ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എല്ലാ പാർട്ടികളിലും സ്ഥാനാർത്ഥി നിർണയ ചർച്ച മുറുകുകയാണല്ലോ. ആ ചർച്ചകളുടെ കാഴ്ചക്കാരും കേൾവിക്കാരും മാത്രമാണ് ജനങ്ങൾ. സാങ്കേതികമായും കീഴ്‌വഴക്കമനുസരിച്ചും അതിൽ തെറ്റില്ല എന്നു വാദിക്കാം. ഞങ്ങളുടെ സ്ഥാനാർത്ഥിയെ ഞങ്ങളാണ് തീരുമാനിക്കുക എന്ന് പാർട്ടികൾക്ക് പറയുകയും ചെയ്യാം. എന്നാൽ ജനാധിപത്യസംവിധാനം വീഴ്ചകൾ പരിഹരിച്ച് മുന്നോട്ടുപോകണമെന്ന് ആഗ്രഹിക്കുന്നവർക്ക് അങ്ങനെ കാണാൻ കഴിയില്ല. ജനാധിപത്യത്തിൽ ജനങ്ങൾക്കുവേണ്ടി നിലനിൽക്കുകയും ഭരിക്കുകയും പ്രതിപക്ഷത്തിരിക്കുകയുമൊക്കെ ചെയ്യുന്ന ഒരു പാർട്ടിയിലും ജനങ്ങൾക്കിടപെടാൻ കഴിയാത്ത ഒന്നും പാടില്ല. ജനങ്ങളോട് മറച്ചുവെക്കേണ്ട ഒന്നും പാടില്ല. ഏതുപാർട്ടിയുടേയും ഏതുവിഷയത്തിലും അഭിപ്രായം പറയാൻ ആർക്കും അവകാശമുണ്ട്. കാരണം ജനാധിപത്യസംവിധാനത്തിൽ പാർട്ടികാര്യവും ജനങ്ങളുടെ കാര്യമാണ്. കുടുംബകാര്യമല്ല. അതിനാൽ തന്നെ ഇത്രയും കാലത്തെ പാർലിമെന്ററി ജനാധിപത്യത്തിന്റെ അനുഭവത്തിൽ ചില നിർദ്ദേശങ്ങളെങ്കിലും മുന്നോട്ടുവെക്കാൻ നാം ബാധ്യസ്ഥരാണ്.
ഇന്ത്യൻ ജനാധിപത്യം നേരിടുന്ന ഒരു പ്രധാന വെല്ലുവിളി അഴിമതിയും കുറ്റകൃത്യങ്ങളുമാണ് അതിനാൽതന്നെ ആദ്യമായി നാം ഉന്നയിക്കേണ്ടത് അഴിമതി കേസുകളിലും മറ്റു കുറ്റകൃത്യങ്ങളിലും പങ്കാളികളായിട്ടുള്ളവരെ സ്ഥാനാർത്ഥികളായി അംഗീകരിക്കില്ല എന്നതായിരിക്കണം. ചിലനിയന്ത്രണങ്ങളൊക്കെ ഇപ്പോൾ തന്നെയുണ്ടെങ്കിലും അത് പൂർണ്ണമായും നടപ്പാക്കണം. മാത്രമല്ല, അഴിമതിക്കാരും കുറ്റവാളികളുമായി രാഷ്ട്രീയപ്രവർത്തകർ മാറുന്നതിന്റെ ഒരു പ്രധാന കാരണം അധികാരത്തിൽ അനന്തമായി തുടരുന്നതാണ്. അതിനാൽതന്നെ പരമാവധി രണ്ടുതവണ മാത്രമേ ഒരാൾ ജനപ്രതിനിധിയാകേണ്ടൂ എന്നു തീരുമാനിക്കണം. പിന്നീടവർ പാർട്ടിയിൽ പ്രവർത്തിക്കട്ടെ. മാത്രമല്ല, രാഷ്ട്രീയം ഉപജീവനമാക്കിയവരെ ഒഴിവാക്കണം. ജനപ്രതിനിധിയാകുന്ന സമയത്ത് അവർക്ക് മാന്യമായ വേതനം നൽകണണെന്നതു ശരി. എന്നാൽ രാഷ്ട്രീയം തന്നെ ഉപജീവനത്തിനുള്ള തൊഴിലായി മാറ്റിയവരെ ഒഴിവാക്കണം. അവരാണ് മിക്കപ്പോഴും അഴിമതിക്കാരാകുന്നത്. മാത്രമല്ല, മറ്റെല്ലാ മേഖലയിലും നിലനിൽക്കുന്ന റിട്ടയർമെന്റ് പോലെ 60 വയസ്സു കഴിഞ്ഞവരെ പരമാവധി മാറ്റി നിർത്തണം. തീർച്ചയായും വൃദ്ധരുടെ പ്രശ്‌നങ്ങളും ജനപ്രതിനിധി സഭയിൽ എത്തണം. അതിനായി വളരെ ചെറിയ ഒരു ശതമാനം അവർക്കായി മാറ്റിവെക്കാവുന്നതാണെന്നു മാത്രം.
നമ്മുടെ ജനാധിപത്യസംവിധാനം നേരിടുന്ന മറ്റൊരു ഗുരുതരമായ പ്രശ്‌നം സാമുദായികസംഘടനകളും വർഗീയ പ്രസ്ഥാനങ്ങളും രാഷ്ട്രീയത്തെ നിയന്ത്രിക്കുന്നതാണല്ലോ. സ്ഥാനാർത്ഥി നിർണ്ണയത്തിൽ നിന്നുതന്നെ അതുതുടങ്ങുന്നു. അതിനാൽതന്നെ ഓരോ മണ്ഡലത്തിലേയും സാമുദായിയ ജനസംഖ്യനോക്കി കൂടുതൽ പേരുള്ള സമുദായത്തിൽ നിന്നുള്ളവരെ മത്സരിപ്പിക്കുന്ന പരിപാടി അവസാനിപ്പിക്കണം. എല്ലാ വിഭാഗങ്ങൾക്കും ആനുപാതിക പ്രാതിനിധ്യമാകാം. പക്ഷെ മണ്ഡലങ്ങൾ മാറികൊണ്ടിരിക്കണം. അതേസമയം ഇത് കാലങ്ങളായി അധികാരത്തിൽ നിന്ന് മാറ്റി നിർത്തപ്പെട്ട വിഭാഗങ്ങൾക്ക് ബാധകമാകരുത്. ദളിത് - ആദിവാസി വിഭാഗങ്ങൾക്കൊക്കെ നിലവിലെ സംവരണം തുടരണം. കൂടാതെ ജനറൽ സീറ്റുകളിലും അവരെ മത്സരിപ്പിക്കണം. 50 ശതമാനം (തുടക്കത്തിൽ മൂന്നിലൊന്നെങ്കിലും) സീറ്റുകളിൽ സ്ത്രീകളെ മത്സരിപ്പിക്കണം.
പ്രസിഡന്റ്ഷ്യൽ ഭരണം നിലനിൽക്കുന്ന അമേരിക്കയിൽ പോലും സ്ഥാനാർത്ഥി നിർണ്ണയത്തിൽ ജനങ്ങൾക്ക് റോളുണ്ട്. അപ്പോൾ അവരേക്കാൾ മികച്ച സംവിധാനം നിലനിൽക്കുന്ന ഇവിടേയും എന്തുകൊണ്ടതായി കൂടാ? മാത്രമല്ല, നമ്മുടെ പാർലിമെന്ററി ജനാധിപത്യത്തിന്റെ ഒരു സവിശേഷത അതിൽ പാർട്ടിക്കും വ്യക്തിക്കും പങ്കുണ്ട് എന്നതാണല്ലോ. പാർട്ടികൾ മത്സരിച്ച് ജയിച്ച് വ്യക്തികളെ തീരുമാനിക്കല്ലല്ലോ. അതാണല്ലോ സ്ഥാനാർത്ഥി മോശമായാൽ ഉറച്ച മണ്ഡലങ്ങളിൽ പോലും തോൽക്കുന്നതും സ്ഥാനാർത്ഥി മികച്ചതാആൽ മോശം മണഅഡലങ്ങളിലും ജയിക്കു്‌നതും ചിലപ്പോഴെങ്കിലും സ്വതന്ത്രർ ജയിക്കുന്നതും. വ്യക്തികളുടെ ഈ പ്രാധാന്യം തിരിച്ചറിഞ്ഞ്, സ്ഥാനാർത്ഥികളെ കുറിച്ചുള്ള അഭിപ്രായം പറയാൻ ജനങ്ങൾക്ക് അവസരം നൽകുകയാണ് പ്രസ്ഥാനങ്ങൾ ചെയ്യേണ്ടത്. ജനാധിപത്യം അതുവഴി കൂടുതൽ ചലനാത്മകമാകുകയേ ഉള്ളു.
അതുപോലെ തന്നെ പ്രധാനമാണ് തിരിച്ചുവിളിക്കാനുള്ള അവകാശവും. ഇപ്പോഴത്തെ അവസ്ഥയിൽ തെരഞ്ഞെടുക്കപ്പെട്ടാൽ 5 വർഷത്തേക്കെങ്കിലും അവരിൽ നേരിട്ടുള്ള അധികാരം ജനങ്ങൾക്കില്ല. അതുണ്ടാകണം. ഏതുനിമിഷവും തങ്ങളുടെ പ്രതിനിധികളെ തിരിച്ചുവിളിക്കാനും ജനങ്ങൾക്ക് അവകാശം ഉണ്ടാകുമ്പോളാണ് ജനാധിപത്യം കൂടുതൽ കരുത്തുറ്റതാകുന്നത്. ജനങ്ങളാണ് തങ്ങളുടെ യജമാനന്മാർ, തിരിച്ചല്ല എന്ന് പ്രതിനിധികൾക്ക് മനസ്സിലാകുന്നത്. തീർച്ചയായും അതെങ്ങനെ നടപ്പാക്കും എന്ന വിഷയം നിലനിൽക്കുന്നുണ്ട്. എന്നാൽ തത്വത്തിലത് അംഗീകരിച്ച് പ്രായോഗികമാക്കാനുള്ള മാർഗ്ഗങ്ങൾ ചർച്ചചെയ്യാനുള്ള സമയം അതിക്രമിച്ചുകഴിഞ്ഞു.
അതുപോലെ തെരഞ്ഞെടുപ്പു പ്രകടന പത്രികയിൽ പറയുന്ന കാര്യങ്ങൾ എത്രമാത്രം നടപ്പാക്കുന്നു എന്നതിന്റെ സോഷ്യൽ ഓഡിറ്റിംഗിനു സംവിധാനം വേണം. തെരഞ്ഞെടുപ്പിനുശേഷം അതെല്ലാം മറക്കുന്ന സ്ഥിരം പരിപാടി അവസാനിക്കണം.
മറ്റൊരു പ്രധാന പ്രശ്‌നം തെരഞ്ഞെടുപ്പു പ്രചാരണത്തിന്റേതാണ്. ആധുനിക സാങ്കേതിക വിദ്യ ഇത്രമാത്രം വികസിച്ചിട്ടും ഏറ്റവും കാലഹരണപ്പെട്ട പ്രചാരണമാർഗ്ഗങ്ങൾ നാം അവസാനിപ്പിക്കുന്നില്ല. ദൃശ്യ - ശ്രവ്യ - അച്ചടി - സാമൂഹ്യ മാധ്യമങ്ങളെല്ലാം ഉപയോഗിക്കുമ്പോഴും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ശക്തിപ്രകടനങ്ങളും ശബ്ദമലിനീകരണവും അന്തരീക്ഷ മലിനീകരണവുമുണ്ടാക്കുന്ന വാഹന അനൗൺസ്‌മെന്റുകളും ഫഌക്‌സ് ബോർഡുകളും അവസാനിപ്പിക്കാൻ ആരും തയ്യാറാകുന്നില്ല. ഇക്കാര്യത്തിൽ അമേരിക്കയിലെ പോലെ, നേരിട്ടുള്ള സംവാദശൈലി ഉപയോഗിക്കാവുന്നതാണ്. ഒരേവേദിയിൽ വന്ന് പറയാനുള്ളത് പറയാവുന്നതാണ്. ജെ എൻ യു പോലുള്ള സർവകലാശാലകളിലും മറ്റും അത്തരം രീതി നിലനിൽക്കുന്നുണ്ടല്ലോ. കാലത്തിനനുസരിച്ച് മാറാനാണ് നാം തയ്യാറാകേണ്ടത്.
ജനാധിപത്യ സംവിധാനത്തിൽ നിരവധി പോരായ്മകൾ ഉണ്ടെന്നത് ശരിയാണ്. പക്ഷെ അതിന്റെ പേരിൽ രാഷ്ട്രീയക്കാർ കള്ളന്മാരാണെന്നും നമുക്ക് രാഷ്ട്രീയത്തിൽ താൽപര്യമില്ലെന്നുമുള്ള ചിന്താഗതി വളരുന്നത് നന്നല്ല. ഒന്നുമല്ലെങ്കിൽ 5 വർഷത്തിലൊരിക്കൽ ജനവിധി തേടുന്നവരാണ് രാഷ്ട്രീയക്കാർ. മറ്റാർക്കും അതുവേണ്ടല്ലോ. അതിനാൽ തന്നെ ഈ അവസരം നാടിന്റെ ഭാഗധേയം നിർണയിക്കുന്നതിനായി ഫലപ്രദമായി ഉപയോഗിക്കണം. ജനങ്ങളുടെ ഇപ്പോഴത്തെ അപകടകരമായ ഈ ചിന്താഗതിക്കു കാരണം തങ്ങളുടെ പ്രവൃത്തികൾ തന്നെയാണെന്ന് രാഷ്ട്രീയക്കാരും തിരിച്ചറിഞ്ഞ് സ്വയം നവീകരണത്തിനു വിധേയരാകണം. ജനാധിപത്യത്തിൽ പ്രവർത്തിക്കുന്ന ഒരു പാർട്ടിക്കു ജനങ്ങളിൽ നിന്ന് ഒന്നും മറച്ചുവെക്കാനില്ല എന്നംഗീകരിക്കണം. വിവരാവകാശ കമ്മീഷന് തങ്ങൾ അതീതരാണെന്ന നിലപാട് മാറ്റണം. പാർട്ടി ഓഫീസുകൾ സുതാര്യമാകണം. പാർട്ടി കമ്മിറ്റി യോഗങ്ങൾ പോലും ലൈവ് ആയി ജനം കാണട്ടെ എന്നു തീരുമാനിക്കാനുള്ള ആർജവം കാണിക്കണം. മിനുട്‌സും വരവു ചെലവുകണക്കുകളും പ്രസിദ്ധീകരിക്കണം. ഇത്തരത്തിൽ സുതാര്യമായ നടപടികൾ സ്വീകരിച്ച് രാഷ്ട്രീയത്തെ കാലത്തിനനുസരിച്ച് അടിമുടി പരിഷ്‌കരിക്കാനാണ് പ്രസ്ഥാനങ്ങൾ തയ്യാറാകേണ്ടത്. അങ്ങനെ മാത്രമാണ് ജനാധിപത്യ സംവിധാനത്തിന് തെറ്റുകൾ തിരുത്തി ഇനിയും മുന്നോട്ടുപോകാനാവൂ. ജനങ്ങളാണല്ലോ അന്തിമ വിധികർത്താക്കൾ.