- മലയാളം ന്യൂസ് ഇംപാക്ട്
ജിദ്ദ - ആശുപത്രി ബിൽ അടക്കാൻ പണമില്ലാതെ ഒന്നര മാസമായി മക്ക കിംഗ് അബ്ദുൽ അസീസ് ആശുപത്രി മോർച്ചറിയിൽ കിടന്നിരുന്ന കണ്ണൂർ തളിപ്പറമ്പ് പുളിംപറമ്പ് സ്വദേശി ഇസ്മയിൽ കാരയിലിന്റെ (51) മൃതദേഹം ഇന്നലെ ഇശാ നമസ്‌കാരത്തിനു ശേഷം മക്കയിൽ ഖബറടക്കി. ആശുപത്രിയിലെ മുഴുവൻ സാമ്പത്തിക ബാധ്യതകളും ഏറ്റെടുക്കാൻ മക്ക കെ.എം.സി.സി രംഗത്തു വന്നതോടെയാണ് മൃതദേഹം വിട്ടുകിട്ടിയത്. മക്ക കെ.എം.സി.സി പ്രസിഡന്റ് കുഞ്ഞുമോൻ കാക്കിയയാണ് ആശുപത്രിയിലെ സാമ്പത്തിക ബാധ്യതയുടെ ഉത്തരവാദിത്തം ഏറ്റെടുത്തതായി അറിയിച്ചത്. തുടർന്ന് ജനറൽ സെക്രട്ടറി മുജീബ് പൂക്കോട്ടൂർ ആശുപത്രി രേഖകളിൽ ഒപ്പിട്ടു കൊടുത്ത് മൃതദേഹം ഏറ്റുവാങ്ങുകയായിരുന്നു. ഇശാ നമസ്‌കാരത്തിനു ശേഷം നടന്ന ഖബറടക്കത്തിന് മക്ക കെ.എം.സി.സി നേതാക്കൾക്കു പുറമെ നാട്ടുകാരും ബന്ധുക്കളുമായ മുസ്തഫ തളിപ്പറമ്പ്, പി.എം. കബീർ തുടങ്ങിയവരും പങ്കെടുത്തു.
ആശുപത്രി ബിൽ അടക്കാത്തതിനാൽ മലയാളിയുടെ മൃതദേഹം ഒന്നര മാസമായി മോർച്ചറിയിൽ കിടക്കുന്നുവെന്ന മലയാളം ന്യൂസ് വാർത്ത പ്രവാസ ലോകത്ത് ഇന്നലെ ഏറെ ചർച്ചയായിരുന്നു. തുടർന്നായിരുന്നു സാമ്പത്തിക ബാധ്യതകളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ മക്ക കെ.എം.സി.സി തയാറായത്. അൽ അബീർ മെഡിക്കൽ ഗ്രൂപ്പ് അടക്കം മറ്റു ചില സ്ഥാപനങ്ങളും സാമ്പത്തിക ബാധ്യത ഏറ്റെടുക്കാൻ തയാറാണെന്ന് അറിയിച്ച് രംഗത്തു വന്നിരുന്നു. ഇതിനു പുറമെ തങ്ങളെക്കൊണ്ടാവുന്ന സഹായങ്ങൾ ചെയ്യാൻ ഒരുക്കമാണെന്ന് ചില സംഘടനകളും വ്യക്തികളും സന്നദ്ധത അറിയിച്ചിരുന്നു.
കഴിഞ്ഞ മാസം 16ന് ആണ് ഇസ്മയിൽ ആശുപത്രിയിൽ മരിച്ചത്. റിയാദിൽ നിന്നുമെത്തി ഉംറ നിർവഹിച്ച ശേഷം അവശനായി കുഴഞ്ഞുവീണ ഇസ്മയിലിനെ ഡിസംബർ ഒമ്പതിനാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഏഴു ദിവസത്തെ ചികിത്സക്കു ശേഷമായിരുന്നു ഇസ്മയിൽ മരിച്ചത്. ഈ ദിവസങ്ങളിലെ ചികിത്സക്കു വന്ന തുക അടക്കാതെ മൃതദേഹം വിട്ടുനൽകാൻ ആശുപത്രി അധികൃതർ തയാറാവാതെ വന്നതാണ് മൃതദേഹം ഒന്നര മാസം മോർച്ചറിയിൽ കിടക്കാൻ ഇടയാക്കിയത്.
സ്‌പോൺസർ സഹകരിക്കാതിരുന്നതും സാമ്പത്തിക ബാധ്യത ഏറ്റെടുക്കാനുള്ള ശേഷി കുടുംബത്തിന് ഇല്ലാതെ വന്നതും ഖബറടക്കം വൈകിച്ചു. ഇസ്മയിലിന്റെ കൈവശം രേഖകൾ ഒന്നും ഇല്ലാതിരുന്നതിനാൽ ആളെ തിരിച്ചറിയാനും വൈകി. പോലീസ് ഫിംഗർ പ്രിന്റ് പരിശോധിച്ച് സ്‌പോൺസറെ കണ്ടെത്തിയാണ് ആളെ തിരിച്ചറിഞ്ഞത്. വിവരമറിഞ്ഞ് മുജീബ് പൂക്കോട്ടൂർ പ്രശ്‌നത്തിൽ ഇടപെടുകയും സാമ്പത്തിക ബാധ്യതകൾ തീർക്കാൻ പല വാതിലുകൾ മുട്ടുകയും ചെയ്തുവെങ്കിലും ഒന്നും വിജയിച്ചിരുന്നില്ല. തുടർന്നായിരുന്നു മലയാളം ന്യൂസ് ഈ വിവരം പുറത്തുവിട്ടത്.
മൂന്നു വർഷത്തോളമായി റിയാദിൽ ബഖാല നടത്തി വരികയായിരുന്നു ഇസ്മയിൽ. എന്നാൽ ബിസിനസ് മുന്നോട്ടു കൊണ്ടുപോകാനാവില്ലെന്ന് വന്നതോടെ ഏതാനും മാസം മുമ്പ് കടയടച്ച് പലയിടങ്ങളിലായി മാറി താമസിച്ചു വരികയായിരുന്നു. സ്‌പോൺസറുടെ നിസ്സഹകരണവും സാമ്പത്തിക ചൂഷണവുമാണ് ബിസിനസ് പരാജയപ്പെടാനിടയാക്കിയതെന്ന് പറയുന്നു. കടയടച്ച് സ്ഥലം വിട്ടതോടെ സ്‌പോൺസർ ഇദ്ദേഹത്തെ ഹുറൂബാക്കി. ഷുഗറും പ്രഷറും മൂലം ശാരീരിക പ്രയാസങ്ങളും ഇസ്മയിലിനുണ്ടായിരുന്നു. ഉംറ നിർവഹിച്ച ശേഷം എങ്ങനെയെങ്കിലും നാട്ടിലെത്തണമെന്ന മോഹത്തോടെയായിരുന്നു മക്കയിലെത്തിയത്. എന്നാൽ മോഹം ബാക്കിയാക്കി ഈ ലോകത്തോട് വിടപറയുകയായിരുന്നു.
നേരത്തെ യു.എ.ഇയിൽ ജോലി ചെയ്തിരുന്ന ഇസ്മയിൽ സാമ്പത്തിക ബാധ്യതകളാലാണ് വീണ്ടും പ്രവാസിയായത്. ഒരു ബന്ധുവിന്റെ സഹായത്തോടെ ലഭിച്ച വിസയിലെത്തിയാണ് റിയാദിൽ ബഖാല തുടങ്ങിയത്.