റിയാദ് - മൂന്നു വർഷത്തോളം നീണ്ട ഇടവേളക്കു ശേഷം അനധികൃത സിം കാർഡുകളുടെ വിൽപന രാജ്യത്ത് വീണ്ടും സജീവമാവുന്നു. സിം കാർഡുകളെ ഉപയോക്താക്കളുടെ വിരലടയാളങ്ങളുമായി ബന്ധിപ്പിക്കൽ നിർബന്ധമാക്കുന്ന തീരുമാനം കമ്യൂണിക്കേഷൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി കമ്മീഷൻ (സി.ഐ. ടി.സി) നടപ്പാക്കിയതിനെ തുടർന്നാണ് ഇത്തരം സിം കാർഡ് വിൽപന അപ്രത്യക്ഷമായത്. എന്നാൽ ഇപ്പോൾ മുമ്പത്തെ പോലെ തന്നെ അനധികൃത സിം കാർഡ് വിൽപന മൊബൈൽ ഫോൺ സൂഖുകളിൽ വ്യാപകമായിട്ടുണ്ട്. പരസ്യമായാണ് പലരും ഇത്തരം സിം കാർഡുകൾ വിൽക്കുന്നത്. പ്രമുഖ ടെലികോം കമ്പനികളായ എസ്.ടി.സി, മൊബൈലി, സെയ്ൻ എന്നിവയുടെ സിം കാർഡുകളാണ് തെരുവോരങ്ങളിലും മൊബൈൽ ഫോൺ കടകളിലും വിൽപനക്കുള്ളത്. വഴിവാണിഭക്കാർ മാത്രമല്ല, മൊബൈൽ ഫോൺ കടകളിലെ ജീവനക്കാരും അനധികൃത സിം കാർഡുകൾ വിൽക്കുന്നുണ്ട്. ഇത്തരം സിം കാർഡുകൾ ലഭിക്കുന്നതിന് വിരലടയാളം രജിസ്റ്റർ ചെയ്യുകയോ മറ്റു വിവരങ്ങൾ നൽകുകയോ വേണ്ടതില്ല. നേരത്തെ വിരലടയാളം രജിസ്റ്റർ ചെയ്തവരുടെ പേരിലുള്ള സിം കാർഡുകളാണ് വിൽപനക്കുള്ളതെന്ന് കച്ചവടക്കാർ പറയുന്നു. റീ-എൻട്രി വിസയിലും മറ്റും രാജ്യം വിട്ട വിദേശികൾ, ഗാർഹിക തൊഴിലാളികൾ, അറിയപ്പെടാത്ത സ്വകാര്യ സ്ഥാപനങ്ങൾ എന്നിവർ അടക്കമുള്ളവരുടെ പേരുകളിൽ രജിസ്റ്റർ ചെയ്ത സിം കാർഡുകളാണ് നിയമ വിരുദ്ധമായി വിൽക്കുന്നത്. സൗദി ടെലികോം സിം കാർഡുകൾക്ക് 80 റിയാൽ മുതൽ 100 റിയാൽ വരെയും സെയ്ൻ, മൊബൈലി സിം കാർഡുകൾക്ക് 40 റിയാൽ മുതൽ 70 റിയാൽ വരെയുമാണ് ഈടാക്കുന്നത്. ടെലികോം കമ്പനികളുടെ സെയിൽസ്മാന്മാർ എന്ന് സ്വയം അവകാശപ്പെട്ട് എത്തുന്നവരിൽ നിന്നാണ് തങ്ങൾ സിം കാർഡുകൾ വാങ്ങുന്നതെന്ന് കച്ചവടക്കാർ പറയുന്നു. സെയിൽസ്മാന്മാരുടെ പക്കൽ മറ്റുള്ളവരുടെ പേരിൽ രജിസ്റ്റർ ചെയ്ത സിം കാർഡുകളുടെ വലിയ ശേഖരം തന്നെയുണ്ട്. വ്യത്യസ്ത കാരണങ്ങളാൽ അജ്ഞാത സിം കാർഡുകൾക്ക് സൗദി പൗരന്മാരിൽ നിന്നും വിദേശികളിൽ നിന്നും വലിയ ഡിമാന്റുണ്ടെന്നും കച്ചവടക്കാർ പറയുന്നു.
പ്രീപെയ്ഡ് മൊബൈൽ ഫോൺ സിം കാർഡ് റീചാർജ്, ക്രെഡിറ്റ് ട്രാൻസ്ഫർ സേവനങ്ങളെ നേരത്തെ ഉപയോക്താക്കളുടെ തിരിച്ചറിയൽ കാർഡ് നമ്പറുമായി ബന്ധിപ്പിച്ചിരുന്നു. രാജ്യത്തെ മുഴുവൻ സിം കാർഡുകളും ഉപയോക്താക്കളുടെ വിരലടയാളങ്ങളുമായി ബന്ധിപ്പിച്ചതോടെ ഈ വ്യവസ്ഥ സി.ഐ.ടി.സി പിന്നീട് റദ്ദാക്കുകയായിരുന്നു.