Sorry, you need to enable JavaScript to visit this website.

ഉടമകള്‍ അറസ്റ്റിലായപ്പോഴും അവരുടെ കമ്പനികളുടെ സംരക്ഷണം സൗദി സര്‍ക്കാര്‍ ഉറപ്പാക്കി

റിയാദ് - അഴിമതി കേസ് പ്രതികളുടെ ഉടമസ്ഥതയിലുള്ള വൻകിട കമ്പനികളുടെ പ്രവർത്തനം അവതാളത്തിലാകാതെ നോക്കുന്നതിന് അഴിമതി വിരുദ്ധ പോരാട്ടത്തിനിടെ സർക്കാർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഇതിന്റെ ഭാഗമായി പാപ്പരാകാതെ നോക്കുന്നതിനും ധനസ്ഥിതി മെച്ചപ്പെടുത്തുന്നതിനും സൗദി ബിൻ ലാദിൻ കമ്പനി സർക്കാർ പുനഃസംഘടിപ്പിച്ചു. സർക്കാർ സഹായം ലഭിച്ച മറ്റൊരു പ്രധാന കമ്പനിയാണ് അൽത്വയ്യാർ. അൽവലീദ് ബിൻ ത്വലാൽ രാജകുമാരൻ ചെയർമാനായ കിംഗ്ഡം ഹോൾഡിംഗ് കമ്പനിക്കും സർക്കാർ പിന്തുണ ലഭിച്ചു. 
അഴിമതി കേസിൽ അറസ്റ്റിലായിട്ടും കമ്പനി ചെയർമാൻ പദവിയിൽ അൽവലീദ് രാജകുമാരൻ തുടർന്നു. കഴിഞ്ഞ വർഷം ആദ്യത്തെ ഒമ്പതു മാസത്തിനിടെ കിംഗ്ഡം ഹോൾഡിംഗ് കമ്പനി 63.4 കോടി റിയാൽ അറ്റാദായം നേടി. 
അഴിമതി വിരുദ്ധ പോരാട്ടം അഴിമതി കേസ് പ്രതികളുടെ ഉടമസ്ഥതയിലുള്ള വൻകിട കമ്പനികളെയും കമ്പനികളുമായി ബന്ധമുള്ളവരെയും ബാധിക്കാതെ നോക്കി അഴിമതി കേസ് പ്രതികളെ ശിക്ഷിക്കുന്നതിനാണ് അഴിമതി വിരുദ്ധ പോരാട്ടത്തിലൂടെ ലക്ഷ്യമിട്ടത്. ദേശീയ സമ്പദ്‌വ്യവസ്ഥ സംരക്ഷിക്കുന്നതിന് ലക്ഷ്യമിട്ടാണ് കമ്പനികളെ ശിക്ഷാ നടപടികളിൽ നിന്ന് മാറ്റിനിർത്തിയത്. 
2017 നവംബർ നാലിന് രാത്രിയാണ് കിരീടാവകാശിയുടെ അധ്യക്ഷതയിൽ അഴിമതി വിരുദ്ധ പോരാട്ടത്തിന് സുപ്രീം കമ്മിറ്റി രൂപീകരിച്ച് രാജാവ് ഉത്തരവിട്ടത്. മണിക്കൂറുകൾക്കകം രാജകുമാരന്മാരും മന്ത്രിമാരും വൻകിട വ്യവസായികളും മുതിർന്ന ഉദ്യോഗസ്ഥരും അടക്കം 200 ലേറെ പേരെ സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തു. 
കിംഗ്ഡം ഹോൾഡിംഗ് കമ്പനി ചെയർമാനും ലോകത്തെ ഏറ്റവും വലിയ ധനാഢ്യരിൽ ഒരാളുമായ അൽവലീദ് ബിൻ ത്വലാൽ രാജകുമാരൻ, മുൻ നാഷണൽ ഗാർഡ് മന്ത്രി മിത്അബ് ബിൻ അബ്ദുല്ല രാജകുമാരൻ, മുൻ റിയാദ് ഗവർണർ തുർക്കി ബിൻ അബ്ദുല്ല രാജകുമാരൻ, മുൻ കാലാവസ്ഥാ നിരീക്ഷണ, പരിസ്ഥിതി സംരക്ഷണ വകുപ്പ് മേധാവി തുർക്കി ബിൻ നാസിർ രാജകുമാരൻ, മുൻ ഡെപ്യൂട്ടി പ്രതിരോധ മന്ത്രി ഫഹദ് ബിൻ അബ്ദുല്ല ബിൻ മുഹമ്മദ് രാജകുമാരൻ, മുൻ റോയൽ കോർട്ട് പ്രസിഡന്റ് ഖാലിദ് അൽതുവൈജിരി, മുൻ റോയൽ കോർട്ട് പ്രോട്ടോകോൾ വിഭാഗം മേധാവി മുഹമ്മദ് അൽതുബൈശി, മുൻ സൗദി അറേബ്യൻ ജനറൽ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി ഗവർണർ അംറ് അൽദബ്ബാഗ്, പൊതുമേഖലാ ടെലികോം കമ്പനിയായ സൗദി ടെലികോം കമ്പനി മുൻ പ്രസിഡന്റ് സൗദ് അൽദുവൈശ്, അറബ് ലോകത്തെ ഏറ്റവും വലിയ വ്യവസായികളിൽ ഒരാളായ ശൈഖ് സ്വാലിഹ് അൽകാമിൽ, മക്കളായ അബ്ദുല്ല, മുഹ്‌യുദ്ദീൻ, എം.ബി.സി ചാനൽ ഗ്രൂപ്പ് ഉടമ അൽവലീദ് അൽഇബ്‌റാഹിം, മുൻ ജിദ്ദ ഗവർണറും മുൻ സാമ്പത്തിക, ആസൂത്രണ മന്ത്രിയുമായ ആദിൽ ഫഖീഹ്, മുൻ ധനമന്ത്രി ഡോ. ഇബ്രാഹിം അൽഅസ്സാഫ്, സൗദി ബിൻ ലാദിൻ ഗ്രൂപ്പ് ചെയർമാൻ ബകർ ബിൻ ലാദിൻ, വ്യവസായ പ്രമുഖൻ മുഹമ്മദ് അൽഅമൂദി, മുൻ നാവിക സേനാ മേധാവി അബ്ദുല്ല അൽസുൽത്താൻ, ദേശീയ വിമാന കമ്പനിയായ സൗദിയ മുൻ ഡയറക്ടർ ജനറൽ എൻജിനീയർ ഖാലിദ് അൽമുൽഹിം എന്നിവർ അടക്കമുള്ളവരെയാണ് അറസ്റ്റ് ചെയ്തിരുന്നത്. പ്രതികളുടെ രണ്ടായിരത്തിലേറെ അക്കൗണ്ടുകൾ മരവിപ്പിപ്പിക്കുകയും ചെയ്തിരുന്നു.
 

Latest News