക് മണിയോർഡർ അയച്ച രാജ്യമാണിത്. കർഷകരുടെ ഉല്പാദനച്ചെലവ് കുറയ്ക്കാൻ എന്തു പദ്ധതിയാണ് ബജറ്റിലുള്ളത്? ഉല്പന്നത്തിന് വില കിട്ടാതെ വന്നാൽ കർഷകന് നഷ്ടം വരാതെ ഉല്പന്നങ്ങൾ ഏറ്റെടുക്കാനുള്ള സംവിധാനമുണ്ടാകണം.
 ഈ ബജറ്റിലെ പ്രധാനപ്പെട്ട പ്രഖ്യാപനം ആദായനികുതി പരിധി 5 ലക്ഷമാക്കി വർദ്ധിപ്പിച്ചതാണ്. നേരത്തേ രണ്ടരലക്ഷമായിരുന്നത് നേരേ ഇരട്ടിയാക്കി വർധിപ്പിച്ചു എന്താണ് ഇതിന്റെ സാമ്പത്തികയുക്തി? രണ്ടരലക്ഷം രൂപ എന്ന പരിധി നിശ്ചയിക്കുമ്പോഴുള്ളതിൽ നിന്ന് ആളുകളുടെ വരുമാനത്തിലുണ്ടായ വർദ്ധനവിന്റെ നിരക്ക് എത്രയാണ്? ആ പരിധി നിശ്ചയിക്കുമ്പോഴുള്ള നാണയപ്പെരുപ്പ നിരക്ക് എത്രയായിരുന്നു? എത്രത്തോളം വർധനവാണുണ്ടായത്? ഇങ്ങനെ വ്യക്തമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ആദായനികുതിയിൽ നിന്ന് ഒഴിവാകുന്നതിനുള്ള വരുമാനപരിധി നിശ്ചയിക്കേണ്ടത്. രണ്ടരലക്ഷത്തിൽ നിന്ന് 5 ലക്ഷത്തിലേക്ക് മാറ്റുമ്പോൾ അതിന്റെ സാമ്പത്തിക യുക്തിയെന്താണെന്ന് വിശദീകരിക്കേണ്ടതുണ്ട്. തെരഞ്ഞെടുപ്പ് രാഷ്ട്രീയം മാത്രം മുൻനിർത്തിയാണ് ഈ വർദ്ധനവ്. നികുതിനിരക്കിൽ മാറ്റമില്ല. 5 ലക്ഷം വരെയുള്ളവരെ പൂർണമായും ഒഴിവാക്കിയപ്പോൾ അതിനു മുകളിലുള്ളവരുടെ നികുതിനിരക്ക് പഴയതുപോലെ തുടരുകയാണ്. തീർത്തും അശാസ്ത്രീയമാണ് ഈ സമീപനം. ആദായനികുതി പരിധി കുറച്ചതായി ധനമന്ത്രി പ്രഖ്യാപിച്ചപ്പോൾ, ട്രഷറി ബഞ്ചുകളിൽ നിന്നുയർന്നത്, 'മോഡി, മോഡി' എന്ന ആരവമായിരുന്നു. പ്രധാനമന്ത്രി മോഡി തന്നെ ഡസ്‌കിലടിച്ച് ആ ആർപ്പുവിളിയെ പ്രോത്സാഹിപ്പിക്കുകയായിരുന്നു. ഫാസിസത്തിന്റെ തനിസ്വഭാവമാണ് നമ്മൾ കണ്ടത്.
ജനങ്ങളുടെ അറിയാനുള്ള അവകാശത്തെ പൂർണമായും അവഗണിച്ചുകൊണ്ടാണ് പിയൂഷ് ഗോയൽ ബജറ്റ് അവതരിപ്പിച്ചത്. കഴിഞ്ഞ വർഷത്തെ വളർച്ചാനിരക്ക് എത്രയാണെന്ന് അറിയില്ല. കഴിഞ്ഞ വർഷത്തെ ധനക്കമ്മിയും റവന്യൂക്കമ്മിയും എത്രയാണെന്ന് അറിയില്ല. ഇതൊക്കെ അറിയാനുള്ള അവകാശം ജനങ്ങൾക്കുണ്ട്. എല്ലാ വ്യവസ്ഥാപിത സ്ഥാപനങ്ങളെയും സംവിധാനങ്ങളെയും തകർക്കുന്നതിന്റെ ഭാഗമാണിത്. പ്രതിരോധ ബജറ്റ് 3 ലക്ഷം കോടിയ്ക്ക് മുകളിലായിരിക്കുന്നു. എന്താണ് ഇതിന്റെ ആവശ്യം? മൊത്തത്തിൽ ജനങ്ങൾക്കു മുന്നിൽ വലിയ ഒരു മറ സൃഷ്ടിച്ചുകൊണ്ടാണ് നരേന്ദ്രമോഡി സർക്കാരിന്റെ അവസാന ബജറ്റ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്.

(പ്രമുഖ സാമ്പത്തിക വിദഗ്ധനും തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് എക്കണോമിക്‌സ് വിഭാഗം മുൻ മേധാവിയുമായ ലേഖകൻ ന്യൂ ലെഫ്റ്റ് ക്ലിക്കിനു വേണ്ടി തയാറാക്കിയ അവലോകനം) 

Latest News