Sorry, you need to enable JavaScript to visit this website.

സംഗീത സാന്ദ്രമാകുന്ന സൗദി അറേബ്യ

ഏതൊരു രാജ്യത്തെയും പൗരന്മാർ ആഗ്രഹിക്കുന്നത് സമാധാന ജീവിതവും ജീവിതം ആസ്വാദ്യകരമാക്കുന്നതിനുള്ള സാഹചര്യവുമാണ്.  അതോടൊപ്പം അടിസ്ഥാന സൗകര്യ വികസനവും തൊഴിൽ സാധ്യതകളും ഉണ്ടാകുമ്പോൾ  അവർ സംതൃപ്തരുമായിരിക്കും. സൗദി അറേബ്യയിലെ ഭരണകർത്താക്കൾ ഇപ്പോൾ ചിന്തിക്കുന്നതും നടപ്പാക്കുന്നതും അതാണ്. രാജ്യം കാത്തു സൂക്ഷിച്ചിരുന്ന സാംസ്‌കാരിക പൈതൃകങ്ങൾക്ക് പോറലേൽക്കാതെ പുതിയൊരു സംസ്‌കാരത്തിന് വിത്തു പാകിയിരിക്കുകയാണ് സൗദി അറേബ്യ.
സംഗീതവും സാംസ്‌കാരിക പരിപാടികളും ഇഷ്ടപ്പെടുന്നവരുടെ നാടാണിവിടം.  പക്ഷേ, അത് പൊതുവേദിയിൽ കണ്ട് ആസ്വദിക്കുന്നതിനുള്ള സാഹചര്യം സൗദിയിൽ ഉണ്ടായിരുന്നില്ല. എന്നാൽ അതിനിപ്പോൾ കാതലായ മാറ്റമാണ് വന്നിരിക്കുന്നത്. 
വിനോദ, സാംസ്‌കാരിക, കായിക  പരിപാടികൾ സൗദിയിലേക്ക് ആകർഷിക്കുന്നതിന് ജനറൽ എന്റർടെയിൻമെന്റ് അതോറിറ്റി  ലോകപ്രശസ്ത കമ്പനികളുമായി ഒപ്പുവെച്ച ധാരണാപത്രങ്ങൾ സൗദിയുടെ മാറുന്ന മുഖത്തെയാണ് കാണിക്കുന്നത്. റസ്‌റ്റോറന്റുകളിലും കോഫി ഷോപ്പുകളിലും ലൈവ് സംഗീത, കോമഡി പരിപാടികളും മാജിക്കും അവതരിപ്പിക്കുന്നതിന് ലൈസൻസ് അനുവദിക്കാനുള്ള ജനറൽ എന്റർടെയിൻമെന്റ് അതോറിറ്റിയുടെ തീരുമാനം കലാസ്വാദകർക്കും സംഗീത പ്രേമികൾക്കും ആഹ്ലാദം പകരുന്നതാണ്. മാത്രമല്ല, ഈ മേഖലയിൽ ഒട്ടേറെ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യും. സ്വദേശികൾക്കെന്ന പോലെ വിദേശികൾക്കും അത് ഗുണകരമായി മാറും. വിനോദങ്ങൾക്കായി മറ്റു രാജ്യങ്ങളിൽ പോയി ലക്ഷങ്ങൾ ചെലവഴിക്കുന്ന പ്രവണത ഇല്ലാതാക്കി അത് രാജ്യത്തിനകത്തു തന്നെ ചെലവഴിക്കപ്പെടാൻ ഇതുപകരിക്കും. രാജ്യത്തെ സാമ്പത്തിക സുസ്ഥിരതക്ക് അത് ഗുണകരമായി മാറുകയും ചെയ്യും. ലോകത്തെ ഏറ്റവും മികച്ച 10 വിനോദ കേന്ദ്രങ്ങളിൽ ഒന്നാക്കി സൗദിയെ മാറ്റുകയാണ് ലക്ഷ്യം. ഇതിനായി ജനറൽ എന്റർടെയിൻമെന്റ് അതോറിറ്റി ലോക പ്രശസ്ത കമ്പനികളായ ഇറ്റലിയുടെ ബാലീഷ്, ജപ്പാൻ കമ്പനിയായ അവെക്‌സ്. ബ്രോഡ്‌വെ എൻറർടെയിൻമെന്റ്, ഇൻവെൻഷൻസ് 1001, സില തുടങ്ങിയ കമ്പനികളുമായി ധാരണാപത്രം ഒപ്പുവെച്ചിട്ടുണ്ട്. 
കഴിഞ്ഞ രണ്ടു വർഷത്തിനിടെ നിരവധി തൽസമയ സംഗീത വിനോദ പരിപാടികൾക്ക് രാജ്യം സാക്ഷ്യം വഹിച്ചിരുന്നു. പ്രശസ്ത അറബ് ഗായകരായ മുഹമ്മദ് അബ്ദു, റാബിഹ് സ്വഗർ, ഇറാഖി സൗദി ഗായകൻ മാജിദ് അൽ മുഹന്ദിസ് എന്നിവരുടെ ലൈവ് പരിപാടികളോടെ 2017 ൽ ആയിരുന്നു അതിനു തുടക്കം. 
കഴിഞ്ഞ മാസം റിയാദിൽ അൽ ദിർഇയ ഇ-പ്രിക്‌സ് മത്സരത്തോടനുബന്ധിച്ച് പാശ്ചാത്യ സംഗീത പ്രതിഭകളുടെ സംഗീത വിരുന്നും സംഘടിപ്പിച്ചിരുന്നു. പ്രഥമ  ഇൻറർനാഷണൽ  ഗോൾഫ്  ടൂർണമെന്റിന്റെ ഭാഗമായി ലോക പ്രശസ്ത അമേരിക്കൻ ഗായിക മരിയ കൈരിയുടെ സംഗീത വിരുന്നും റാബിഗിൽ അരങ്ങേറി. ഗോൾഫ് ടൂർണമെന്റിനിടെ ഡച്ച് ഡാൻസ് ജോക്കി ടീസ്‌റ്റോ, യെമനി  ഇമറാത്തി ഗായിക ബൽകിസ് ഫത്ഹി, ജമൈക്കൻ റാപ് ഗായകൻ സീൻ പോൾ എന്നിവരുടെ സംഗീത പരിപാടികളും ഒരുക്കിയിട്ടുണ്ട്. താമസിയാതെ ഇന്ത്യയിലെ പ്രശസ്ത സംഗീതജ്ഞൻ എ.ആർ. റഹ്മാന്റെ സംഗീത പരിപാടിയും സൗദിയിലെത്തും. 
ലോക പ്രശസ്ത സംഗീത പ്രതിഭകളെയും സാംസ്‌കാരിക നായകരെയും സൗദിയിലേക്ക് ആകർഷിക്കുക മാത്രമല്ല, സൗദിയിലെ പുതിയ തലമുറയെ ഈ രംഗത്തേക്ക് വളർത്തിയെടുക്കുന്നതിനും പുതിയ പദ്ധതികൾ ലക്ഷ്യമിടുന്നു. ഇതിന്റെ ഭാഗമാണ് റിയാദിൽ ആരംഭിക്കുന്ന രാജ്യത്തെ ആദ്യ വയലിൻ ഇൻസ്റ്റിറ്റിയൂട്ട്. ഇതോടൊപ്പം റെക്കോർഡിംഗ് സ്റ്റുഡിയോയും ആരംഭിക്കുന്നുണ്ട്. ഈജിപ്തിലെ പ്രമുഖ വയലിനിസ്റ്റ് മുഹമ്മദ് സുറൂർ ആണ് ഇൻസ്റ്റിറ്റിയൂട്ടിന് നേതൃത്വം നൽകുന്നത്.  ഇൻസ്റ്റിറ്റിയൂട്ടിൽ പ്രവേശനം നേടുന്നതിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഒട്ടേറെ പേർ ഇതിനകം തന്നെ സമീപിച്ചിട്ടുണ്ട്. മക്ക, മദീന ഉൾപ്പെടെ മറ്റിടങ്ങളിലേക്ക് കൂടി ഇത്തരം ഇൻസ്റ്റിറ്റിയൂട്ടുകൾ സ്ഥാപിക്കുന്നതിനുള്ള പദ്ധതികളും ആവിഷ്‌കരിച്ചിരിക്കുകയാണ്.
വിഷൻ 2030 ന്റെ ഭാഗമായി ആസ്വാദനത്തിനായി മറ്റൊരു മേഖലയായി തുറന്നു കൊടുത്തിട്ടുള്ളത് സിനിമയാണ്. 35 വർഷത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ വർഷം ഏപ്രിലിൽ റിയാദിൽ സിനിമാ പ്രദർശനം ആരംഭിച്ചിരുന്നു.  കഴിഞ്ഞ ദിവസം ജിദ്ദയിലും സിനിമ തിയേറ്റർ തുറന്നു. മറ്റിടങ്ങളിലും താമസിയാതെ തിയേറ്ററുകൾ ആരംഭിക്കുന്നതിനുള്ള നടപടികൾ തുടങ്ങി. 2020 നുള്ളിലായി ജിദ്ദയിൽ മാത്രം 65 തിയേറ്ററുകൾ തുറക്കാനാണ് പരിപാടി. 2030 ഓടു കൂടി സിനിമാ മേഖലയിൽ നിന്നു മാത്രം 1.5 ബില്യൺ ഡോളർ വരുമാനമാണ് പ്രതീക്ഷിക്കുന്നത്. പ്രതിവർഷം 35 ദശലക്ഷം ആളുകൾ സിനിമ കാണുവാൻ തിയേറ്ററുകളിൽ എത്തുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. 
കായിക മേഖലയും സമൂല മാറ്റത്തിലാണ്. ലോക പ്രശസ്ത ഫുട്‌ബോൾ ടീമുകളുടെ ഒട്ടേറെ മത്സരങ്ങൾ നടന്നു കഴിഞ്ഞു. ഇതു കാണുന്നതിന് സ്ത്രീകളടക്കം പതിനായിരങ്ങളാണ് സ്റ്റേഡിയങ്ങളിലേക്ക്  ഒഴുകിയെത്തിയത്. അന്താരാഷ്ട്ര കാറോട്ട മൽസരം, ഗോൾഫ് തുടക്കിയ മത്സരങ്ങളും സംഘടിപ്പിച്ചു വരികയാണ്. ഇതു വഴി കായിക പ്രേമികൾക്ക് ആവേശം പകരുക മാത്രമല്ല, വിനോദ സഞ്ചാരികളെ രാജ്യത്തേക്ക് ആകർഷിക്കലും ലക്ഷ്യമാണ്. വിദ്യാലയങ്ങളിൽ കായിക മേഖലക്ക് വൻ പ്രാധാന്യമാണ് നൽകി വരുന്നത്. 
സൗദി അറേബ്യക്ക് അന്യമാണെന്ന് തോന്നിയിരുന്ന കലാ, സാംസ്‌കാരിക, കായിക മേഖലകളിൽ അപ്രതീക്ഷിതമായ മാറ്റങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്.  ഇത് രാജ്യത്തിന്റെ മുഖഛായ മാറ്റുമെന്നു മാത്രമല്ല, രാജ്യത്തിന്റെ സാമ്പത്തിക ശേഷിക്ക് കരുത്തേകുകയും ചെയ്യും.


 

Latest News