തിരുവനന്തപുരം- 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് സാധാരണ പൊതുതെരഞ്ഞെടുപ്പ് അല്ലെന്നും ഇന്ത്യയുടെ ആത്മാവിനെ വീണ്ടെടുക്കാനുള്ള യുദ്ധത്തിനു തുല്യമാണെന്നും ശശി തരൂര്‍ എംപി. ഇരുട്ടിന്റെ മധ്യത്തില്‍ പ്രകാശം പുനഃസ്ഥാപിക്കാനുള്ള പോരാട്ടമാണ് അതെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്ത് ഒരു സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബ്രിട്ടീഷ് ഭരണകാലത്തെയും ഇന്നത്തെ ഇന്ത്യയും നേരിടുന്ന അന്ധകാരം വ്യത്യസ്തമാണ്. അതിനെ താരതമ്യം ചെയ്യാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
വളരെ ലളിതമായ പശ്ചാത്തലത്തില്‍നിന്നുള്ള ഒരാള്‍ക്ക് രാജ്യത്തിന്റെ പ്രധാനമന്ത്രിപദത്തില്‍ എത്താന്‍ സാധിച്ചുവെന്നതു തന്നെ കാലങ്ങളായി നാം ആര്‍ജിച്ച ജനാധിപത്യമൂല്യങ്ങളുടെ ഫലമായാണ്. പരസ്പരബന്ധിതമായ നിരവധി പ്രശ്‌നങ്ങള്‍ ചേര്‍ന്നാണ് ഇന്നത്തെ ഇന്ത്യയില്‍ അന്ധകാരം സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രിയെ ഭരിക്കുന്ന പാര്‍ട്ടിയായും ഭരിക്കുന്ന പാര്‍ട്ടിയെ ഗവണ്‍മെന്റായും ഗവണ്‍മെന്റിനെ രാജ്യമായുമാണ് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്നത് രാജ്യദ്രോഹമാണെന്നാണ് കരുതപ്പെടുന്നതെന്നും തരൂര്‍ വിമര്‍ശിച്ചു.