തിരുവനന്തപുരം- മധ്യവേനലവധി കഴിഞ്ഞ് സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ നാളെ തുറക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.വി.മോഹൻകുമാർ അറിയിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങൾ ഹരിതനയം കർശനമായി പാലിക്കണമെന്ന് ഡി.പി.ഐ നിർദ്ദേശം നൽകി.
വിദ്യാലയങ്ങളിൽ ഭക്ഷണവും കുടിവെള്ളവും പ്ലാസ്റ്റിക് പാത്രങ്ങളിൽ കൊണ്ടുവരുന്നത് ഒഴിവാക്കണം. സ്റ്റെയിൻലസ് സ്റ്റീൽ പാത്രങ്ങൾ ഉപയോഗിക്കണം. ഉപയോഗശേഷം വലിച്ചെറിയുന്ന പ്ലാസ്റ്റിക് പേനകളുടെ ഉപയോഗം നിരുത്സാഹപ്പെടുത്തണം. മഷിപ്പേനയോ ദീർഘകാലം ഉപയോഗിക്കാൻ കഴിയുന്ന തരത്തിലുള്ള ബോൾ പോയിന്റ് പേനകളോ ഉപയോഗിക്കണം. പ്ലാസ്റ്റിക്, പേപ്പർ തുടങ്ങിയവ കൊണ്ടുള്ള പാത്രങ്ങളും കപ്പുകളും ഒഴിവാക്കി, കഴുകി വീണ്ടും ഉപയോഗിക്കാൻ കഴിയുന്ന തരത്തിലുള്ള പാത്രങ്ങളും കപ്പുകളും ഉപയോഗിക്കണം. ഫഌക്‌സ് ബോർഡുകൾ, പ്ലാസ്റ്റിക് തോരണങ്ങൾ എന്നിവ പൂർണമായും ഒഴിവാക്കണം. പോസ്റ്ററുകളും ബാനറുകളും തുണിയിലോ പേപ്പറിലോ മാത്രം തയ്യാറാക്കണം.
പ്ലാസ്റ്റിക,് പേപ്പർ എന്നിവ വൃത്തിയാക്കി സൂക്ഷിച്ച് അത് ശേഖരിക്കുന്നവർക്ക് കൈമാറണം.ഹരിതനയത്തിന്റെ ഭാഗമായി ജൈവ മാലിന്യങ്ങൾ, അജൈവ മാലിന്യങ്ങൾ തുടങ്ങിയവ തരംതിരിച്ച് ശേഖരിക്കുക, മഴക്കുഴിയെടുക്കുക, വൃക്ഷത്തൈ നടുക, കമ്പോസ്റ്റ് യൂണിറ്റ് സ്ഥാപിക്കുക, പ്രകൃതി സൗഹൃദ വിദ്യാലയ പരിസരം സൃഷ്ടിക്കുക തുടങ്ങിയ നിർദ്ദേശങ്ങളും എല്ലാ വിദ്യാഭ്യാസ ഓഫീസർമാർക്കും ഹെഡ് മാസ്റ്റർമാർക്കും നൽകിയിട്ടുണ്ട്.