റിയാദ് - സൗദിയിലെ വിവിധ പ്രവിശ്യകളിൽ 50 സിനിമാ തിയേറ്ററുകൾ തുറക്കുന്നതിന് കരാർ. ധനമന്ത്രാലയത്തിനു കീഴിലെ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന്റെ ഉടമസ്ഥതയിലുള്ള സൗദി എന്റർടെയിൻമെന്റ് പ്രോജക്ട്‌സ് കമ്പനി ചെയർമാൻ അബ്ദുല്ല അൽദാവൂദും ഹാമാത് റിയൽ എസ്റ്റേറ്റ് കമ്പനി ഉടമകളായ അസാല ഹോൾഡിംഗ് കമ്പനി സി.ഇ.ഒ ഫുവാദ് അൽറാശിദുമാണ് പങ്കാളിത്ത കരാറിൽ ഒപ്പുവെച്ചത്. 2030 ഓടെ വിവിധ നഗരങ്ങളിലെ ഷോപ്പിംഗ് മാളുകളിൽ 50 എ.എം.സി സിനിമാ തിയേറ്ററുകൾ തുറക്കുന്നതിന് കരാർ ലക്ഷ്യമിടുന്നു. സൗദിയിൽ സിനിമാ തിയേറ്ററുകൾ വ്യാപിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്.
സൗദിയിൽ രണ്ടു വർഷത്തിനുള്ളിൽ 50 ലേറെ തിയേറ്ററുകൾ പ്രവർത്തിപ്പിക്കുന്നതിന് സൗദി എന്റർടെയിൻമെന്റ് പ്രോജക്ട്‌സ് കമ്പനി ശ്രമിക്കുന്നു. സൗദിയിലെ പ്രധാന നഗരങ്ങളിൽ എന്റർടെയിൻമെന്റ് കോംപ്ലക്‌സുകൾ സ്ഥാപിക്കുന്നതിന് സൗദി എന്റർടെയിൻമെന്റ് പ്രോജക്ട്‌സ് കമ്പനിക്ക് പദ്ധതിയുണ്ട്. ഇത്തരത്തിൽ പെട്ട ആദ്യ കോംപ്ലക്‌സ് റിയാദിൽ സ്ഥാപിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. സൗദിയിൽ പ്രോപ്പർട്ടി മാനേജ്‌മെന്റ് മേഖലയിലെ ഏറ്റവും വലിയ കമ്പനിയാണ് ഹാമാത് റിയൽ എസ്റ്റേറ്റ് കമ്പനി. സൗദിയിലെ ഏറ്റവും വലിയ 25 ലേറെ വാണിജ്യ കേന്ദ്രങ്ങളുടെ മാനേജ്‌മെന്റ് നിലവിൽ കമ്പനി വഹിക്കുന്നുണ്ട്.