തൃശൂര്‍- ഹിന്ദു മഹാസഭാ നേതാവ് മഹാത്മാഗാന്ധിയെ പ്രതീകാത്മകമായി വീണ്ടും വെടിവെന്നു കൊന്ന സംഭവത്തില്‍ പ്രതിഷേധിച്ച് ഗോഡ്‌സെയെ തൂക്കിലേറ്റി കെ.എസ്.യു പ്രവര്‍ത്തകര്‍. തൃശൂര്‍ അയ്യന്തോളില്‍ കലക്ടറേറ്റിന് മുന്നില്‍ വെച്ചായിരുന്നു കെ.എസ്.യുവിന്റെ പ്രതിഷേധം.കെ.എസ്.യു ജില്ലാ കമ്മിറ്റിയാണ് പ്രതിഷേധ പരിപാടി നടത്തിയത്.
കലക്ടറേറ്റിന് മുന്നിലേക്ക് ഗോഡ്‌സെയുടെ കോലവുമായി പ്രകടനമായി എത്തിയ ശേഷമായിരുന്നു പ്രതീകാത്മക തൂക്കിലേറ്റല്‍ നടന്നത്. തുടര്‍ന്ന് കോലം കത്തിക്കുകയും ചെയ്തു. ആര്‍.എസ്.എസിനെതിരെ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു. ഗാന്ധി ഘാതകനായ ഗോഡ്‌സെയെ പൂജിക്കുന്നവര്‍ക്കെതിരായ പ്രതിഷേധം തുടരുമെന്ന് കെ.എസ്.യു നേതാക്കള്‍ പറഞ്ഞു.
ഉത്തര്‍പ്രദേശിലെ അലിഗഡിലാണ് ഹിന്ദുമഹാസഭ ഗാന്ധിവധം പുനരാവിഷ്കരിച്ച് രാജ്യത്തെ ഞെട്ടിച്ചത്.