കണ്ണൂർ - ചാരക്കേസിൽ കോടതി വിധിച്ച 50 ലക്ഷം രൂപ നഷ്ടപരിഹാരം ഒറ്റ ദിവസത്തിനകം നൽകിയത് അദ്ദേഹം ബ്രാഹ്മണ കുടുംബത്തിൽ ജനിച്ചതു കൊണ്ടാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ്. സംവരണ അട്ടിമറിക്കെതിരെ യൂത്ത് ലീഗ് സംഘടിപ്പിച്ച ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഫിറോസ്.
എട്ട് ആഴ്ചക്കുള്ളിൽ നഷ്ടപരിഹാരമായി 50 ലക്ഷം രൂപ നൽകാനാണ് കോടതി വിധിച്ചിരുന്നത്. എന്നാൽ ഒറ്റദിവസം പോലും കാത്തു നിൽക്കാതെ നമ്പി നാരായണനു പിണറായി തുക കൈമാറി. തീർച്ചയായും ഇത് അദ്ദേഹത്തിനു കിട്ടേണ്ടതു തന്നെയാണ്. എന്നാൽ അദ്ദേഹത്തിനു ലഭിച്ച നീതി ദളിതർക്കും ആദിവാസികൾക്കും കൂടി ഉറപ്പാക്കണം. എന്തേ അവർക്കു മാത്രം നീതി നിഷേധിക്കുന്നുവെന്ന് അന്വേഷിക്കണം. ദളിതർക്കു വേണ്ടി എത്ര കോടതി വിധികൾ ഇതിനു മുമ്പുണ്ടായി. അവയിൽ എത്രയെണ്ണം നടപ്പാക്കിയിട്ടുണ്ടെന്നും ഫിറോസ് ചോദിച്ചു.
വി.പി.ഇ.ഇബ്രാഹിം മാസ്റ്റർ അധ്യക്ഷത വഹിച്ചു. അബ്ദുൽ കരീം ചേലേരി, മിസ്ഹബ് കീഴരിയൂർ, കെ.പി.താഹിർ, ടി.പി.വി.കാസിം തുടങ്ങിയവർ സംസാരിച്ചു. സമീർ പറമ്പത്ത് സ്വാഗതം പറഞ്ഞു. നൂറു കണക്കിനു പ്രവർത്തകർ പങ്കെടുത്തു. മാർച്ച് സമാധാനപരമായിരുന്നു.