റിയാദ് - സൗദി അറേബ്യ കഴിഞ്ഞ വർഷം 2.21 ശതമാനം സാമ്പത്തിക വളർച്ച കൈവരിച്ചതായി ഔദ്യോഗിക റിപ്പോർട്ട്. എണ്ണ വില ഉയർന്നതാണ് സാമ്പത്തിക വളർച്ച കൈവരിക്കുന്നതിന് സഹായകമായത്. 2017 ൽ സൗദി സമ്പദ്‌വ്യവസ്ഥ മാന്ദ്യം നേരിട്ടിരുന്നു. കഴിഞ്ഞ വർഷം എണ്ണ മേഖലയിൽ 2.85 ശതമാനവും പെട്രോളിതര മേഖലയിൽ 2.05 ശതമാനവും വളർച്ചയുണ്ടായി. ഈ വർഷം സൗദി അറേബ്യ 2.1 ശതമാനും അടുത്ത കൊല്ലം 2.2 ശതമാനവും സാമ്പത്തിക വളർച്ച കൈവരിക്കുമെന്ന് ലോക ബാങ്ക് റിപ്പോർട്ട് നേരത്തെ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു.
മൂന്നു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന സാമ്പത്തിക വളർച്ചക്കാണ് സൗദി അറേബ്യ കഴിഞ്ഞ കൊല്ലം സാക്ഷ്യം വഹിച്ചത്. 2016 ൽ 1.67 ശതമാനം സാമ്പത്തിക വളർച്ചയാണ് രാജ്യം കൈവരിച്ചത്. എന്നാൽ 2017 ൽ സാമ്പത്തിക വളർച്ച മൈനസ് 0.74 ശതമാനത്തിലേക്ക് കൂപ്പുകുത്തി. കഴിഞ്ഞ വർഷം മൊത്തം ആഭ്യന്തരോൽപാദനം 2.63 ട്രില്യൺ റിയാലായി ഉയർന്നു. 2017 ൽ ഇത് 2.57 ട്രില്യൺ റിയാലായിരുന്നു. കഴിഞ്ഞ കൊല്ലം മൊത്തം ആഭ്യന്തരോൽപാദനത്തിൽ 5,690 കോടി റിയാലിന്റെ വർധനവാണുണ്ടായത്.
എണ്ണ മേഖലയാണ് കഴിഞ്ഞ വർഷം സാമ്പത്തിക വളർച്ചക്ക് ഏറ്റവും വലിയ സംഭവന നൽകിയത്. എണ്ണ മേഖലയിലെ ആകെ ഉൽപാദനം 1.13 ട്രില്യൺ റിയാലായി ഉയർന്നു. 2017 ൽ ഇത് 1.1 ട്രില്യൺ റിയാലായിരുന്നു. എണ്ണ മേഖലയിൽ 3,140 കോടി റിയാലിന്റെ വളർച്ചയാണ് കഴിഞ്ഞ വർഷം രേഖപ്പെടുത്തിയത്. പെട്രോളിതര മേഖലയിലെ ആകെ ആഭ്യന്തരോൽപാദനം കഴിഞ്ഞ വർഷം 1.48 ട്രില്യൺ റിയാലായി ഉയർന്നു. 2017 ൽ ഇത് 1.45 ട്രില്യൺ റിയാലായിരുന്നു. പെട്രോളിതര മേഖലയിലെ ആകെ ആഭ്യന്തരോൽപാദനത്തിൽ കഴിഞ്ഞ വർഷം 2,970 കോടി റിയാലിന്റെ വർധനവുണ്ടായി.
കഴിഞ്ഞ വർഷം പെട്രോൾ ഉൽപാദനം വർധിപ്പിച്ചതും ആഗോള വിപണിയിൽ എണ്ണ വില ഉയർന്നതും സാമ്പത്തിക വളർച്ച കൈവരിക്കുന്നതിന് സഹായിച്ചു. കഴിഞ്ഞ കൊല്ലം എണ്ണയുൽപാദനത്തിൽ മൂന്നര ശതമാനം വർധനവ് സൗദി അറേബ്യ വരുത്തിയിരുന്നു. പ്രതിദിനം ശരാശരി 10.31 ദശലക്ഷം ബാരൽ തോതിലായിരുന്നു കഴിഞ്ഞ വർഷത്തെ എണ്ണയുൽപാദനം. 2017 ൽ ഇത് 9.96 ദശലക്ഷം ബാരലായിരുന്നു. കഴിഞ്ഞ കൊല്ലം എണ്ണ മേഖലയിൽ 2.85 ശതമാനം വളർച്ച രേഖപ്പെടുത്തി. 2017 ൽ എണ്ണ മേഖലാ വളർച്ച മൈനസ് 3.09 ശതമാനമായിരുന്നു. പെട്രോളിതര മേഖല കഴിഞ്ഞ കൊല്ലം 2.05 ശതമാനവും 2017 ൽ 1.26 ശതമാനവും വളർച്ച കൈവരിച്ചു.
2018 ൽ സ്വകാര്യ മേഖല 1.74 ശതമാനം വളർച്ച കൈവരിച്ചു. 2017 ൽ ഇത് 1.5 ശതമാനമായിരുന്നു. സർക്കാർ മേഖല കഴിഞ്ഞ വർഷം 2.79 ശതമാനം വളർച്ചയാണ് നേടിയത്. 2017 ൽ ഇത് 0.71 ശതമാനമായിരുന്നു. കഴിഞ്ഞ വർഷം മൊത്തം ആഭ്യന്തരോൽപാദനത്തിൽ എണ്ണ മേഖലയുടെ പങ്ക് 43.22 ശതമാനമായി ഉയർന്നു. 2017 ൽ ഇത് 42.95 ശതമാനമായിരുന്നു.
എണ്ണയുൽപാദനം കുറയുന്നതിനാൽ ഈ വർഷം സൗദി അറേബ്യയുടെ സാമ്പത്തിക വളർച്ച കുറഞ്ഞേക്കുമെന്നാണ് കരുതുന്നതെന്ന് അബുദാബി കൊമേഴ്‌സ്യൽ ബാങ്കിലെ ചീഫ് ഇക്കണോമിസ്റ്റ് മോണിക്ക മാലിക് പറഞ്ഞു. ഈ സാഹചര്യത്തിൽ പെട്രോളിതര മേഖലയിലും പരിമിതമായ വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. അര ലക്ഷം കോടി ഡോളർ നിക്ഷേപം പ്രതീക്ഷിക്കുന്ന നിയോം പദ്ധതി അടക്കം ഏതാനും വൻകിട പദ്ധതികളിൽ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് വലിയ തോതിൽ മുതൽ മുടക്കും. ഈ പശ്ചാത്തലത്തിൽ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന്റെ നിക്ഷേപ പദ്ധതികൾ എത്രമാത്രം മുന്നോട്ടുപോകുമെന്നതാണ് ഈ വർഷം സൗദി സമ്പദ്‌വ്യവസ്ഥ നേരിടുന്ന പ്രധാന പ്രശ്‌നമെന്നും മോണിക്ക മാലിക് പറഞ്ഞു.