കണ്ണൂർ - പഴമയുടെയും പുതുമയുടെയും രുചിക്കൂട്ടുകൾ ചേർത്തുവച്ച് സ്വാദൂറും ഇഫ്താർ വിഭവങ്ങളുമായി കഫേശ്രീ. ജില്ലാ പഞ്ചായത്ത് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ സംരംഭമായ കഫേ ശ്രീയാണ് നോമ്പ് കാലത്തെ വരവേൽക്കുന്നതിന്റെ ഭാഗമായി പ്രത്യേക ഇഫ്താർ കൗണ്ടർ ആരംഭിച്ചിരിക്കുന്നത്.
തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ആദ്യവിൽപന നിർവഹിച്ച് ഇഫ്താർ കൗണ്ടർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ടി.ടി റംല, യു ബാബു ഗോപിനാഥ്, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.
ജൂൺ 24 വരെ എല്ലാ ദിവസവും വൈകിട്ട് നാലു മുതൽ എട്ട് മണി വരെ ഇഫ്താർ കൗണ്ടർ പ്രവർത്തിക്കും. ഉന്നക്കായ, കായിപ്പോള, കാരറ്റ് പോള, ചട്ടിപ്പത്തിരി, നെയ്പ്പത്തിരി, ചിക്കൻ സമൂസ, ഉള്ളിവട, ചിക്കൻ, വെജ് കട്‌ലറ്റുകൾ, ഇലയട, പഴംപൊരി തുടങ്ങിയ വിഭവങ്ങൾക്കു പുറമെ, ചിക്കൻ ബിരിയാണി, ചിക്കൻ 65 തുടങ്ങിയവയും ഇവിടെ ലഭ്യമാണ്. വരും ദിനങ്ങളിൽ കൂടുതൽ ഇനങ്ങൾ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് കഫേ ശ്രീ.