തിരുവനന്തപുരം- ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തുനിന്ന് മത്സരിക്കാന്‍ നടന്‍ മോഹന്‍ലാലിനെ പ്രേരിപ്പിച്ചു വരികയാണെന്ന് ബി.ജെ. പി നേതാവ് ഒ. രാജഗോപാല്‍. ബി.ജെ.പി സ്ഥാനാര്‍ഥിയായി ലാല്‍ വരുമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് ഒരു ദേശീയ മാധ്യമത്തോട് രാജഗോപാല്‍ ഇങ്ങനെ പ്രതികരിച്ചത്.
തിരുവനന്തപുരത്തുകാരനായ ലാല്‍ ഞങ്ങളുടെ റഡാറിലുണ്ടെന്നും ഇക്കാര്യം ആവശ്യപ്പെട്ടു നേതാക്കള്‍ ലാലിനെ സമീപിച്ചിരുന്നതായും രാജഗോപാല്‍ പറഞ്ഞു. ലാല്‍ സമ്മതം മൂളിയോ എന്ന കാര്യം അദ്ദേഹം വ്യക്തമാക്കിയില്ല. അനുഭാവപൂര്‍ണമായ നിലപാടാണുള്ളതെന്ന് മാത്രം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി ലാല്‍ ഏതാനും മാസം മുമ്പ് കൂടിക്കാഴ്ച നടത്തിയിരുന്നു. കഴിഞ്ഞദിവസം പത്മഭൂഷണ്‍ പുരസ്കാരം നല്‍കിയും ആദരിച്ചു. എന്നാല്‍ മത്സരിക്കാനില്ലെന്നാണ് ലാല്‍ നേരത്തെ വ്യക്തമാക്കിയത്.