റിയാദ്- അഴിമതി വിരുദ്ധ പോരാട്ടത്തിലൂടെ നാൽപതിനായിരം കോടിയിലേറെ റിയാൽ പൊതുഖജനാവിൽ തിരിച്ചെത്തിക്കുന്നതിന് സാധിച്ചതായി റോയൽ കോർട്ട് പ്രസ്താവനയിൽ പറഞ്ഞു. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ അധ്യക്ഷതയിൽ 2017 നവംബർ നാലിന് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് രൂപീകരിച്ച അഴിമതി വിരുദ്ധ പോരാട്ടത്തിനുള്ള സുപ്രീം കമ്മിറ്റി പ്രവർത്തനം പൂർത്തിയാക്കിയതായി കിരീടാവകാശി രാജാവിന് സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കി.
അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി പതിനഞ്ചു മാസത്തിനിടെ ആകെ 381 പേരെയാണ് വിളിച്ചുവരുത്തിയത്. മുഴുവൻ പ്രതികളുടെയും കേസുകളുമായി ബന്ധപ്പെട്ട ഫയലുകൾ പഠിക്കുന്നത് പൂർത്തിയാക്കുകയും പബ്ലിക് പ്രോസിക്യൂഷന്റെ മേൽനോട്ടത്തിൽ ഇവരുടെ കേസുകളിൽ തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്തു. കുറ്റാരോപണം സമ്മതിച്ച 87 പേരെ അഴിമതിയിലൂടെ സമ്പാദിച്ച പണം പൊതുഖജനാവിൽ തിരിച്ചടയ്ക്കുന്നതിന് ധാരണയുണ്ടാക്കി വിട്ടയച്ചു. അന്വേഷണം പൂർത്തിയാക്കുന്നതിന് 56 പേരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. മറ്റു ക്രിമിനൽ കേസുകൾ കൂടിയുള്ളതിനാൽ ഇവരുമായി ഒത്തുതീർപ്പ് കരാറുകളുണ്ടാക്കുന്നതിന് അറ്റോണി ജനറൽ വിസമ്മതിക്കുകയായിരുന്നു. അഴിമതി നടത്തിയതായി തെളിഞ്ഞിട്ടും അഴിമതി പണം ഖജനാവിൽ തിരിച്ചടയ്ക്കുന്നതിനുള്ള ഒത്തുതീർപ്പ് ധാരണക്ക് വിസമ്മതിച്ചത് എട്ടു പേർ മാത്രമാണ്. ഇവർക്കെതിരായ കേസുകളും തുടർ നടപടികൾക്ക് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.