പുല്‍പള്ളി- കേരള അതിര്‍ത്തിയോടു ചേര്‍ന്നു കര്‍ണാടകയിലെ മച്ചൂരിനു സമീപം ചേമ്പുംകൊല്ലിയില്‍ കടുവയുടെ ആക്രമണത്തില്‍ ആദിവാസി മരിച്ചു. ചേമ്പുംകൊല്ലി കാട്ടുനായ്ക്ക കോളനിയിലെ കുള്ളന്‍ എന്ന കൊഞ്ചനാണ്(50) മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെ വീടിനു സമീപം വയലില്‍ പശുക്കളെ മേയ്ക്കുന്നതിനിടെയാണ് കൊഞ്ചനെ കടുവ ആക്രമിച്ചത്. കഴിഞ്ഞ 28നു രാവിലെയാണ് മച്ചൂരിനടുത്തു ഗുണ്ടറയില്‍ യുവ കര്‍ഷന്‍ ചിന്നപ്പയെ (35) കടുവ കൊന്നത്. ഇതേത്തുടര്‍ന്നു കര്‍ണാടക വനം-വന്യജീവി വകുപ്പ് നിരീക്ഷണവും കാവലും ശക്തമാക്കിയിരിക്കയാണ്. കടുവയുടെ ആക്രമണത്തില്‍ മറ്റൊരു മരണം കൂടി ആയതോടെ പ്രകോപിതരായ നാട്ടുകാര്‍ കടുവയെ കൊല്ലണമെന്നു ആവശ്യപ്പെട്ട് ഇന്നലെ മച്ചൂരിനു സമീപം മാനന്തവാടി-മൈസൂരു പാത ഉപരോധിച്ചു. കഴിഞ്ഞ ദിവസം മച്ചൂരിനു സമീപം കടുവയുടെ മുന്നില്‍പ്പെട്ട നാഗമ്മ എന്ന വീട്ടമ്മ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. മച്ചൂരിലും സമീപങ്ങളിലുമായി ഒരു മാസത്തിനിടെ ഒമ്പത് പശുക്കളെയും 12 ആടുകളെയും കടുവ കൊന്നതായി നാട്ടുകാര്‍ പറഞ്ഞു. ആള്‍പ്പിടിയന്‍ കടുവയുടെ സാന്നിധ്യം ബാവലി, പെരിക്കല്ലൂര്‍, ചാണമംഗലം, മരക്കടവ് തുടങ്ങിയ അതിര്‍ത്തി പ്രദേശങ്ങളിലെ ജനങ്ങളെയും ആശങ്കയിലാക്കി.