തായിഫ്- വാഹനാപകടകേസിൽ അൽഖുർമ ജയിലിൽ നാല് വർഷത്തോളം തടവിൽ കഴിഞ്ഞിരുന്ന കൊല്ലം അഞ്ചൽ സ്വദേശി ബിജു ദാമോദരന് (43) ഒടുവിൽ മോചനം. ഏറ്റവും അവസാനമായി രണ്ട് മാസങ്ങൾക്കു മുമ്പ് കോടതിയിൽ ഹാജരാക്കിയ വേളയിൽ സ്‌പോൺസർ ആവശ്യപ്പെട്ട പണം തനിക്ക് നൽകാൻ കഴിയില്ലെന്ന് കോടതിയെ ബോധിപ്പിച്ചിരുന്നു. തുടർ നടപടി എന്നോണം കഴിഞ്ഞ മാസം ആദ്യവാരത്തിൽ കേസ് അവസാനിച്ചതായും മേൽകോടതിയിൽ നിന്നുള്ള ഉത്തരവ് ലഭിച്ചാൽ പുറത്തിറങ്ങാമെന്നും കോടതിയിൽ നിന്നും അറിയിപ്പ് ലഭിച്ചിരുന്നു. മക്ക മേൽകോടതിയിൽ നിന്നും നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ബുധനാഴ്ച വൈകുന്നേരത്തോടെയാണ് ജയിൽ മോചിതനായത്. അൽ ഖൂർമ കെ.എം.സി.സിയുടെ സംരക്ഷണത്തിൽ കഴിയുന്ന ബിജുവിന് യാത്രാരേഖകൾ ശരിയായാൽ നാട്ടിലേക്ക് പോകാൻ സാധിക്കുമെന്ന് നിയമ സഹായത്തിന് രംഗത്തുള്ള സി.സി.ഡബ്ല്യൂ പ്രതിനിധിയും കെ.എം.സി.സി നേതാവുമായ മുഹമ്മദ് സാലി പറഞ്ഞു. 2015 മെയ് 12 നാണ് കേസിന് ആസ്പദമായ വാഹനാപകടം നടക്കുന്നത്. ട്രെയിലർ ഡ്രൈവറായ ബിജു ജിദ്ദയിൽനിന്ന് പൊട്ടറ്റോ ചിപ്‌സ് കയറ്റിയ ലോഡുമായി നജ്‌റാനിലേക്ക് പോകുമ്പോഴായിരുന്നു അപകടം. യാത്രാമധ്യേ തായിഫിന് സമീപം അൽ ഖുർമ റാന്നിയ റോഡിൽ എതിരെ ആടുകളെ കയറ്റിവന്ന പിക്കപ്പ് വാനുമായി കൂട്ടിയിടിച്ച് തീപ്പിടിക്കുകയായിരുന്നു. പിക്കപ്പ് വാൻ ഡ്രൈവറായ സ്വദേശി പൗരൻ തൽക്ഷണം മരിച്ചു. വാനിന്റെ പിറകിലുണ്ടായിരുന്ന 15 ഓളം ആടുകളും അഗ്നിയിൽ വെന്തു മരിച്ചു. തീ പടർന്ന് പിടിക്കുന്ന ട്രെയിലറിൽ കുടുങ്ങിക്കിടന്ന ബിജുവിനെ പാക്കിസ്ഥാൻ സ്വദേശി ഡോർ പൊളിച്ച് രക്ഷപ്പെടുത്തുകയായിരുന്നു. അപകടത്തിൽ ട്രെയിലർ പൂർണമായും കത്തി നശിച്ചു. കേസിന്റെ ആദ്യനാളുകളിൽ ബിജുവിനെ കോടതിയിൽ നാല് തവണ ഹാജരാക്കി. മൂന്നാം തവണ ഹാജരാക്കിയപ്പോൾ ഇൻഷുറൻസ് പരിരക്ഷയിൽനിന്ന് സ്വദേശിയുടെയും വാഹനത്തിന്റെയും മറ്റും നഷ്ടപരിഹാരത്തുകയായി നാല് ലക്ഷം റിയാൽ ആശ്രിതർക്ക് നൽകിയതായി കോടതി അറിയിച്ചതായി ബിജു പറഞ്ഞു. മരിച്ച സ്വദേശിയുടെ കുടുംബം ബിജുവിന്റെ ജയിൽ മോചനത്തിന് അനുമതി നൽകിയിരുന്നു. സ്‌പോൺസർ ജയിലിലെത്തി മറ്റു രേഖകൾ കൈമാറിയാൽ മോചിതനാകാമെന്നുമായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ കത്തിനശിച്ച ട്രെയ്‌ലറിന് നഷ്ടപരിഹാരം ലഭിക്കണമെന്നാവശ്യപ്പെട്ട് സ്‌പോൺസർ കോടതിയിൽ കേസ് നൽകിയതാണ് ബിജുവിന്റെ മോചനം അനന്തമായി നീളാൻ കാരണമായത്. ട്രെയ്‌ലറിന് മുഴുവൻ ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്തതിനാൽ നഷ്ടപരിഹാരം കിട്ടിയില്ല.
ഇത് സ്‌പോൺസറുടെ വീഴ്ചയാണ്. മൂന്ന് ലക്ഷം റിയാൽ നഷ്ടപരിഹാരമായി ലഭിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സ്‌പോൺസർ കോടതിയിൽ കേസ് നൽകിയിരുന്നത്. പഴക്കം ചെന്ന ട്രെയിലർ ആയതിനാൽ ഒരു ലക്ഷത്തിന് താഴെ മാത്രമേ വില വരികയുള്ളുവെന്നും ഇത്ര വലിയ തുക ആവശ്യപ്പെട്ടത് അംഗീകരിക്കാൻ സാധിക്കില്ലെന്നും ബിജു കോടതിയിൽ പറഞ്ഞിരുന്നു. ബിജുവിന്റെ മോചനവുമായി ബന്ധപ്പെട്ട് നിരവധി തവണ സർക്കാരിനും ബന്ധപ്പെട്ട വകുപ്പുകൾക്കും അപേക്ഷ നൽകിയിരുന്നു. ഒന്നര വർഷങ്ങൾക്ക് മുമ്പ് കോൺസുലർ സംഘം തായിഫ് സന്ദർശിക്കുന്ന വേളയിൽ സി.സി.ഡബ്ല്യൂ അംഗം മുഹമ്മദ് സാലിഹ് ബിജുവിന്റെ ദുരിതം ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് കോൺസുലർ സംഘം അൽഖുർമ ജയിലിലെത്തി ബിജുവിനെ സന്ദർശിച്ചിരുന്നു. കുടുംബത്തെ കരകയറ്റാൻ മരുപ്പച്ചതേടി സൗദിയിലെത്തി ഒരു വർഷം കഴിയുമ്പോഴാണ് വാഹനാപകട കേസിൽ ബിജു അഴിക്കുള്ളിലായത്. വീടെന്ന സ്വപ്‌നം മോഹിച്ച് ബാങ്കിൽനിന്നും വായ്പയെടുത്ത് വീട് നിർമിച്ചെങ്കിലും ബിജു ജയിലിൽ ആയതോടെ ബാങ്ക് അടവ് മുടങ്ങി. പലിശ ഇനത്തിൽ വലിയൊരു തുക ആയതിനാൽ പണി പൂർത്തിയാകാത്ത വീടും വസ്തുവും വിറ്റ് ബാങ്കിലെ ബാക്കി അടവുകൾ അടച്ചു. ഇതിന്റെ സമീപത്തുള്ള ജീർണിച്ച കെട്ടിടത്തിലാണ് കുടുംബം ഇപ്പോൾ കഴിയുന്നത്. ഏത് നിമിഷവും നിലം പൊത്താൻ സാധ്യതയുള്ള പഴക്കം ചെന്ന കെട്ടിടമാണ്. ബിജു ജയിൽ മോചിതനായ സന്തോഷത്തിലാണ് കുടുംബം. ഭാര്യ: പ്രേമകുമാരി. മക്കൾ: വിവേക് (പത്താം ക്ലാസ്) പ്രണവ്( എട്ടാം ക്ലാസ്).